ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബാബറ്റ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം ഉയരുന്നു. നോട്ടിംഗ്ഹാംഷെയറിലെ 500-ഓളം വീടുകളിലെ താമസക്കാരോട് വീടൊഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഡൽ നദിയിലെ ഉയർന്ന ജലനിരപ്പ് ഉയർന്നതാണ് അപകടം. കൂടുതൽ മഴ കാരണം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ വലിയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ നദിയായ സെവേൺ നദിക്കരയിലുള്ള പ്രദേശങ്ങളും വരുംദിവസങ്ങളിൽ വെള്ളപൊക്കത്തിന് ഇരയാവാൻ സാധ്യതയുണ്ട്.
മിഡ്‌ലാൻഡ്‌സിന്റെ ചില ഭാഗങ്ങളിലും ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. വീടൊഴിഞ്ഞവരെ സഹായിക്കാൻ റെറ്റ്‌ഫോർഡ് ലെഷർ സെന്ററിൽ ഒരു താൽക്കാലിക ഷെൽട്ടർ സ്ഥാപിച്ചിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ കൗണ്ടി കൗൺസിൽ അറിയിച്ചു. അതേസമയം, വെള്ളപ്പൊക്കത്തിന് ശേഷം വൃത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനിടെ, ചെസ്റ്റർഫീൽഡിൽ വീട് മുങ്ങി എൺപതുകാരിയായ സ്ത്രീ മരിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഡെർബിഷയർ പോലീസ് അറിയിച്ചു. ഷ്രോപ്ഷയർ, ഹെയർഫോർഡ്ഷയർ, വോർസെസ്റ്റർഷയർ എന്നിവിടങ്ങളിലും വെള്ളപൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോർക്ക്ഷയർ, ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
Leave a Reply