ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദറാഗ് കൊടുങ്കാറ്റ് യുകെയിലേക്ക് അടുക്കുന്നു. വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഉപയോഗമാണിത്. കൊടുങ്കാറ്റിനെ കുറിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റെഡ് വെതർ വാണിംഗ് ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആളുകളുടെ മൊബൈൽ ഫോണുകളിലേയ്ക്കാണ് അലർട്ട് അയച്ചിരിക്കുന്നത്. അലർട്ട് ലഭിക്കുന്ന ഫോണുകൾ 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറൺ പുറപ്പെടുവിക്കും. ഇന്ന് പുലർച്ചെ 3 മണി മുതൽ 11 വരെയാണ് അലർട്ട് പ്രാബല്യത്തിൽ ഉണ്ടാവുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെയിൽസിൻ്റെ പടിഞ്ഞാറൻ, തെക്കൻ തീരപ്രദേശങ്ങളിലും ബ്രിസ്റ്റോൾ ചാനലിലും 90 മൈലോ അതിൽ കൂടുതലോ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഈ സ്ഥലങ്ങളിൽ കഴിയുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും ഡ്രൈവിംഗ് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. പവർ കട്ടുകൾക്കും മൊബൈൽ നെറ്റ്‌വർക്ക് തകരാറുകൾക്കും സാധ്യത ഉണ്ടെന്നും അധികൃതർ അറിയിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് വെയിൽസിലെ ഫുട്ബോൾ, റഗ്ബി മത്സരങ്ങളും യുകെയിലുടനീളമുള്ള ശീതകാല ഇവൻ്റുകളും റദ്ധാക്കിയിരിക്കുകയാണ്. വാറ്റ്ഫോർഡിനെതിരായ കാർഡിഫ് സിറ്റിയുടെ മത്സരം, ലണ്ടനിലെ ഹൈഡ് പാർക്കിൻ്റെ വിൻ്റർ വണ്ടർലാൻഡ്, ബെൽഫാസ്റ്റിൻ്റെ ക്രിസ്തുമസ് മാർക്കറ്റ് എന്നിവയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ചിരിക്കുകയാണ്. കാർഡിഫിലെ എയർപോർട്ട് റൺവേ അടച്ചിരിക്കുകയാണ്. ബ്രിസ്റ്റോൾ എയർപോർട്ടിലെ കാലതാമസത്തെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കാൻ ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു. ഐറിഷ് കടലിനു കുറുകെയും ന്യൂകാസിലിനും ആംസ്റ്റർഡാമിനുമിടയിലുള്ള ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.