കാരൂര്‍ സോമന്‍

കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ പറവകളുടെ ചിറകടി ശബ്ദമുയര്‍ത്തി കായംകുളത്തു നിന്നും ന്യൂ ഡല്‍ഹിയിലേക്ക് തിരിച്ചു. സുന്ദരദേശം പിന്നിലാക്കി ട്രെയിനും മിന്നല്‍ക്കൊടിപോലെ പാഞ്ഞു. ലണ്ടനില്‍ നിന്നെത്തിയ ഡാനി എന്ന വിളിപ്പേരുള്ള ഡാനിയേല്‍ സുകൃത്തു രാജന്‍പിള്ളയുടെ അടുത്തേക്ക് ഡല്‍ഹിക്ക് പോകുന്നു. മധ്യഭാഗത്തുള്ള സീറ്റില്‍ നിഴല്‍വിളക്കുപോലെ പ്രകാശം പരത്തുന്ന മുന്ന് സുന്ദരികുട്ടികള്‍ വന്നിരിന്നു. യൗവനം പുളകമണിഞ്ഞു നില്‍ക്കുന്ന ശരീര സൗന്ദര്യമുള്ളവര്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആകാം. അവരുടെ മുന്നിലിരിക്കുന്നത് ഒരു കുടുംബത്തിലുള്ളവരാണ്. ഡാനിയുടെ മൊബൈല്‍ ശബ്ദിച്ചു. രാജന്റ് ശബ്ദം ഡാനിയുടെ കാതുകളില്‍ മുഴങ്ങി. അവരുടെ സംസാരത്തില്‍ നിറഞ്ഞുനിന്നത് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരെ മതമെന്ന മലിനജലത്തില്‍ മുങ്ങികുളിപ്പിക്കുന്ന തെരഞ്ഞെടുപ്പാണ്. രാജനും ഡാനിയും ലണ്ടനില്‍ പോകുന്നതിന് മുന്‍പ് രാഷ്ട്രപതി ഭവനിലെ പ്രത്യേക പോലീസ് വകുപ്പില്‍ ജോലി ചെയ്തവരും, കസ്തുര്‍ബാഗാന്ധി മാര്‍ഗ്ഗ് കെട്ടിടത്തില്‍ ഒന്നിച്ചു താമസിച്ചവരുമാണ്. അവരുടെ ഭാര്യമാരും ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‌സ്ടിട്യൂട്ടില്‍ ഒന്നിച്ചാണ് ജോലി ചെയ്തത്. രാജന്‍ ആ ജോലി ഇന്നും തുടരുന്നു. ഡാനിയും കുടുംബവും കേരളത്തില്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ യാത്ര ചെയുന്നത് ഡല്‍ഹിയിലെ ആത്മ സുകൃത്തിന്റ വീട്ടിലേക്കാണ്. അവരും കുട്ടികളുടെ അവധി ദിനങ്ങളില്‍ ലണ്ടനിലേക്കും പോകാറുണ്ട്. രണ്ടുപേരും വിവാഹം കഴിച്ചിരിക്കുന്നത് നഴ്സന്‍മാരെയാണ്. രാജന് രണ്ടും ഡാനിക് മൂന്ന് കുട്ടികളുമുണ്ട്. രാജന്‍ വിവാഹം കഴിച്ചത് ആന്‍സി എന്ന ക്രിസ്തിയാനിയെയാണ്. ഡാനിയുടെ സുകൃത്തു രാജനുവേണ്ടി ആന്‍സിയെ വിവാഹമാലോചിച്ചത് ഓമനയാണ്. ജാതിപോരുത്തത്തെക്കാള്‍ മനസ്സിന്റ പൊരുത്തം നോക്കിയവര്‍. മനുഷ്യനേക്കാള്‍ വലിയ മതം വേണ്ടെന്ന് തിരുമാനമെടുത്തവര്‍. ആന്‍സി ഗര്‍ഭിണി ആയിരുന്നതിനാല്‍ ഓമനക്കൊപ്പം ലണ്ടനിലേക്കു പോകാന്‍ സാധിച്ചില്ല. അവരുടെ മക്കള്‍ തമ്മിലുള്ള വിവാഹം ഭാവിയില്‍ നടക്കുമെന്നവര്‍ പ്രത്യാശ പുലര്‍ത്തുന്നു. രണ്ട് ദിവസം ഡല്‍ഹിയില്‍ താമസിച്ചിട്ട് ഡാനി ലണ്ടനിലേക്ക് മടങ്ങും.

