“പഴയകാലമല്ല രക്തബന്ധം തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാ വൈദ്യശാസ്ത്രം പറയുന്നത്. അതിനൊക്കെ തെളിവുമുണ്ട്.അതുകൊണ്ട് ഈ ബന്ധം നടക്കില്ലേ ഏട്ടാ…

“ഭാനുമതി നീയീ കാണിക്കുന്നത് ശരിയല്ല.കുട്ടിക്കാലത്ത് നമ്മൾ പറഞ്ഞുറപ്പിച്ചതാ ഇമയും തനിവും ഒന്നാണെന്ന്. ഇപ്പോഴത് അവരുടെ മനസ്സിൽ വേരുറച്ച് പോയിട്ടുണ്ട്. അവരെ തമ്മിൽ പിരിക്കരുത്”

അമ്മാവന്റെ അപേക്ഷ അമ്മയെ തെല്ലൊന്നും ഇളക്കിയില്ലെന്ന് ഞാൻ വേദനയോടെ കാണുന്നുണ്ടായിരുന്നു…അത്യാവശ്യം സാമ്പത്തികഭദ്രത വന്നതോടെ അമ്മയാളാകെ മാറിയിരിക്കുന്നു….

“അമ്മേ തനിവിനെയും എന്നെയും തമ്മിൽ പിരിക്കരുതേ..നിങ്ങൾ തന്നെയാണ് അവന്റെ സ്വന്തമെന്ന് പറഞ്ഞു പഠിപ്പിച്ചത്.ഇപ്പോൾ പെട്ടന്നിത് മാറ്റിപ്പറയുമ്പോൾ അകലാൻ പറ്റാത്തവിധമടുത്ത രണ്ടു പേരെ നിങ്ങൾ ജീവനോടെ പോസ്റ്റുമാർട്ടം ചെയ്യുകയാണ്..”

“നീ കൂടുതലൊന്നും പറയേണ്ട.ഞാനും നിന്റെ അച്ഛനും നിന്റെ ഭാവി ജീവിതം ഭദ്രമാക്കാനുളള ശ്രമത്തിലാണ്”

അതുകേട്ടെനിക്ക് അമ്മയെ പുച്ഛിക്കാനാണ് തോന്നിയത്….

“ഹും അച്ഛൻ പോലും.താലി കെട്ടിയ ഭർത്താവിനെ ഉപേക്ഷിച്ചു ഭാര്യയുളള മറ്റൊരുത്തനെ വലവീശിപ്പിടിച്ച നിങ്ങളെ ഞാൻ അമ്മേയെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു. കൂടെയുളളവളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് സ്വന്തം മക്കളെയും ഉപേക്ഷിച്ച് അന്യനായായ ഒരുവന്റെ പിതൃത്വം ചുമക്കാൻ ശ്രമിക്കുന്നവനെ ഞാൻ അച്ഛനെന്ന് കരുതാനോ സാദ്ധ്യമല്ല”

“മോളേ നിർത്ത് അമ്മയെ വിഷമിപ്പിക്കരുത്”

അമ്മാവൻ അപ്പോഴും ചിന്തിച്ചത് സഹോദരിയെ മകൾ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചാണ്….

“നീയെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല..ഏട്ടൻ ഇനിയും ഇവിടെ നിൽക്കണമെന്നില്ല”

ഇറങ്ങിപ്പോക്കൂവെന്ന് അമ്മ പറയാതെ പറഞ്ഞു അമ്മാവനോട്.അദ്ദേഹം തല കുമ്പിട്ട് നടന്നത് അകലുന്നതും നോക്കി ഞാൻ നിന്നു….

മൊബൈലിൽ വിളിച്ചു ഞാൻ തനിവിനോട് ഇവിടെ നടന്നതെല്ലാം അറിയിച്ചു. കൂടെയിറങ്ങി വരാമെന്ന് പറഞ്ഞിട്ടും തനിവിനു തണുപ്പൻ മട്ടായിരുന്നു…

“നിന്റെ അമ്മയും അച്ഛനും പറയുന്നത് അനുസരിക്കുക എന്നെ മറന്നേക്കൂ”

ഓർമ്മവെച്ച നാൾ മുതൽ കൂടെ നടന്നവൻ തന്നെയിങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടും മരണത്തിനു പോലും തന്നെ വേണ്ടാ…..

