ലണ്ടന്‍: അതിശൈത്യം തുടരുന്ന ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. എമ്മ ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശൈത്യത്തില്‍ മരണമടഞ്ഞവരുടെ 14ലേക്ക് ഉയര്‍ന്നു. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞ് വീഴ്ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബ്രിട്ടന്റെ ഗതാഗത മേഖലെയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറായി കിടക്കുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്നുണ്ടായിരിക്കുന്ന ട്രാഫിക് തടസ്സം മൂലം പലര്‍ക്കും വീടുകളില്‍ പോലും എത്താന്‍ സാധിക്കുന്നില്ല. മണിക്കൂറുകള്‍ റോഡില്‍ കിടക്കേണ്ടി വരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കാണാം. ഡെവോണിലെ എ38 പാതയില്‍ നാല്പതോളം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോലീസ് സംഭവ സ്ഥലത്ത് നിന്നും ലൈവ് വീഡിയോ വിശകലനം നടത്തി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എമ്മ ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണ നിരക്ക് ഉയരുകയാണ്. സ്വന്തമായി വീടില്ലാത്ത ഒരാള്‍ കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സമീപ പ്രദേശത്ത് മറ്റു രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്‌ലന്റിലെ മലനിരകളിലൂടെ നടക്കാനിറങ്ങിയ ഒരു സ്ത്രീയുടെ മൃതശരീരവും പോലീസ് കണ്ടെടുത്തിരുന്നു. ഇതോടെ രാജ്യത്ത് അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. രാജ്യത്തെ 9000 വീടുകളില്‍ ഇപ്പോള്‍ വൈദ്യൂതി വിതരണം തടസ്സപ്പെട്ടു. കടുത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും ജനജീവിതം അനുദിനം ദുസ്സഹമാക്കുകയാണ്. റെയില്‍ ഗതാഗതവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.
ജനങ്ങള്‍ നേരത്തെ തന്നെ വീടുകളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടിലും യുകെയിലും നിലവില്‍ ഏതാണ്ട് 1900 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴകളും നദികളും മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. താപനില മൈനസ് 12 ലും കുറയാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. നാല്പതുകാരനായി വീടില്ലാതെ തെരുവില്‍ ജീവിക്കുന്നയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുക്കുകയാണ്. എന്‍എച്ച്എസുകളില്‍ അപ്രധാനമായ എല്ലാ സര്‍ജറികളും അപ്പോയിന്‍മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടിയാണിത്.
Leave a Reply