ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ യുകെയിലെ വിവിധ ഭാഗങ്ങളിൽ യാത്ര തടസങ്ങൾ സൃഷ്ടിച്ച് ലിലിയൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുള്ള ശക്തമായ കാറ്റും മഴയും കാരണം ലീഡ്‌സ് ഫെസ്റ്റിവലിലെ മൂന്ന് സ്റ്റേജുകൾ അടച്ചിടുകയും ചെഷയറിലെ ക്രീംഫീൽഡ് സംഗീതോത്സവത്തിലേയ്ക്കുള്ള പ്രവേശനം അധികൃതർ വൈകിപ്പിക്കുകയും ചെയ്‌തിരുന്നു. ശക്തമായ കാറ്റിനേയും മഴയെയും തുടർന്ന് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ നിരവധി ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. ഇന്ന് മുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തെക്കൻ ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ യെല്ലോ വാണിംഗ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യെല്ലോ വാണിംഗ് കനത്ത മഴയെ തുടർന്ന് സാധ്യമായ തടസ്സങ്ങളും വെള്ളപ്പൊക്കവും സൂചിപ്പിക്കുന്നു. ലിലിയൻ കൊടുങ്കാറ്റ് മൂലം വെള്ളിയാഴ്ച പുലർച്ചെ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും 70 മൈൽ വേഗതയിലുള്ള കാറ്റാണ് അനുഭവപ്പെട്ടത്. വെയിൽസിലെ കാപ്പൽ ക്യൂരിഗിൽ മണിക്കൂറിൽ 72 മൈൽ വേഗതയിൽ വരെയുള്ള കാറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ കാറ്റ് കാരണം സൈറ്റിൻ്റെ പ്രധാന കവാടം തുറക്കുന്നത് വൈകിയതിനാൽ ലീഡ്‌സിലെ ഫെസ്റ്റിവലിൽ തടസങ്ങൾ നേരിട്ടു. ബിബിസി റേഡിയോ 1, ഷെവ്‌റോൺ, ഓക്‌സ് സ്‌റ്റേജുകൾ അടച്ചു, ഷെവ്‌റോൺ മാത്രമേ ശനിയാഴ്ച ഉച്ചയോടെ വീണ്ടും തുറക്കൂ എന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് രണ്ട് സ്റ്റേജുകൾ ഞായറാഴ്ച വരെ അടച്ചിടും. 60 മൈൽ വേഗതയിൽ കാറ്റ് വീശുന്നതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ വന്നവരോട് ടെൻ്റുകളിലും കാറുകളിലും തുടരാൻ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.