ഡാനി മേഘങ്ങള്‍ക്കിടയിലൂടെയുള്ള വിമാന യാത്ര ഒഴിവാക്കിയത് ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ തന്നെയാണ്. എത്രയോ വര്‍ഷങ്ങള്‍ ഈ ട്രെയിനില്‍ കേരളത്തിലേക്ക് യാത്ര ചെയ്തതാണ്. ഡാനിയുടെ മുഖത്തു പ്രകാശബിന്ദുക്കള്‍ ഗ്ലാസ്സിലൂടെ കടന്നുവന്നു പ്രസരിച്ചു. അടുത്തുള്ള റോഡിലൂടെ ചുട്ടുപൊള്ളുന്ന ചൂടില്‍ നാടിളക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്നു. ഏതോ ഒരു മഹോല്‍സവത്തിന്റ പ്രതീതി. എണ്ണിയാല്‍ തീരാത്തവിധം തെല്ലുപോലും യാത്രക്കാര്‍ക്ക് വഴികൊടുക്കാതെ മോട്ടോര്‍ സൈക്കിളുകള്‍ മുന്നില്‍ പോകുന്ന സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ട്. ഓരോ വാഹനങ്ങളും അലങ്കാരാചാര്‍ത്തുകളാല്‍ മനോഹരമാണ്. ഏറ്റവും മുന്നിലെ വാഹനത്തില്‍ പോകുന്ന മത്സരാര്‍ത്ഥി നിറപുഞ്ചിരിയുമായി വഴിയരികില്‍ നില്‍ക്കുന്നവരെ കൈവീശുന്നു. ചിലര്‍ വന്ന് ഹസ്തദാനം നടത്തുന്നു, ഹാരമണിയിക്കുന്നു. പൂച്ചെണ്ടുകള്‍ നല്‍കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന ബസ്സുകള്‍ മുന്നോട്ടു പോകാന്‍ നിവര്‍ത്തിയില്ലാതെ ഭാരപ്പെടുന്നു. വാഹനത്തില്‍ പ്രസംഗിക്കുന്ന നേതാവിന്റ വാക്കുകള്‍ വായുവിലൂടെ ഡാനിയുടെ കാതുകളിലേക്ക് ഒഴുകിയെത്തി. അയാളുടെ നാവില്‍നിന്നുയരുന്ന ഓരൊ വാക്കുകളും രാജ്യം അനുഭവിക്കുന്ന ദുഃഖദുരിതങ്ങളല്ല, ദരിദ്രകോടികളെ സൃഷ്ടിച്ചവരെപറ്റിയല്ല, മനുഷ്യര്‍ അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളല്ല, വികസന വിഷയങ്ങളല്ല അതിലുപരി ദൈവങ്ങള്‍ അനുഭവിക്കുന്ന വേദനകളാണ്. ഒരമ്മയുടെ മക്കളെപ്പോലെ കഴിഞ്ഞ സ്ഥലത്തു മത-വര്‍ഗീയത ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്ന പ്രസംഗം. മറ്റൊരു ട്രെയിന്‍ കടന്നു പോകാനായി കുറെ സമയം കാത്തുകിടക്കുമ്പോഴാണ് പ്രസംഗം ശ്രദ്ധിച്ചത്. ആ വാക്കുകള്‍ മനുഷ്യശരീരത്തിലെ ഓരോ അണുവിനെപോലെ അക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങളായി തലച്ചോറിലേക്ക് പ്രവഹിച്ചു. മനുഷ്യന്റ തലച്ചോറിലേക്ക് തുരന്നു ചെല്ലുന്ന വാക്കുകള്‍ അവര്‍ക്ക് ശവക്കുഴി തുരക്കുന്നതായി തോന്നി. നേതാവിന്റ വീര്യമുണര്‍ത്തുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ കളിയാക്കുന്ന, പരിഹസിക്കുന്ന വാക്കുകള്‍ കേട്ട് കോമാളികള്‍ കൈയ്യടിക്കുന്നു. തുടര്‍ന്നുള്ള വാക്കുകള്‍ തുരന്നു വന്നത് ഇരുള്‍ നിറഞ്ഞ തുരങ്കത്തിലേക്കാണ്. ട്രെയിനും അതിരുകള്‍ താണ്ടി യാത്ര തുടര്‍ന്നു. ചെറുപ്പത്തില്‍ തെരഞ്ഞെടുപ്പുകള്‍ ആനന്ദകരമായ ഒരനുഭവമായിരുന്നു. സ്നേഹത്തിന്റ ഊഷ്മളത നിറഞ്ഞ തെരഞ്ഞെടുപ്പുകള്‍. ഇതിന് മുന്‍പൊന്നും ഇത്രമാത്രം മത വൈര്യമുണര്‍ത്തുന്ന പ്രസംഗം കേട്ടിട്ടില്ല.

മനുഷ്യ മനസ്സില്‍ കനലുകള്‍ വാരിയെറിയുന്ന മത സ്പര്‍ദ്ധ വളര്‍ത്തുന്ന കൊടുംങ്കാറ്റ് മനസ്സിനെ ആശങ്കപ്പെടുത്തി. ഡാനിയുടെ മനസ്സ് ഏകാന്തതക്ക് വഴി മാറി. പച്ചപ്പില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരളത്തെ മതവര്‍ഗീയ മരുഭൂമിയാക്കാനുള്ള പ്രസംഗം. ആ വാക്കുകള്‍ പലരുടേയും ഹൃദയം കീഴടക്കുന്നു. കേരളം മതസഹിഷ്ണതയ്ക്കു ഒന്നാം സ്ഥാനത്തു തിളങ്ങി നില്‍ക്കുപ്പോഴാണ് വടക്കേ ഇന്ത്യയിലെ മതദേവന്‍ കുതിച്ചൊഴുകി കേരളത്തിലെത്തുന്നത്. മതദേവന്‍ തിളച്ചുമറിയുന്ന ചുടുവെള്ളത്തില്‍ ജാതിക്കിഴി തിളപ്പിച്ചെടുത്തു് അതിലെ പ്രസാദം ഭക്തര്‍ക്കായി വാരി വിതറുന്നു. കാര്യസിദ്ധിക്കുവേണ്ടി വഴിപാടാര്‍പ്പിച്ച മതദേവന്‍ മതഭക്തരോട് പറഞ്ഞു. ‘മതദേവന്‍ നിങ്ങളെ പട്ടിണിക്കിടില്ല. അന്നമൊരുക്കാന്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എന്റെ കൈയ്യില്‍ സുരക്ഷിതരാണ്. അന്നദാനം കഴിച്ചിട്ടേ പോകാവൂ’. മതദേവന്‍ കൊണ്ടുവന്ന കള്ളപ്പണത്തിലായിരിന്നു എല്ലാവരുടേയും കണ്ണുകള്‍. ശരീരം ശുദ്ധി ചെയ്ത് മുങ്ങിക്കുളിച്ചു വന്നവര്‍ അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി വാഴയിലക്ക് മുന്നിലിരുന്നു. മതദേവന്റെ മഹത്വവും വിനയവും ഓര്‍ത്തുകൊണ്ടവര്‍ വിഭവസമര്‍ത്ഥമായ ഭക്ഷണം കഴിച്ചു് എഴുന്നേറ്റു. ഓരോരോ തലമുറകളിലേക്ക് വളര്‍ന്നു പന്തലിച്ച മതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ ഒരു ഭാഗത്തും അതിനെ തച്ചുടക്കാന്‍ വികസനവാദികള്‍ എന്ന പേരില്‍ ഒരു കൂട്ടര്‍ മറുഭാഗത്തും നിന്ന് പോരടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മതഭ്രാന്ത് കേരളത്തില്‍ കാണുമ്പൊള്‍ മലയാളികള്‍ക്ക് അമ്പരപ്പാണ് തോന്നുന്നത്. മഹാശിലായുഗം മുതല്‍ കേരളത്തില്‍ ജനവാസമുണ്ട്. കേരളത്തിലെ മനുഷ്യരുടെ വേരുകള്‍ ചെന്ന് നില്കുന്നത് ആദിവാസികളിലാണ്. ഇന്നും പലര്‍ക്കുമറിയില്ല നമ്മള്‍ ഏത് ആദിവാസി ഗോത്രത്തില്‍ നിന്നുള്ളവരെന്ന്. ഇന്ത്യക്ക് പുറത്തുനിന്ന് ആര്യന്മാരെത്തി. അന്ന് ജാതിമതമില്ല. കാലം മാറി പ്രഭാതത്തിന് പുലരിയെന്നു പേരുകൊടുത്തു. ആദിവാസി ആര്യന്മാര്‍ ഹിന്ദുവായി, ഹിന്ദുവില്‍ നിന്നും ക്രിസ്തിയാനി, മുസ്ലിങ്ങള്‍ ജന്മമെടുത്തു. ഒരമ്മയുടെ മക്കള്‍ ജാതി പറഞ്ഞ്, കൊടിയുടെ നിറം പറഞ്ഞ് തമ്മില്‍ തല്ലുന്നത് കുറെ നാളുകളായി കാണുന്നു. കേരള ചരിത്രത്തില്‍ ഫ്യൂഡല്‍-ബൂര്‍ഷ്വ-പൗരോഹിത്യ ശക്തികളെ തുരത്തിയോടിച്ച നാട്ടില്‍ ജാതി-മത ഉല്പാദനത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം നിലനില്‍ക്കുന്ന നാടിനെ നാറ്റിക്കാന്‍ വികൃതജനാധിപത്യവാദികളായ രാഷ്ട്രീയക്കാര്‍ വോട്ടുപെട്ടി നിറക്കാന്‍വേണ്ടി വികസിപ്പിച്ചെടുത്ത തന്ത്രമാണ് മതമെന്ന മന്ത്രം. അതിന്റ വായ് തുറന്നുവിട്ടാല്‍ മത വികാരം ആളിക്കത്തിക്കും. ജനാധിപത്യമെന്ന പേരില്‍ മത-പണാധിപത്യം കാഴ്ചവെക്കുന്ന തെരഞ്ഞെടുപ്പുകള്‍. എല്ലാം മതത്തിലും വര്‍ഗീയ-മത മൗലികവാദികളെ കാണാനുണ്ട്. പ്രച്ഛന്നവേഷധാരികളായ ഈ സാമുഹ്യ ശത്രുക്കളെ നേരിടാന്‍ ഗുരുദേവന് ഏതാനം വാക്കുകള്‍ മതിയായിരുന്നു. അദ്ദേഹം ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു വര്‍ഗീയ വാദി ചോദിച്ചു. ‘ഏതാ ജാതി’ ആ ചോദ്യം ഗുരുദേവന് ഇഷ്ടപ്പെട്ടില്ല. ‘കണ്ടാല്‍ അറിയില്ലേ’ വര്‍ഗീയവാദി വീണ്ടും ചൊറിയാന്‍ തുടങ്ങി. ‘മനസ്സിലായില്ല’. ഗുരുദേവന്‍ പറഞ്ഞു. ‘കണ്ടാല്‍ മനസ്സിലാകില്ലെങ്കില്‍ കേട്ടാല്‍ എങ്ങനെ അറിയാനാണ്’. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം കരണത്ത് ഒന്ന് കൊടുത്തിട്ട് ചോദിക്കുമായിരുന്നു ‘ഇപ്പം മനസ്സിലായോ ‘. ഇന്ന് ഇതുപോലുള്ള വര്‍ഗീയ വിചിത്ര ജീവികള്‍ ഇറങ്ങിയത് മനുഷ്യനെ കൊള്ളചെയ്യാന്‍ മാത്രമാണ്. ഇവര്‍ മതത്തിന്റ മതില്‍ കെട്ടുംതോറും ജനാധിപത്യത്തെ വിഴുങ്ങുക മാത്രമല്ല ജനത്തെ അരക്ഷിതാവസ്ഥയിലേക്ക് നടത്തുക കുടി ചെയ്യുന്നു. മതത്തിന് ഭ്രാന്ത് പിടിച്ചാല്‍ മനുഷ്യര്‍ കണ്ണില്‍ ചോരയില്ലാത്ത വന്യ ജീവികളായി മാറും. