ന്യൂസ് ഡെസ്ക്, മലയാളം യുകെ

2010 ന് ശേഷം യുകെയിലെ ആദ്യത്തെ ലേബർ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാമർ സ്ഥാനമേൽക്കും. പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത അദ്ദേഹം രാജ്യത്തെ പഴയനിലയിലേയ്ക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്‌തു. തിരഞ്ഞെടുപ്പിൽ 412 സീറ്റുകൾ വിജയിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. വൻ വിജയത്തോടെ അധികാരമേൽക്കുന്ന കെയർ സ്റ്റാമറിന് ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ നിരവധി വെല്ലുവിളികളാണ് നേരിടാനുള്ളത്.

അതേസമയം തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് രാജിവെച്ചു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. പാർട്ടിയുടെ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.

സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് ഔദ്യോഗികമായി നിയമിച്ചു. ശനിയാഴ്ച് പുതിയ മന്ത്രിസഭ ആദ്യമായി യോഗം ചേരും. സർവേകളിൽ പ്രവചിച്ച പോലെ തന്നെ കണ്‍സര്‍വേറ്റീവുകള്‍ക്കു കനത്ത തോല്‍വി നേരിടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ആദ്യ ഫലങ്ങള്‍ പുറത്തു വന്നത്. പല മണ്ഡലങ്ങളിലും ടോറികളെ പിന്നിലാക്കി റിഫോം യുകെ രണ്ടാമതെത്തി. 2025 ജനുവരി വരെയായിരുന്നു ഋഷി സുനക് സർക്കാരിന്റെ കാലാവധി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മെയ് 22 – ന് പ്രധാനമന്ത്രി രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.