റോബിൻ എബ്രഹാം ജോസഫ്

സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ സംഭവം അല്ല കൊല്ലം നിലമേൽ സ്വദേശിയും ബി എ എം എസ് വിദ്യാർത്ഥിയുമായ വിസ്മയയുടേത്. എന്നാൽ, കേരളത്തിലെ പൊതുബോധത്തിനുള്ളിൽ സ്ഥാനം പിടിച്ച പ്രധാനപ്പെട്ട കേസാണിത്. സ്ത്രീധനം നൽകുവാനും അത് വാങ്ങുവാനും മടിയ്ക്കാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എക്കാലവുമുണ്ട്. ‘സ്ത്രീ തന്നെയാണ് ധനം’ എന്നുള്ള സ്ഥിരം പല്ലവിയിലൂടെ അതിനെ പൊതുവിടത്തിൽ പ്രതിരോധിക്കുവാൻ മുതിരുന്ന ചിലരുടെ മനസ്സിലെങ്കിലും സ്ത്രീധനം വേണം എന്നുള്ള ആഗ്രഹമുണ്ടാകും. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ ഒരു നിമിഷമോ, ദിവസമോ, മാസങ്ങളോ കൊണ്ട് തുടച്ചു നീക്കുവാൻ സാധിക്കില്ല. ഘട്ടം ഘട്ടമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.

വിസ്മയുടെ കേസിന്റെ നാൾവഴികൾ അനുസരിച്ചു സ്ത്രീധനമായി ലഭിച്ച കാറും പണവും കുറഞ്ഞുപോയി എന്നതിന്റെ പേരിലാണ് നിരന്തരം മർദ്ദനമേറ്റിരുന്നത്. തുടർന്ന് 2021 ജൂൺ 21 നു ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും കേസിന്റെ അന്വേഷണം മുൻപോട്ട് പോവുകയും ചെയ്തു. ഏകദേശം ഒൻപതു മാസം നീണ്ടുനിന്ന അന്വേഷണത്തിന്റെയും നിയമനടപടികളുടെയും ഭാഗമായി പ്രതിയായ ഭർത്താവ് കിരണ്കുമാറിന് 10 വർഷം തടവും 12 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. പ്രസ്തുത വിധിയെ രണ്ടു തരത്തിൽ നമുക്ക് വിലയിരുത്തുവാൻ സാധിക്കും.

1. വിധി വേട്ടക്കാരനൊപ്പമാണ്. 10 വർഷം എന്നുള്ളത് കുറഞ്ഞ കാലയളവ് മാത്രമാണ്. അത് കഴിയുമ്പോൾ പുറത്തു വന്നു സുഖമായി ശിഷ്ടകാലം ജീവിക്കുവാൻ പ്രതിക്ക് സാധിക്കും.

2. വിധി സ്വാഗതാർഹമാണ്. കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് വിധി. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ മുതിരുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.

