മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്‍റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.
ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.
Leave a Reply