സ്വന്തം ലേഖകൻ

കൊറോണ വൈറസ് ഇന്ത്യയെ കടന്നാക്രമിച്ചത് സാവധാനമാണ്. എന്നാൽ ആദ്യം റിപ്പോർട്ട് ചെയ്ത കേസിന് ശേഷം ആറു മാസം പിന്നിടുമ്പോൾ, ഇന്ത്യ രോഗബാധയിൽ റഷ്യയെയും കടത്തിവെട്ടി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം, അതിൽ ഭൂരിപക്ഷം ജനങ്ങളും തിങ്ങിപ്പാർക്കുന്നത് പട്ടണങ്ങളിൽ, ഗ്ലോബൽ ഹോട്ട്സ്പോട്ട് ആകാനുള്ള സകല സാഹചര്യങ്ങളും ഇന്ത്യയിലുണ്ട്. മരണസംഖ്യയും, ടെസ്റ്റുകളുടെ എണ്ണവും കുറവായതിനാൽ ഇത്രയും നാൾ ഗ്ലോബൽ ഹോട്ട്സ്പോട്ട് എന്ന രീതിയിലേയ്ക്ക് എത്തിയില്ല എന്ന് മാത്രം.

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് 5 കാര്യങ്ങൾ:
1.പതിനായിരക്കണക്കിന് പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്, പകുതി കേസുകളും ജൂണിനു ശേഷം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, അതും വളരെ കർശനമായ ഒരു ലോക് ഡൗണിന് ശേഷം. ജൂലൈ 8 വരെ രാജ്യത്തിന് 7, 42, 417 കേസുകളുണ്ട്. അതേസമയം മൊത്തം ജനസംഖ്യയെ ബാധിക്കുന്ന ഇൻഫെക്ഷൻ റേറ്റ് എത്ര എന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വൈറോളജിസ്റ് ഷാഹിദ് ജമീൽ പറയുന്നു. മെയ്മാസത്തിൽ 26000 ഇന്ത്യക്കാരെ വെച്ച് നടത്തിയ റാൻഡം ടെസ്റ്റിൽ 0.73% പേർക്ക് രോഗബാധ ഉണ്ടെന്ന് കണ്ടെത്തി. മുഴുവൻ ജനസംഖ്യയെയും ടെസ്റ്റിന് വിധേയരാക്കിയാൽ 10 മില്യനോളം വ്യക്തികൾക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ 20 ദിവസം കൂടുമ്പോഴും കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് 13 ന് ശേഷം 10 മില്യനോളം ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും, പകുതിയും ജൂണിനു ശേഷമാണ് നടത്തിയത്.
2. ഇന്ത്യ ആവശ്യത്തിന് ടെസ്റ്റുകൾ നടത്തുന്നില്ല.
ഇന്ത്യയുടെ പ്രതിശീർഷ കേസ് ലോഡ് ഇപ്പോഴും കുറവായി തന്നെ ഇരിക്കുന്നത് ആവശ്യത്തിന് ടെസ്റ്റുകൾ നടത്താത്തത് കൊണ്ടു മാത്രമാണെന്ന് ഡോക്ടർ ജമീൽ പറയുന്നു. എത്രമാത്രം ടെസ്റ്റുകൾ നടത്തപ്പെടുന്നു എന്നതിലല്ല കാര്യം, ആരൊക്കെയാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിലാണ്. അപകടസാധ്യതയുള്ളവർക്കും അവരോട് ബന്ധം പുലർത്തിയവർക്കും മാത്രമേ ഇപ്പോൾ ഇന്ത്യയിൽ ടെസ്റ്റുകൾ നടത്തി വരുന്നുള്ളൂ, എന്നാൽ ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലും വ്യക്തികൾക്ക് രോഗം ബാധിച്ചതായി കാണാം. പല രാജ്യങ്ങളും എത്ര വ്യക്തികളെ പരിശോധനയ്ക്ക് വിധേയരാക്കി എന്നു നോക്കുമ്പോൾ ഇന്ത്യയിൽ എത്ര ടെസ്റ്റുകളാണ് നടത്തപ്പെട്ടത് എന്നാണ് നോക്കുന്നത്. ഒരു വ്യക്തിക്ക് തന്നെ പലതവണ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഏപ്രിലിൽ 3.8 ശതമാനം ആയിരുന്നു പോസിറ്റീവ് കേസുകൾ എങ്കിൽ അത്, ജൂലൈയിൽ 6.4 ശതമാനമാണ്.

3. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
വൈറസ് ബാധിച്ചുണ്ടാകുന്ന മരണസംഖ്യയെക്കാൾ വളരെ കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണം. ടെസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറവാണെങ്കിൽ പോലും, രോഗം ബാധിച്ചാൽ അത് ഭേദമാകുന്ന അവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയുടെ രോഗശമന സൂചിക മികച്ച രീതിയിലാണ്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 60 ശതമാനത്തോളം പൂർണ്ണമായും സുഖം പ്രാപിച്ചവരാണ്, യുഎസിൽ വെറും 27 ശതമാനം മാത്രമാണ് ഇത്.

4. ഇന്ത്യയിലെ മരണസംഖ്യ തീരെക്കുറവാണ്.
ഇന്ത്യയിലാകെ 20,160 മരണങ്ങളാണ് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോടിക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് ഈ സംഖ്യ തീരെ കുറവാണ്. എന്നാൽ മരണ സംഖ്യ കൃത്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നൊരു ആക്ഷേപവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ മരണസംഖ്യ കുറഞ്ഞു തന്നെ നിൽക്കുന്നു.

5. ഓരോ സംസ്ഥാനങ്ങൾക്കും ഓരോ കഥയാണ് പറയാനുള്ളത്.
രാജ്യത്തെ 60 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. വടക്കൻ സംസ്ഥാനങ്ങളായ കർണാടക തെലുങ്കാന എന്നിവിടങ്ങളിലും കേസുകൾ വർദ്ധിച്ചു വരുന്നതായി കാണാം. ഇത്രയും നാൾ കൊറോണ വൈറസിനെതിരെ പ്രതിരോധം കേന്ദ്രവത്കൃതമായിരുന്നു, എന്നാൽ ഓരോ സംസ്ഥാനങ്ങളിലും സ്ഥിതി വിവരകണക്കുകൾ വ്യത്യസ്തമാണ് എന്നിരിക്കെ ഓരോ ജില്ലകളെയും സോണുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് രോഗബാധ നിയന്ത്രിക്കാൻ കുറച്ചു കൂടി എളുപ്പമാകും എന്ന് ഡോക്ടർ രവി അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ രണ്ടാമതൊരു ലോക്ക്ഡൗൺ കൂടി പ്രഖ്യാപിക്കുന്നത് പ്രാവർത്തികമല്ല.