ഇവിടെ നമ്മൾ പരിശോധിക്കേണ്ടത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിന്റെ പൊതുബോധത്തിനുള്ളിൽ ഉണ്ടായ മാറ്റമാണ്. ‘മോൾക്ക് നിങ്ങളെന്ത് കൊടുക്കും’ എന്നുള്ള ചോദ്യത്തിന് ‘നാട്ടുനടപ്പ് അനുസരിച്ചു നൽകും’ എന്നുള്ള പതിവുത്തരത്തിൽ നിന്ന് ‘ഇറങ്ങി പോകാൻ അഞ്ചു മിനിറ്റ് തരും’ എന്നുള്ള പുതിയ ഉത്തരത്തിലേക്ക് ചെറിയൊരു കൂട്ടം ആളുകളെങ്കിലും മാറി എന്നുള്ളത് ആശ്വാസകരമാണ്. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ വിധി സ്ത്രീധന വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് എന്നതിൽ തർക്കമില്ല. സ്ത്രീധനം മോഹിച്ചു കല്യാണം കഴിക്കാൻ ഒരുമ്പെടുന്ന ചെറിയൊരു കൂട്ടത്തെ എങ്കിലും തിരുത്താൻ ഉപകരിക്കുന്നത് തന്നെയാണ് വിധി.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്നാണ് നിയമസംഹിതകൾ പറഞ്ഞുവെക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീധനം നൽകുന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. എന്റെ മകൾ സുരക്ഷിതമായി ഭർത്താവിനൊപ്പം ജീവിക്കണമെങ്കിൽ സ്ത്രീധനം നൽകിയേ മതിയാവൂ എന്നുള്ള മാതാപിതാക്കളുടെ ബോധ്യവും തിരുത്തപ്പെടേണ്ടത് തന്നെയാണ്. ‘നിങ്ങൾ എന്തെങ്കിലും അറിഞ്ഞു പെൺകുട്ടിയ്ക്ക് കൊടുത്താൽ മതി’ എന്നുള്ള മറുപടിയിൽ കുടുങ്ങി കിടക്കുന്ന കെണി മനസിലാക്കാതെ എടുത്തു ചാടുന്നതിന്റെ പ്രശ്നം കൂടിയാണിത്. പെൺകുട്ടിക്ക് ഒന്നും കൊടുക്കാതെ ഇറക്കിവിട്ടാൽ നാട്ടുക്കാരെന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിൽ വീണുപോകുന്ന കൂട്ടരാണ് രണ്ടാമത്തേത്. മകളുടെ ഭാവിയെ കരുതി ‘അവൾക്കെന്ന’ പേരിൽ സ്ത്രീധനം നൽകുകയും ചെയ്യും. “സ്ത്രീധനം ചോദിച്ചപ്പോൾ നൽകി എന്ന വലിയ തെറ്റ് ഞാൻ ചെയ്തു. ജനം കല്ലെറിഞ്ഞാലും ഞാൻ പ്രതിഷേധിക്കില്ല. സമൂഹത്തോട് മാപ്പ് ചോദിക്കുന്നു” എന്ന വിസ്മയുടെ പിതാവിന്റെ വാക്കുകൾ എല്ലാ പേരെന്റ്സും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീധനം കൊടുക്കാൻ മുതിരുന്ന പൊതുബോധ്യം തിരുത്തപ്പെടണം. പെൺകുട്ടിയ്ക്കു പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസവും ജോലിയുമാണെന്ന തിരിച്ചറിവിലേക്ക് എത്താൻ സാധിക്കണം. നാട്ടുകാരെയും സമൂഹത്തെയും തൃപ്തിപെടുത്താൻ നിൽക്കാതെ പെൺകുട്ടികളുടെ ഇഷ്ടത്തിനനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കുവാൻ മാതാപിതാക്കൾ മുതിരണം.

പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിച്ചു കടമ നിറവേറ്റാൻ ഇരിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ബഹുഭൂരിപക്ഷവും. അതിലേറെയും ലക്ഷങ്ങളും സ്വർണവും കാറും നൽകി മക്കളുടെ കല്യാണം കെങ്കേമമായി നടത്തുന്ന മാതാപിതാക്കളും. കല്യാണത്തിനു ശേഷം ഒരുമിച്ചു മുൻപോട്ട് പോകുന്നില്ലെങ്കിൽ അതിൽ നിന്ന് ഇറങ്ങി പോരുവാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എന്തുകൊണ്ടാണ് ഇതേ രക്ഷിതാക്കൾ പഠിപ്പിക്കാത്തത്? ഡിവോഴ്സ് എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മുൻപോട്ടുള്ള ലൈഫിനെ നോക്കുമ്പോൾ അത് നല്ലതാണെന്നും നമ്മുടെ പേരെന്റ്സ് പറഞ്ഞുകൊടുക്കാത്തതിന്റെ പ്രശ്നം കൂടിയാണിത്. വിസ്മയയുടെ പുറത്ത് വന്ന ഓഡിയോകളിൽ കരഞ്ഞു പറയുന്നുണ്ട് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന്, നീ ഇറങ്ങി പോരു, ഡിവോഴ്സ് എന്നൊരു ഓപ്ഷൻ നമുക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ആ പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.

കേസിന്റെ നാൾവഴികളിൽ പതറാതെ മുൻപോട്ട് പോയ അന്വേഷണസംഘവും, പ്രോസിക്യൂഷനും അതിനോടൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗതാഗതവകുപ്പിന്റെ നടപടിയും അഭിനന്ദനാർഹമണ്. പ്രതികുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 120 രേഖകളും 12 തൊണ്ടിമുതലും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെ ഹാജരാക്കിയത് കേസിന്റെ വിജയത്തിൽ സുപ്രാധാനമാണ്. 80 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കിയ ഡി വൈ എസ് പി യുടെ നടപടി പ്രശംസനാർഹമാണ്.

“എനിക്കുണ്ടായ ദുരന്തം മറ്റാർക്കും ഉണ്ടാകരുത്. സ്ത്രീധനം കൊടുത്തു മക്കളെ കല്യാണം കഴിപ്പിക്കരുത്. അവർക്ക് ആദ്യം വിദ്യാഭ്യാസവും ജോലിയും നൽകണം. കല്യാണം രണ്ടാമതാണ്” വിധികേട്ട ശേഷം വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞ ഈ മറുപടി തന്നെയാണ് പ്രശ്നങ്ങളെ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യം.

 

റോബിൻ എബ്രഹാം ജോസഫ് :  കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ്‌ ജേർണലിസം വിദ്യാർഥി.