ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത മഴയെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. നോട്ടിംഗ്ഹാംഷെയറിലെയും ഗ്ലൗസെസ്റ്റർഷെയറിലെയും പല പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്. വെള്ളത്തിൻെറ നില ഉയരുന്ന സാഹചര്യത്തിൽ ട്രെന്റ് നദിയുടെ തീരത്തുള്ള ആളുകൾ ഉടൻ ഒഴിയേണ്ടതാണെന്ന് എമർജൻസി പ്ലാനിങ് ഓഫീസർമാർ മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകുന്നേരത്തോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി പ്രഖ്യാപിച്ചത് 550-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലേർട്ടുകളുമാണ്. വെസ്റ്റ് കൺട്രി, ഇംഗ്ലണ്ടിന്റെ തെക്കൻ കൗണ്ടികൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പുലർച്ചെ കനത്ത മഴയെ തുടർന്ന് കടപുഴകി വീണ മരത്തിൽ ഇടിച്ച് 87 കാരിയായ ഡ്രൈവർ മരിച്ചതായി പോലീസ് അറിയിച്ചു. ഓക്‌സ്‌ഫോർഡ്‌ഷയറിലെ ക്രെയ്‌സ് പോണ്ടിനടുത്തുള്ള മരത്തിലേക്കാണ് സ്ത്രീ വണ്ടി ഇടിച്ച് കയറിയത്. ഈ ആഴ്ച കനത്ത മഴയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ ആളാണ് ഇവർ. നേരത്തെ ഗ്ലൗസെസ്റ്റർഷെയറിൽ കാറിന് മുകളിൽ മരം വീണതിന് പിന്നാലെ 50 വയസ്സുകാരന് ജീവൻ നഷ്‌ടമായിരുന്നു.
Leave a Reply