ലണ്ടന്‍: മുട്ടയും ബേക്കണും അടങ്ങിയ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് ഗര്‍ഭിണികള്‍ സ്ഥിരമായി കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. 24 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. മുട്ടയിലും ബേക്കണിലും സമൃദ്ധമായി കാണപ്പെടുന്ന കോളിന്‍ എന്ന പ്രോട്ടീനാണ് കുട്ടികളുടെ ഐക്യു വര്‍ദ്ധിപ്പിക്കുന്നത്. ഗര്‍ഭത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ഈ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരുടെ കുട്ടികളിലെ ഐക്യു നിരക്ക് ഉയര്‍ന്നതാണെന്ന് കണ്ടെത്തി. വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലെ വേഗത ഇവരില്‍ മികച്ചതാണ്. ഉയര്‍ന്ന ബുദ്ധിശക്തിയുടെ സൂചകമാണ് ഇത്.

എലികളില്‍ ഈ സവിഷേത നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആദ്യമായാണ് കോളിന്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം സ്ഥിരീകരിക്കുന്നത്. ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ദൈനംദിന ഭക്ഷണത്തില്‍ എത്രമാത്രം കോളിന്‍ ഉള്‍പ്പെടുത്താമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ന്യൂയോര്‍ക്ക്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മാരി കോഡില്‍ പറഞ്ഞു. ഈ പോഷകത്തിന് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഗുണഫലങ്ങളുണ്ട്. ഫ്രൈ അപ്പുകള്‍ ആരോഗ്യകരമായ ഭക്ഷണമല്ലെന്നാണ് പൊതുവെ പറയാറുള്ളത്. അതേസമയം, ബേക്കണിലും മുട്ടയുടെ മഞ്ഞയിലും കോളീന്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

ചിക്കന്‍, മീന്‍, പാല്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍ എന്നിവയില്‍ വളരെ കുറഞ്ഞ തോതിലേ ഇത് അടങ്ങിയിട്ടുള്ളൂ. ഗര്‍ഭകാലത്ത് കോളിന്‍ അത്യാവശ്യ പോഷകമാണെങ്കിലും ദിവസവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 450 മില്ലിഗ്രാമില്‍ കൂടുതല്‍ ആരും കഴിക്കാറില്ല. കൊഴുപ്പും കൊളസ്‌ട്രോളും അധികമാണെന്നതിനാല്‍ മുട്ടയും ബേക്കണ്‍ പോലെയുള്ള റെഡ് മീറ്റും അധികം കഴിക്കാത്തതാണ് കാരണം. കോളിന്‍ അധികമടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ മോശം പേരാണ് ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.