വെയിക് ഫീൽഡ്: മെയ് 16 ണ് കോവിഡ്-19 ബാധിച്ചു മരിച്ച സ്റ്റാൻലി സിറിയക്കിന് യുകെ മലയാളികളുടെ യാത്രയപ്പ്. ബന്ധുക്കളുടെയും ഉടയവരുടെയും വികാര നിർഭരമായ രംഗങ്ങളോടെ ആണ് സ്റ്റാൻലിയുടെ മരണാന്തര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. യോർക്ഷയറിൽ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. മുൻ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാർപ്പിൻസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മരണാനന്തര ശുശ്രുഷകൾ ആരംഭിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് മൃതസംസ്ക്കാരച്ചടങ്ങുകൾ തുടങ്ങിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഫ്യൂണറൽ സർവീസ് സെന്ററിൽ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്.

മൃതസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലീഡ്‌സ് സീറോ മലബാർ ഇടവകയുടെ വികാരി ഫാദർ മാത്യു മുളയോളിൽ ആണ്. എല്ലാ കാര്യങ്ങളിലും മുഴുസമയ സഹായഹസ്തവുമായി ലീഡ്‌സ് പള്ളി ട്രസ്റ്റികളും ലോക്കൽ അസോസിയേഷൻ ഭാരവാഹികളും മുൻനിരയിൽ ഉണ്ടായിരുന്നു. മരണത്തെ തടയാൻ നമുക്ക് സാധിക്കില്ല എങ്കിലും അതിന്റെ ആഘാതത്തിൽ പെടുന്ന ഒരു കുടുംബത്തിനെ എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങി നിർത്താം എന്ന് കാണിച്ചു തരികയായിരുന്നു ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം.

ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറൽ സർവീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്‌ത്‌ 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തിച്ചേർന്നത്. ഉടൻ തന്നെ ശവസംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്‌തു ഫാദർ മാത്യു മുളയോളിൽ. വളരെ വലിയ പാർക്കിങ് സ്ഥല സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കൾ കൂടി സെമിട്രിയിൽ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാൻലിക്ക് അന്ത്യഞ്ജലി അർപ്പിക്കുവാൻ അവർക്കു അവസരം ലഭിക്കുകയും ചെയ്‌തു.സ്റ്റാൻലിയുടെ സഹോദരിമാരായ ജിൻസി സിറിയക് (ഡെർബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓൺ ട്രെൻഡ്) എന്നിവർ ഭർത്താക്കൻമ്മാർക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ യുകെയിലെ കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.

വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. സ്റ്റാൻലിക്കും ഭാര്യ മിനിമോൾക്കും ഒരേ സമയമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഒരുപിടി മലയാളികൾ മരണത്തിന് കീഴടങ്ങിയ വാർത്ത അറിഞ്ഞിരുന്ന സ്റ്റാൻലി രോഗാരുതനെങ്കിലും തന്റെ ഭാര്യ മിനിയെ ആശുപത്രിയിലേക്ക് അയച്ചു തന്റെ മക്കളുടെ അമ്മയോടുള്ള കരുതൽ കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുടുംബം സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ആകെ തുകയാണ് എന്ന് തെളിയിക്കുകയായിരുന്നു. സ്റ്റാൻലി വീട്ടിൽ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികൾക്ക് തുണയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ മിനിയെ ഇതിനോടകം അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു.ദിവസങ്ങൾ കടന്നുപോകവേ സ്റ്റാൻലിയെ വൈറസ് കൂടുതൽ ദുർബലനാക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയാണ് എന്ന തിരിച്ചറിവ് സ്റ്റാൻലി മനസ്സിലാക്കിയതോടെ സുഹൃത്തിന്റെ വീട്ടിൽ കുട്ടികളെ ആക്കി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയും ചെയ്‌തു. വിധി മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാൻലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മെയ് പതിനാറാം തിയതി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. പതിനാലുകാരൻ ആൽവിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് കുട്ടികൾ. 2004 ആണ് മിനി ജോസഫ് യുകെയിൽ എത്തിയത്. വന്നപ്പോൾ ഇപ്‌സ് വിച്ചിലും പിന്നീട് യോർക്ഷയർ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു.

വി സ്‌കോയർ വീഡിയോ സ്ട്രീം ചെയ്ത ദൃശ്യങ്ങൾ കാണാം.

[ot-video][/ot-video]

ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