ജീവിക്കുന്ന വീടിനോട് പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്ന മനുഷ്യരുണ്ട്. അവിടെനിന്ന് മാറി താമസിക്കേണ്ടി വരുന്ന അവസ്ഥ അവർക്ക് ചിന്തിക്കാവുന്നതിലുമപ്പുറം സങ്കടകരമായ കാര്യവുമാണ്. എങ്കിലും സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വേദനയോടെയാണെങ്കിലും വീട് വിൽക്കാൻ തയ്യാറാവുന്നവരാണ് അധികവും. എന്നാൽ വാഷിങ്ടണിലെ സിയാറ്റിലിൽ ജീവിച്ചിരുന്ന എഡിത് മക്ഫീൽഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഒരിക്കലും സങ്കൽപ്പിക്കാനാവാത്തത്ര വലിയ തുക കിട്ടുമെന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാൻ തയ്യാറാവാതെ ജീവിതാവസാനം എഡിത് ജീവിച്ച ആ വീട് ഇന്ന് വാഷിങ്ടനിൽ മാത്രമല്ല ലോകമെങ്ങും പ്രസിദ്ധമാണ്.
ഒരു വമ്പൻ ഷോപ്പിങ് മാളിന്റെ നിർമ്മാണത്തിന് വേണ്ടിയാണ് നിർമാതാക്കൾ എഡിത്തിൽ നിന്നും വീട് വാങ്ങാം എന്ന് തീരുമാനിച്ചത്. 1050 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഫാം ഹൗസിന് തുടക്കത്തിൽതന്നെ അഞ്ചു കോടിയിലധികം രൂപ നിർമാതാക്കൾ വാഗ്ദാനവും ചെയ്തു. എന്നാൽ ഒന്നിനുവേണ്ടിയും തന്റെ വീട് വിട്ടുകൊടുക്കാൻ 84 കാരിയായ എഡിത് തയ്യാറായിരുന്നില്ല. 1952 ൽ 3750 ഡോളറിന് (2,85,000 രൂപ) ആയിരുന്നു എഡിത് ഈ വീട് സ്വന്തമാക്കിയത്. അന്നുമുതൽ അമ്മയ്ക്കൊപ്പം അതേ വീട്ടിലാണ് അവർ കഴിഞ്ഞതും. ആ വീട്ടിൽ നിന്നും മാറാൻ ബുദ്ധിമുട്ടാണെന്ന് അവർ നിർമാതാക്കളോട് തീർത്തുപറഞ്ഞു. ഒടുവിൽ രക്ഷയില്ലെന്നു കണ്ട് ഏഴര കോടിയിലധികം നൽകാമെന്നായി നിർമ്മാതാക്കൾ. എന്നാൽ അപ്പോഴും വീട് വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്നായിരുന്നു ലഭിച്ച മറുപടി.
സിനിമകളിലാണെങ്കിൽ കെട്ടിടം നിർമ്മിക്കാൻ വരുന്നവർ ചതിയിലൂടെയും സമ്മർദ്ദത്തിലൂടെയും ആ വീട് പൊളിച്ചു നീക്കുന്നതാവും അടുത്ത കാഴ്ച. എന്നാൽ ഇവിടെ സംഭവം നേരെ മറിച്ചായിരുന്നു. എഡിത്തിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ മുട്ടുമടക്കിയ കെട്ടിടനിർമാതാക്കൾ വീടിനുചുറ്റുമായി ഷോപ്പിങ് മാൾ വരുന്ന രീതിയിൽ പ്ലാൻ മാറ്റിവരച്ചു. അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു.
സ്വന്തം വീട്ടിൽ നിന്ന് മാറാൻ സാധിക്കില്ല എന്നതൊഴിച്ചാൽ മാൾ നിർമ്മിക്കുന്നതിന് എഡിത്തിന് യാതൊരുവിധ എതിർപ്പും ഇല്ലായിരുന്നു എന്നതാണ് ആ കാരണം. മാത്രവുമല്ല കെട്ടിടനിർമ്മാണ കമ്പനിയുടെ മാനേജറായ ബാരി മാർട്ടിൻ എന്ന വ്യക്തിയുമായി എഡിത്ത് അടുത്ത സൗഹൃദത്തിലുമായി. എഡിത്തിനൊപ്പം അതേ വീട്ടിൽ ഭക്ഷണം പാകം ചെയ്യാനും വസ്ത്രങ്ങൾ കഴുകാനുംവരെ ഒപ്പം കൂടുന്ന നിലയിലേക്ക് ആ സൗഹൃദം വളർന്നു.
വീടിന്റെ മൂന്നുഭാഗവും മറയുന്ന തരത്തിൽ അഞ്ചു നിലകളിലാണ് ഷോപ്പിങ് മാൾ ഉയർന്നത്. അപ്പോഴും എഡിത്ത് അവിടെ തന്നെ ജീവിതം തുടർന്നു. ഒടുവിൽ 2008 ൽ മരണപ്പെടുന്നതിനു തൊട്ടുമുൻപ് മുൻപ് വീട് അവർ ബാരിക്കു തന്നെ വിട്ടു നൽകുകയായിരുന്നു. നല്ലൊരു തുക കിട്ടുന്നതുവരെ വീട് വിൽക്കാതെ സൂക്ഷിക്കണം എന്ന് പറഞ്ഞേൽപ്പിച്ച ശേഷമായിരുന്നു എഡിത്തിന്റെ മരണം. എന്നാൽ സാമ്പത്തിക മാന്ദ്യം വന്ന സമയത്ത് ജോലിയില്ലാതെ ബുദ്ധിമുട്ടായപ്പോൾ അദ്ദേഹത്തിന് വീട് വിൽക്കേണ്ടി വന്നു. 310,000 ഡോളറിനാണ് (2,30,00,000 രൂപ) ബാരി വീട് വിറ്റത്. ഇതിനിടെ ഡിസ്നി പുറത്തിറക്കിയ അപ്പ് എന്ന അനിമേഷൻ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയും ഈ വീട് ഉപയോഗിക്കപ്പെട്ടിരുന്നു.
എന്തായാലും സിയാറ്റിലിൽ വമ്പൻ കെട്ടിടസമുച്ചയങ്ങൾക്ക് നടുവിൽ പ്രൗഢി ഒട്ടും കുറയാതെ എഡിത്തിന്റെ പ്രശസ്തമായ കുഞ്ഞു ഫാംഹൗസ് തലയെടുപ്പോടെ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Leave a Reply