ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് ഭീഷണിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്ത് വന്നു. ഗ്രീൻലാൻഡ് വിഷയത്തെ ആസ്പദമാക്കി യുകെയ്ക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ 10 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനം “പൂർണമായും തെറ്റായ നടപടി”യാണെന്ന് സ്റ്റാർമർ പറഞ്ഞു. വിഷയത്തിൽ ബ്രിട്ടൻ സർക്കാരും പ്രതിപക്ഷ നേതാക്കളും ഒരുമിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഗ്രീൻലാൻഡിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയാണ് നാറ്റോ അംഗങ്ങളായ യുകെ, ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം താരിഫ് ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം നിലനിർത്തുന്ന രാജ്യങ്ങളെയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ജൂൺ 1നകം ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനുള്ള കരാർ ഉണ്ടാകാത്ത പക്ഷം താരിഫ് 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്സ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ “അവ്യക്തമായ ലക്ഷ്യങ്ങളോടെ” ഗ്രീൻലാൻഡിൽ ഇടപെടുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇത് ആഗോള സുരക്ഷയ്ക്കും ലോകത്തിന്റെ നിലനിൽപ്പിനും ഭീഷണിയാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും യൂറോപ്പ്–അമേരിക്ക ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നതുമായ നടപടിയാണിതെന്ന് യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു.











Leave a Reply