മലയാളംയുകെ ന്യൂസ്  ടീം

സ്റ്റോക്ക് ഓൺ ട്രെന്റ്: മൺ പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും പ്രശസ്‌തവുമായ സിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ്… രൂപീകരണം 31 മാർച്ച്  1910… പോട്ടറിസ് എന്ന ഓമനപ്പേരിൽ ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന സ്ഥലം.. ഹാൻലി, സ്റ്റോക്ക്, ബർസലേം, ടൺസ്റ്റാൾ, ലോങ്ങ്ടൺ, ഫെന്ടൺ എന്നീ ആറ് പട്ടണങ്ങൾ ചേർത്തുണ്ടാക്കിയ സിറ്റി… ഇന്ന് ഡിസ്ട്രിബൂഷൻ സെന്ററുകളുടെ സംഗമസ്ഥലം.. തീർന്നില്ല ഏറ്റവും കൂടുതൽ സർവീസ് ഇൻഡസ്റ്ററി ഉള്ള യുകെയിലെ പ്രധാനപ്പെട്ട സ്ഥലം… 22917 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് യുകെ മലയാളികളുടെ ചർച്ചാവിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു… ജീവിത ചിലവ് കുറഞ്ഞതും, അധികം വില നൽകാതെ സ്വന്തമായി ഒരു വീടും എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ മലയാളികൾ എത്തിപ്പെടുന്ന യുകെയിലെ പ്രധാനപ്പെട്ട സിറ്റികളിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മുന്നിൽ നിൽക്കുന്നു…

2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം..   മലയാളി സാന്നിധ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ വന്നത് സിംഗപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും എത്തിയ നേഴ്‌സുമാർ വഴി… അഞ്ചു രൂപ പോലും ഏജൻസിക്ക് കൊടുക്കാതെ ഫ്രീ ടിക്കറ്റിൽ മാഞ്ചസ്‌റ്റർ വിമാനമിറങ്ങിയപ്പോൾ സായിപ്പുമാർ കാത്തുനിന്നത് ബസുമായി… എല്ലാ ആഥിത്യമര്യാദകളോടും കൂടെ… തീർന്നില്ല… മലയാളികളുടെ ഭക്ഷണക്രമം മനസിലാക്കി നമുക്ക് ഇഷ്ടമുള്ള അരി, പഞ്ചസാര എന്ന് തുടങ്ങി എല്ലാം ഉള്ള ഒരു കിറ്റ്… അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓണ കിറ്റ് ഫ്രീ ആയി തന്ന് മൂന്ന് മാസത്തെ താമസവും ഒരുക്കി…   ഇനിയുമുണ്ട് നമ്മളെ ബാങ്കിൽ കൂട്ടികൊണ്ടുപോയി അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരു £500 ഇട്ടുതന്ന ഇംഗ്ലീഷുകാർ… ഇത് ഒരു ചെറിയ സ്റ്റോക്ക് മലയാളി ചരിത്രം…

2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അധികപറ്റാവുകയില്ല..  താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക്  മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് കണ്ടത്.. 2017 ലെ  വേദപാഠക്ലാസ്സുകൾക്ക് തുടക്കമിട്ട് തിരിതെളിച്ചത് സെറീന സിറിൽ ഐക്കര, എസ് എം സി ബിർമിങ്ഹാം റീജിയണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി… ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു…    സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു.. ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തി എന്നുള്ളത് വസ്‌തുത.

ഒരു വർഷത്തിന് മുൻപ് യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കര്‍മ്മത്തിന് ഇന്ന്   സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭം കുറിക്കുന്നു.. ഇന്ന് മുതൽ ഡിസംബർ പതിനേഴ് വരെയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ ഭവനങ്ങളിലും എത്തിച്ചേരുന്നു… പത്താം തിയതി കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നു… സമാപന ദിവസമായ ഡിസംബർ 17 ന് വാശിയേറിയ കരോൾ ഗാനമത്സരം യൂണിറ്റുകൾ തമ്മിൽ.. വിജയികൾക്ക് സമ്മാനമൊരുക്കി സംഘാടകർ…

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും. രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാദർ ജെയ്‌സൺ കരിപ്പായി, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുന്ന  ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ കുർബാന വിവിധ പള്ളികളിൽ, യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ  വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ്  പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ ഭവനങ്ങളും ഒരുങ്ങി കാത്തിരിക്കുകയായി.