അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യൂണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം.

നവംബര്‍ 18 ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എത്തുന്ന പിതാവിന് തൂവെള്ള വസ്ത്രങ്ങളില്‍ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പേപ്പല്‍ ഫ്ളാഗുകളും ഗ്രീറ്റിംഗ് വേവിങ് കാര്‍ഡുകളും വീശിക്കൊണ്ടും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കുമ്പോള്‍ ബൊക്കെ നല്‍കി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അര്‍പ്പിക്കും. പരിശുദ്ധ മാതാവിന്റെയും ഭാരത സഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം പിതാവ് നിര്‍വ്വഹിക്കുന്നതാണ്.

ദേവാലയ പ്രവേശന കവാടത്തില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ ജോസഫ് പിതാവിന് മെഴുതിരി നല്‍കി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിള്‍, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതാണ്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സ്‌തോത്രക്കാഴ്ച സമര്‍പ്പണം, രൂപം വെഞ്ചിരിക്കല്‍, ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി, ലദീഞ്ഞ്, പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ ഫാ.ഫാന്‍സുവ പത്തില്‍, ഫാ.സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരാവുന്നതാണ്.

വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നില്‍ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. തുടര്‍ന്ന് ബൈബിള്‍ അധിഷ്ഠിത കലാ പരിപാടികള്‍ അരങ്ങേറും. ‘ജോസഫിനെ’ ആസ്പദമാക്കി രചിച്ച ബൈബിള്‍ നാടകവും ‘ഫാത്തിമാ മാതാവ്’ സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമാവും. മതബോധന പരീക്ഷയില്‍ ഉന്നത വിജയങ്ങള്‍ നേടിയവര്‍ക്കും, ബൈബിള്‍ കലോത്സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ തദവസരത്തില്‍ ശ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്യുന്നതാണ്. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പ്രോത്സാഹനവും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ചാമക്കാല അച്ചനും കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോര്‍ജ്ജ്-07533896656

സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്

ഹാളിന്റെ വിലാസം: ഹോളിഡേ ഇന്‍, സെന്റ് ജോര്‍ജ്ജ്‌സ് വെ,
എസ് ജി1 1എച് എസ്, സ്റ്റീവനേജ്