ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോർത്ത് ഗ്രീസിലെ കവാല നഗരത്തിന് സമീപം ചരക്ക് വിമാനം തകർന്നു വീണു. ഉക്രെയ്ൻ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് ശനിയാഴ്ച സെർബിയയിൽ നിന്ന് ജോർദാനിലേക്ക് പറക്കുന്നതിനിടെ തകർന്നത്. വിമാനത്തിൽ എത്രയാത്രക്കാർ ഉണ്ടായിരുന്നുവെന്നോ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെയും വ്യക്തമല്ല. വിമാനത്തിൽ 12 ടൺ സാധനങ്ങൾ ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് സുരക്ഷിതമായുള്ള ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട ഭാരത്തേക്കാൾ കൂടുതലാണ്. എഞ്ചിൻ തകരാർ മൂലം പൈലറ്റ് കവാല വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടെങ്കിലും റൺവേയിൽ എത്താൻ കഴിഞ്ഞില്ല. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് എട്ടു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നിലത്ത് പതിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ വിമാനം കത്തിയെരിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി ഏകദേശം 10:45 ഓടെ വിമാനത്തിൻറെ എൻജിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ വാർത്താമാധ്യമങ്ങളോട് പറഞ്ഞു. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയെങ്കിലും തുടർച്ചയായി ഉണ്ടായ സ്ഫോടനം മൂലം അവർക്ക് സംഭവ സ്ഥലത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ വിമാനത്തിൽ ഉണ്ടായിരുന്ന ചരക്കുകളിൽ സ്‌ഫോഡന സ്വഭാവമുള്ള പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്ന് നിഗമനം. ഗ്രീസിലെ പ്രത്യേക ദുരന്തനിവാരണ വിഭാഗം സംഭവസ്ഥലം പരിശോധിച്ചു വരികയാണ് .