ഇഷ്ടമില്ലാത്ത വിവാഹം കൊല്ലുന്നതിനു സമമാണ്. അമ്മയും രണ്ടാനച്ഛനും കൂടി തങ്ങളുടെ സ്റ്റാറ്റസിനു ചേർന്നൊരു ചെറുപ്പക്കാരനെ എനിക്കായി വിലയിട്ടു നിർത്തി…

ഈ വിവാഹത്തിനു എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടു കൂടി പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു…

ചിലപ്പോൾ എന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചതാകാം അല്ലെങ്കിൽ ലഭിക്കാവുന്ന സ്വത്തുവകകളിലും….

വിവാഹം അടുക്കുന്തോറും എനിക്ക് ടെൻഷനേറി വന്നു…ഒരിക്കൽ കൂടി ഞാൻ തനിവിനെ ഫോൺ ചെയ്തു…

“പ്ലീസ് എനിക്ക് വയ്യ ഇഷ്ടമില്ലാത്തൊരാളുടെ കൂടെ ജീവിക്കാൻ”

എന്നാൽ അയാളുടെ വിവാഹവും ഉറപ്പിച്ചു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.എന്റെ വിവാഹത്തിന്റെ അന്ന് തന്നെ തനിവിന്റെയും വിവാഹം. ഗുരുവായൂർ അമ്പലനടയിൽ …ഏകദേശം എല്ലാം കൂടി ഒരെ സമയം മുഹൂർത്തം….

ഞാൻ ഒരിക്കലും കരുതിയിരുന്നില്ല തനിവിനു ഇങ്ങനെയൊരു മാറ്റാം.വാശി കാണിക്കാനുള്ളതല്ല ജീവിതം….

ചിന്തകൾക്ക് ഒടുവിൽ എന്റെ സർട്ടിഫിക്കറ്റുകളുമായി ഞാൻ നാട് വിട്ടു.. കൂട്ടുകാരിയുടെ സഹായത്തോടെ ദൂരെയുള്ള സ്കൂളിൽ ഞാൻ ടീച്ചർ ജോലി നോക്കി….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാൻ നാടുവിട്ടത് വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി….

“തനിവിന്റെ വീട്ടുകാർ എന്നെ തട്ടിയെടുത്തൂന്ന്”

അമ്മയുടെ ആങ്ങള, എന്നെ അവർക്ക് വേണ്ട പിന്നെയെന്തിനാ അവരെന്നെ തട്ടിയെടുക്കുന്നേ….

പോലീസുകാർക്ക് മുമ്പിൽ ഹാജരായ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല….

“സർ,ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണ്.എന്റെ കാര്യങ്ങൾ നോക്കാനും ചെയ്യാനും എനിക്ക് അറിയാം.അതിനുള്ള അവകാശവും ഉണ്ട്. അതുകൊണ്ട്……”

വാക്കുകൾ ഇടക്ക് നിർത്തി ഞാൻ എസ്സ ഐയെ നോക്കി.അദ്ദേഹത്തിന് കാര്യം മനസ്സിനായത് പോലെ കേസ് തീർപ്പാക്കി എന്നെ പോകാൻ അനുവദിച്ചു….

പിന്നെ വീട്ടുകാരുടെ ശല്യം എനിക്ക് ഉണ്ടായില്ല.ആരുടെയും.പലരുടേയും ഓർമ്മകളിൽ ഞാൻ മരിച്ചിരിക്കും.എന്റെ ഓർമ്മകളിൽ എല്ലാവർക്കും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു….

എന്റെ ക്ലാസിലെ വിദ്യാർത്ഥികൾ എന്റെ മക്കളായി ഞാൻ കരുതി .അവർക്കു ഞാൻ അമ്മയും…

ഒരിക്കൽ എന്റെ ക്ലാസിലെയൊരു പെൺകുട്ടി ചോദിച്ചത് ടീച്ചർക്ക് എന്റെ അമ്മ ആകാമോന്ന്?

അവൾക്ക് എന്നോടുളള സ്നേഹം മനസ്സിലാക്കിയ ഞാൻ ആ മകളുടെ അമ്മയായി.അവളുടെ അച്ഛനു നല്ലൊരു സുഹൃത്തും…..

കാലങ്ങൾ കുറെയേറെ ഓടിമറഞ്ഞു..നാടൊക്കെ കാണാൻ കൊതി തോന്നി…ഞാനും മകളും എന്റെ സഹൃത്തും കൂടി നാട്ടിലേക്ക് പുറപ്പെട്ടു….

രണ്ടാമത്തെ ഭർത്താവ് അമ്മയെ ഉപേക്ഷിച്ചു.. അമ്മയുടെ പഴയ സൗന്ദര്യവും ഉടലഴകും നഷ്ടപ്പെട്ടതോടെ അയാൾ മറുതീരം തേടിയിരുന്നു.ഇപ്പോഴത്തെ എന്റെ അമ്മയുടെ അവസ്ഥയിൽ എനിക്ക് തെല്ലും പരിതാപം തോന്നിയില്ല.. എല്ലാം അവർ തന്നെ വില കൊടുത്തു വാങ്ങിയതാണ്….

നല്ലൊരു ബന്ധം തനിവിനു ലഭിച്ചതോടെ എന്നെ അകറ്റാൻ അമ്മയും അമ്മാവനും തനിവും കൂടി നടത്തിയ നാടകമായിരുന്നു .അമ്മയുടെ തുറന്നു പറച്ചിൽ എന്നെ ഞെട്ടിച്ചില്ല.എന്നെ അവർ വിൽക്കാഞ്ഞതിലെ എനിക്ക് അത്ഭുതമുള്ളൂ….

പിന്നീട് നേരെ പോയത് തനിവിന്റെ അടുത്താണ്. അമ്മാവൻ തളർന്നു കിടപ്പിലാണ്.തനിവിനെ ഭാര്യ ഉപേക്ഷിച്ചു ആരുടെ കൂടെയൊ പോയി.അവനു ജനിച്ച കുഞ്ഞ് ജന്മനാ വികലാംഗ ആയിരുന്നു….

നിന്നെ വേദനിപ്പിച്ചതിനു നീ തന്ന ശാപമാണിതെന്ന് പറഞ്ഞു തനിവ് എന്നിൽ ഭാരമിറക്കാൻ ശ്രമിച്ചു…..

“ശപിക്കാൻ ഞാൻ താപസനോ ദൈവമോ ഒന്നുമില്ല. എല്ലാം നിങ്ങൾ ചോദിച്ചു വാങ്ങിയതാണ് എന്നോടല്ല ഈശ്വരനോട്..ദൈവത്തിന്റെ വികൃതികളാണ് ചിലരുടെ ജനനങ്ങൾ. അതിനു രക്തബന്ധം എന്നൊന്നുമില്ല”

തനിവിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ ആ വീടിന്റെ പടിയിറങ്ങി… മടക്കയാത്രയിൽ എന്റെ തോളോട് ചേർന്നെന്റെ മോളും സ്നേഹത്തിന്റെ കരങ്ങൾ എനിക്ക് ഒരു സുരക്ഷയും നൽകുന്നുണ്ട്…

“വീട്ടിൽ ചെന്നിട്ട് ഏതെങ്കിലും അമ്പലനടയിൽ നിന്നൊരു താലികെട്ട്..നിങ്ങളുടെ കൈകൊണ്ട്”…

ഇത്രയും വർഷം എന്നോട് അനുമതി തേടിയിരുന്ന സ്നേഹിതന്റെ കണ്ണിനു വല്ലാത്തൊരു തിളക്കം….

ഒരുപാട് നാളത്തെ കാത്തിരിപ്പിനു തിരശ്ശീല വീണതിനാലാകും…..

രചന കടപ്പാട് : സുധീ മുട്ടം