ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഹീറ്റിംഗ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് അടിയന്തിര നടപടിയുമായി സർക്കാർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് £53 മില്യൺ സഹായപദ്ധതി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു . ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കാണ് പ്രധാനമായും ഈ സഹായം ലഭിക്കുന്നത്. പ്രാദേശിക കൗൺസിലുകൾ ആയിരിക്കും സഹായം വിതരണം ചെയ്യുന്നത്. ആരെല്ലാം അർഹരാണെന്ന് പ്രാദേശിക കൗൺസിലുകൾ തന്നെ നിശ്ചയിക്കും. ഇംഗ്ലണ്ടിൽ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ക്രൈസിസ് ആൻഡ് റെസിലിയൻസ് ഫണ്ടിലൂടെ പണം വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

യൂറോപ്പിലെ ജെറ്റ് ഇന്ധനവില വർധിച്ചതാണ് ഹീറ്റിംഗ് ഓയിൽ വില ഉയരാൻ പ്രധാന കാരണം എന്ന് വ്യവസായ സംഘടനകൾ പറയുന്നു. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കുവഴി വരുന്ന ഇന്ധനവിതരണം നിലച്ചതോടെയാണ് ജെറ്റ് ഇന്ധനവില ഇരട്ടിയായത്. ഹീറ്റിംഗ് ഓയിൽ ജെറ്റ് ഫ്യൂവലുമായി ബന്ധപ്പെട്ടതിനാൽ അതിന്റെ വിലയും കുത്തനെ ഉയർന്നു. ബ്രിട്ടനിൽ ഏകദേശം 15 ലക്ഷം വീടുകൾ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ നല്ല ഒരു പങ്ക് ഗ്രാമപ്രദേശങ്ങളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ധനവില ഉയർന്നതോടെ ചില കുടുംബങ്ങൾ ചൂടുവെള്ളവും ഹീറ്റിംഗും ഉപയോഗിക്കുന്നത് വളരെ കുറച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . പലരും 500 ലിറ്റർ ഓയിലിന്റെ വില £275ൽ നിന്ന് £800 ആയി ഉയർന്നതായി വിമർശനം ഉന്നയിച്ചിട്ടുണ്ട് . സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും . എന്നാൽ പ്രഖ്യാപിച്ച തുക മതിയാകില്ലെന്നും കൂടുതൽ ശക്തമായ നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.











Leave a Reply