ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസം സർ കെയർ സ്റ്റാർമർ സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയം യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിൻെറ ഭാഗമായി വാരാന്ത്യത്തിൽ ഫ്രാൻസിന്റെയും ജർമ്മനിയുടെയും നേതാക്കളുമായും അദ്ദേഹം സംസാരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും പറയുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, പാലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ യുകെ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലേബർ പാർട്ടിയിൽ നിന്നുള്ള 147 പേർ ഉൾപ്പെടെ ആകെ 255 എംപിമാർ അടിയന്തിര അംഗീകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഇതിനോടകം തന്നെ സമാന നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രാൻസ് ഉടൻ തന്നെ പാലസ്തീനെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.