ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഗാസയിലെ മാനുഷിക പ്രതിസന്ധി ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. വെടിനിർത്തലിനുള്ള യുഎസ് ശ്രമങ്ങളെ സർ കെയർ സ്വാഗതം ചെയ്യാനും സമാധാന ചർച്ചകൾ വേഗത്തിൽ ആക്കാനുള്ള സഹായങ്ങൾ നൽകാനും സാധ്യത ഉണ്ട്.
നേരത്തെ ഗാസ നേരിടുന്ന വൻ തോതിലുള്ള ക്ഷാമത്തെ കുറിച്ച് സഹായ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്യാവശ്യ ഭക്ഷണ സാധനങ്ങൾ അടങ്ങിയ സഹായ പാക്കേജുകൾ വിമാനമാർഗം ഇസ്രായേൽ വിതരണം ചെയ്തതായും യുഎഇ, ജോർദാൻ, ഈജിപ്ത് വഴി ചില സഹായങ്ങൾ എത്തുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഗാസ നേരിടുന്ന ക്ഷാമത്തിന് ഇതൊന്നും പര്യാപ്തമല്ലെന്നാണ് ഏജൻസികൾ പറയുന്നത്.
ജോർദാനുമായി സഹകരിച്ച് സഹായം നൽകാനും ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ യുകെയിലേയ്ക്ക് മാറ്റാനും യുകെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സർ കെയർ സ്റ്റാർമർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുകെ പാർലമെന്റ് അവധിയിലാണെങ്കിലും ഗാസ വിഷയത്തിൽ ഒരു മന്ത്രിസഭാ യോഗം ഈ ആഴ്ച നടക്കും. സഹായം വിതരണം ചെയ്യുന്നതിനുള്ള പുതിയ യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സംവിധാനം ആളുകളെ അപകടകരമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാക്കുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജിഎച്ച്എഫ് ആരംഭിച്ചതിനുശേഷം, സഹായം വാങ്ങാൻ ശ്രമിക്കുന്നതിനിടെ 1,000-ത്തിലധികം പേർ മരിച്ചുവെന്ന് യുഎൻ പറയുന്നു.
Leave a Reply