ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.
കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.
സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply