സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.