സ്വന്തം ലേഖകൻ

ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്. വെള്ളപൊക്കം മൂലം ഇംഗ്ലണ്ട് മുതൽ സ്കോട്ലൻഡ് വരെയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സെവേൺ, വേ തുടങ്ങിയ നദികളിൽ ഇപ്പോഴും ശക്തമായ വെള്ളപൊക്ക സാധ്യത മുന്നറിയിപ്പാണുള്ളത്. വെള്ളപ്പൊക്കം മൂലം നൂറിൽ ഏറെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. വടക്ക്കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.

കും‌ബ്രിയയിലും ഹോണിസ്റ്റർ പാസിലും 24 മണിക്കൂറിനുള്ളിൽ 178 മില്ലിമീറ്റർ മഴ പെയ്തു. സീത്‌വെയ്റ്റിൽ 158 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ ഇംഗ്ലണ്ടിന്റെ ശരാശരി മഴയുടെ 141% ഇതിനകം ലഭിച്ചു. അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി തന്റെ തനി നിറം കാണിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. 2.6 ബില്യൺ പൗണ്ട് വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ നിക്ഷേപിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു.

കടുത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കൈക്കൊള്ളേണ്ട അടിയന്തര നടപടി ഇവയൊക്കെ ; വളർത്തുമൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. ഹോം ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ, ഒരു ടോർച്ച്, സ്പെയർ ബാറ്ററികൾ, ഒരു പോർട്ടബിൾ റേഡിയോ, ശിശു സംരക്ഷണ ഇനങ്ങൾ, കുപ്പിവെള്ളവും കേടുവരാത്ത ഭക്ഷണങ്ങൾ, വെള്ളം കയറാത്ത വസ്ത്രം, പുതപ്പ് എന്നിവ അടങ്ങിയ ഒരു കിറ്റ് തയ്യാറാക്കുക. നിങ്ങളുടെ കുടുംബത്തിന് സഹായം ലഭിച്ചാൽ അയൽക്കാരോ ബന്ധുക്കളോ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ദുരിതത്തെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.