ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രമുഖ ലൈംഗിക ദുരുപയോഗ കേസുകളിൽ ഒന്നായ ഗ്രൂമിംഗ് ഗാങിനെ സംബന്ധിച്ച് വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡ്നോക്കിനെതിരെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. ബേഡ്നോക്കിന്റെ പ്രവർത്തികൾ വെറും എടുത്തുചാട്ടം ആണെന്നും, അതോടൊപ്പം തന്നെ കുട്ടികളുടെ ക്ഷേമത്തിനായുള്ള പുതിയ ബിൽ പരാജയപ്പെടുത്താനുള്ള തീരുമാനം തികച്ചും തെറ്റാണെന്നും സ്റ്റാർമർ കുറ്റപ്പെടുത്തി. എലോൺ മസ്‌ക് ആവർത്തിച്ച് ട്വീറ്റ് ചെയ്തതിന് ശേഷം മാത്രമാണ് ബേഡ്നോക്ക് ഈ വിഷയത്തിൽ താൽപ്പര്യം കാണിച്ചതെന്ന് സ്റ്റാർമർ ആരോപിച്ചു . ഗ്രൂമിങ് ഗാങ്ങിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ വിസമ്മതിക്കുന്നതിലൂടെ കാര്യങ്ങൾ മൂടിവയ്ക്കാൻ ആണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബേഡ്നോക്ക് ആരോപിച്ചിരുന്നു. ഇതേ സമയം, ചൈൽഡ് സേഫ് ഗാർഡിംഗ് ബില്ലിൽ ഗ്രൂമിങ് ഗാങ്ങിനെതിരെ ദേശീയ അന്വേഷണം ഉൾപ്പെടുത്തുന്നതിനായി കൺസർവേറ്റീവുകൾ ഒരു ഭേദഗതി അവതരിപ്പിച്ചു . എന്നാൽ ഇത് മുഴുവൻ ബില്ലിനെയും നശിപ്പിക്കുമെന്ന അഭിപ്രായമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. 2022 ൽ നടന്ന അന്വേഷണത്തിൽ മുഴുവൻ ഇരകളെയും പങ്കെടുപ്പിക്കാൻ സാധിച്ചില്ല എന്നതാണ് പുനരന്വേഷണത്തിന് കൺസർവേറ്റീവ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന കാരണം.
നിരവധി വർഷങ്ങളായി ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു കൂട്ടം ആളുകളെയാണ് ഗ്രൂമിങ് ഗാങ് എന്ന പേരിൽ ബ്രിട്ടനിൽ അറിയപ്പെടുന്നത്. നിരവധി മാധ്യമ ശ്രദ്ധ നേടിയ ഈ കേസിൽ പ്രതികളിൽ ഭൂരിഭാഗവും പാക്കിസ്ഥാനി വംശജരാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ ദിവസം എലോൺ മസ്കാണ് ഗാങിനെതിരായ അന്വേഷണം നടത്തുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്ന് ആരോപിച്ച് ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് അത് ബേഡ്നോക്ക് ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂമിംഗ് സംഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട ചിലരെ ബുധനാഴ്ച മുമ്പ് താൻ കണ്ടിരുന്നുവെന്നും മറ്റൊരു അന്വേഷണത്തിന് പകരം വേഗത്തിലുള്ള നടപടിയെടുക്കണമെന്ന് അവർ തന്നോട് ആവശ്യപ്പെട്ടതായും സ്റ്റാർമർ മറുപടി നൽകി.
Leave a Reply