ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയെ ശക്തമായി ബാധിച്ച ‘സ്റ്റോം ഗൊറെട്ടി’ രാജ്യത്തുടനീളം വ്യാപകമായ വൈദ്യുതി മുടക്കവും യാത്രാ തടസ്സങ്ങളും സൃഷ്ടിച്ചു. നിരവധി സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ് . മണിക്കൂറിൽ 99 മൈൽ വരെ വേഗം രേഖപ്പെടുത്തിയ കാറ്റിനെ തുടർന്ന് ദക്ഷിണ പടിഞ്ഞാറൻ മേഖലകളിൽ മെറ്റ് ഓഫീസ് അപൂർവമായ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. വെസ്റ്റ് മിഡ്‌ലൻഡ്സിൽ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതോടെ ചില പ്രദേശങ്ങളിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞു വീണു.

വെള്ളിയാഴ്ച രാവിലെ വരെ ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 43,000-ത്തിലധികം വീടുകൾക്ക് വൈദ്യുതി ലഭ്യമാകാതെ തുടരുകയും വെസ്റ്റ് മിഡ്‌ലൻഡ്സിലും വെയിൽസിലുമായി പതിനായിരങ്ങൾ വൈദ്യുതി മുടക്കത്തിലാകുകയും ചെയ്തു. വെയിൽസിനും മിഡ്‌ലൻഡ്സിനും അംബർ അലർട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ്, മഴ, കാറ്റ്, ഐസ് എന്നിവ മൂലം യെല്ലോ അലർട്ടുകളും നിലവിലുണ്ട്. ബർമിങ്ഹാം, ഈസ്റ്റ് മിഡ്‌ലൻഡ്സ് വിമാനത്താവളങ്ങൾ മഞ്ഞുവീഴ്ചയെ തുടർന്ന് താൽക്കാലികമായി അടച്ചു . ചില റൺവേകൾ പിന്നീട് പരിമിത സേവനത്തോടെ തുറന്നെങ്കിലും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് .

സ്കോട്ട് ലൻഡിൽ തുടർച്ചയായ കനത്ത മഞ്ഞുവീഴ്ചയും താഴ്ന്ന താപനിലയും കാരണം അഞ്ചാം ദിവസവും നിരവധി സ്‌കൂളുകൾ അടച്ചിട്ട നിലയിലാണ്. അബർഡീൻഷയർ, ഹൈലൻഡ്സ്, മൊറേ തുടങ്ങിയ പ്രദേശങ്ങളിലായി 250-ലധികം സ്‌കൂളുകൾ വെള്ളിയാഴ്ചയും പ്രവർത്തിക്കില്ല. ഡോവർ–ഫ്രാൻസ് ഫെറി സർവീസുകൾ തടസ്സപ്പെട്ടതോടെ കടൽ ഗതാഗതവും സാരമായി ബാധിച്ചു. കാറ്റിന്റെ ദിശ ക്രമേണ കിഴക്കോട്ട് നീങ്ങുന്നതിനാൽ ദിവസാന്ത്യം മുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രവചനം.











Leave a Reply