ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പത്തിന് പിന്നാലെ നിരവധി പെൻഷൻകാർ ജീവിത ചിലവുകൾ തള്ളിനീക്കാൻ പാടുപെടുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ അടുത്ത തിങ്കളാഴ്ച മുതൽ പെൻഷൻ 10.1 ശതമാനം വർധിപ്പിക്കും. ബ്രിട്ടൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർദ്ധനവാണ് ഇത്. പെൻഷൻകാർക്ക് എല്ലാ വർഷവും മാന്യമായ വരുമാന വർദ്ധനവ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ട്രിപ്പിൾ ലോക്ക് സ്റ്റേറ്റ് പെൻഷൻ വാഗ്ദാനത്തിന് പിന്നാലെയാണ് സർക്കാർ പുതിയ വർദ്ധനവ് പ്രഖ്യാപിച്ചത്. പുതിയ പെൻഷൻ പ്രാബല്യത്തിൽ വരുന്നതിനു പിന്നാലെ പ്രതിവർഷം £10,600 ആയി പെൻഷൻ തുക ഉയരും.
2016 ഏപ്രിലിന് മുമ്പ് അടിസ്ഥാന നിരക്കിൽ വിരമിച്ചവർക്ക് ആഴ്ചയിൽ £156.20 അല്ലെങ്കിൽ വർഷം £8,120 ലഭിക്കും. ട്രിപ്പിൾ ലോക്ക് പ്രകാരം പെൻഷൻ നിരക്ക് പ്രതിവർഷം ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന് ആനുപാതികമായി ഉയർത്തണം. കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 10.1 ശതമാനമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വാഗ്ദാനം ലംഘിച്ച് 3.1 ശതമാനം സംസ്ഥാന പെൻഷൻ വർദ്ധന ചുമത്തിയ സർക്കാർ തീരുമാനം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 10.4 ശതമാനമായിരുന്നു, വസന്തകാലത്തും വേനൽക്കാലത്തും ഇത് കുറയുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ മാസം ഇത് ഉയരാൻ സാധ്യത ഉണ്ടെന്ന് ഗവേഷകർ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷവും ട്രിപ്പിൾ ലോക്ക് പ്രതിജ്ഞ വീണ്ടും നിലനിർത്താൻ സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടാകും.