അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങൾ നടക്കുന്ന വേദിയെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജിൽ ഈ വർഷത്തെ’സർഗ്ഗം പൊന്നോണം’ സെപ്തംബർ 17 ന് ഞായറാഴ്ച നടത്തപ്പെടും.
മുഖ്യാതിഥിയായെത്തുന്ന കൗൺസിലർ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ മേയറായിരുന്നു. ഇന്റർ ഫെയ്ത് കോർഡിനേറ്ററും, കൺസർവേറ്റിവ് പാർട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവർത്തകനും, സംരംഭകനുമാണ്.
സ്റ്റീവനേജ് ബോറോ കൗൺസിൽ മേയർ കൗൺസിലർ മൈല ആർസിനോ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സർഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
സെപ്തംബർ രണ്ടു മുതൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇൻഡോർ-ഔട്ഡോർ മത്സരങ്ങളിൽ ഓണപ്പന്ത്, ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതൽ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൗണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങൾ നടക്കുക.
ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങൾ ആണ് ‘കറി വില്ലേജ്’ തൂശനിലയിൽ വിളമ്പുക.
സെപ്തംബർ 17 ന് ബാർക്ലെയ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.
സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ തിരുവോണത്തെയും, കേരള കലകളേയും വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന ‘ലൈവ് കേരള- ലവ് കേരള’യിൽ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
‘സ്റ്റീവനേജ് ഡേ’യിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സ്റ്റീവനേജിന്റെ സൗഹൃദവേദിയിൽ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാൻ ‘സർഗ്ഗം പൊന്നോണം 2023’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദർശ് പീതാംബരൻ (സെക്രട്ടറി)- 07429178994
Venue:
Barclays Academy, Walkern Road, Stevenage, SG1 3RB
Leave a Reply