ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസമായിയിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിസിറ്റി ബില്ലുകളിൽ 200 പൗണ്ട് കുറവുണ്ടാകുമെന്നാണ് ഗവൺമെന്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എനർജി ഫേമുകൾക്ക് 5 മുതൽ 6 ബില്യൺ വരെയുള്ള ലോൺ പാക്കേജുകൾ നൽകാനുള്ള അന്തിമതീരുമാനം ട്രഷറിയുടെ ഭാഗത്തുനിന്നും ഉടനുണ്ടാകും. വർദ്ധിച്ചുവരുന്ന ഹോൾസെയിൽ വിലകൾ മൂലം ബുദ്ധിമുട്ടുകയാണ് എനർജി ഫേമുകൾ. എന്നാൽ ഈ വർദ്ധിച്ച ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാകും.

ഗവൺമെന്റിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുകെയിലെ ഏറ്റവും വലിയ എനർജി ഫേമുകളിൽ ഒന്നായ ഇ ഡി എഫ് അറിയിച്ചു. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച വ്യക്തതകൾ ഇനിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിലകൾ ഒരുവശത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടയിൽ, ഇലക്ട്രിസിറ്റി ബില്ലുകളുടെയും മറ്റും വർദ്ധനവ് ജനങ്ങൾക്ക് മേൽ അമിത ഭാരം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.