യുകെ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ എന്‍എച്ച്എസില്‍ നിന്നും അകറ്റുന്നു. ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും രോഗം കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നയം തടസം സൃഷ്ടിക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെയും ഈ നയങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതായി നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് (എന്‍എറ്റി)മാധ്യമങ്ങളോട് പറഞ്ഞു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടിയേറ്റക്കാര്‍ക്ക് ആശുപത്രി സഹായം ലഭ്യമാകുന്നില്ലന്ന് എന്‍എറ്റി വ്യക്തമാക്കി. കരീബിയന്‍ നാടുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.

ശത്രുതാപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ കുടിയേറ്റക്കാരില്‍ മിക്കവരും ചികിത്സ തേടുന്നതിനായി മടിക്കുന്നു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്. ഇവരുടെ ആരോഗ്യത്തെ സര്‍ക്കാര്‍ നയങ്ങള്‍ ഗുരുതരമായി ബാധിക്കുമെന്നും ചാരിറ്റിയുടെ സ്ട്രാറ്റജി ഡയറക്ടര്‍ യൂസഫ് അസദ് ചൂണ്ടികാണിക്കുന്നു. നയപരമായി ഇത്തരം വിലക്കുകള്‍ കാരണം മാരകമായ പല രോഗങ്ങളും കണ്ടെത്താന്‍ കഴിയാതെ വരും. പൊതുജനങ്ങള്‍ക്കിടയില്‍ പടരുന്ന എച്ച്‌ഐവി പോലുള്ള രോഗങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടവയെന്ന് അസദ് പറഞ്ഞു. 1948ല്‍ വെസ്റ്റന്‍ഡീസില്‍ നിന്നും ബ്രിട്ടനിലെത്തിയവരുടെ രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും ഹോം ഓഫീസിനെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

പുതിയ പ്രതിസന്ധിയുടെ മൂല കാരണം 2012ല്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശത്രുതാപരമായ സാഹചര്യം സൃഷ്ടിക്കുന്നതിന് അന്നത്തെ പരിഷ്‌കാരങ്ങള്‍ കാരണമായിട്ടുണ്ട്. നാസി ജര്‍മ്മനി ഓര്‍മ്മപ്പെടുത്തുന്നതാണ് പരിഷ്‌കാരങ്ങളെന്നും മുന്‍ സിവില്‍ സര്‍വീസ് ചീഫ് ലോര്‍ഡ് ക്രേസ്‌ലേക്ക് ആരോപിച്ചു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ലീഗല്‍ ഇമിഗ്രന്‍സ് ഉള്‍പ്പെടെയുള്ളവരുടെ റെസിഡന്‍സി ചെക്ക് നടത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ചികിത്സ തേടിയെത്താന്‍ മടികാണിക്കുന്നതെന്ന് റിപ്പര്‍ട്ടുകള്‍ പറയുന്നു. അതേ സമയം എച്ച്‌ഐവി പോലുള്ള രോഗങ്ങളുടെ നിര്‍ണയം പൂര്‍ണമായും സൗജന്യമാണെന്നും ആര്‍ക്ക് വേണമെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി എന്‍എച്ച്എസിനെ സമീപിക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.