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് മതമെന്ന പാല്‍പ്പായസം ഇവര്‍ വിളമ്പുന്നത് ദൈവത്തിന്റ, പാവങ്ങളുടെ വിശപ്പടക്കാനല്ല മറിച്ചു് സ്വന്തം പള്ള വീര്‍പ്പിക്കാനാണ്. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന ചിന്ത മനുഷ്യരെ കൊള്ള ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ജനാധിപത്യത്തിന്റ തണലില്‍ ലഭിച്ച തൊഴില്‍. സൂര്യപ്രഭ ഇലകള്‍ക്കിടയിലെ നിഴലുകളായി. സന്ധ്യയും ഇരുളും മാറി മറിഞ്ഞു.

മനസ്സില്‍ ജനാധിപത്യം പടുത്തുയര്‍ത്തിയ കെട്ടിടത്തിന്റ കല്ലുകള്‍ ഓരോന്നായി ഇളകി വീണുകൊണ്ടിരിക്കെ മനസ്സിന്റ ഏകാന്തതയെ തകര്‍ത്തത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്താണ് ദൈവങ്ങളുടെ പേരില്‍ ക്രൂരമായി, രക്തമായി, മാംസക്കഷണങ്ങളായി, മഹോല്‍സവമായി മാറുന്നത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇതൊന്നും കാണാറില്ല. വോട്ടു ചെയ്യുന്നവര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ മുക്കിലും മുലയിലും വീട്ടിലും നേരില്‍ പോലും കാണുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമെ കാണാറുള്ളു. അവരുടെ കര്‍മ്മഫലം വിവേകമുള്ള ജനങ്ങളാണ് തീരുമാനിക്കുന്നത്. തെരഞ്ഞടുപ്പില്‍ പണമദ്യകഞ്ചാവ് കൃഷിക്കാരുടെ ആജ്ഞകള്‍ അനുസരിക്കുന്നവരോ, ദൈവമതങ്ങളുടെ സ്തുതിപാഠകരോ അല്ല. ദുര്‍ഗന്ധം വമിക്കുന്ന പ്രസംഗം കേള്‍ക്കാറില്ല. മുക്കിലും മുലയിലും പ്രസംഗിക്കാനും അന്തരീഷ മലിനീകരണം നടത്താനും അനുവാദമില്ല. കൊടിയുടെ നിറത്തേക്കാള്‍, ദേവന്മാരെക്കാള്‍ മനുഷന് നന്മ ചെയ്യുന്ന ജനപ്രതിനിധികളെ അവര്‍ ആദരിക്കുന്നു. വിജയിപ്പിക്കുന്നു. മാധ്യമങ്ങള്‍ വഴിയാണ് കുടുതലും ഈ കൂട്ടരെപ്പറ്റി ജനമറിയുന്നത്. പോസ്റ്റ് വഴി വീട്ടിലെത്തുന്ന മത്സരാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും നോക്കി വോട്ടു പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി പോസ്റ്റ് ചെയ്യുക മാത്രമാണ് ഡാനി ഇന്നുവരെ ചെയ്തിട്ടുള്ളത്. രണ്ട് തെരെഞ്ഞടുപ്പുകളും ആനയും ആടുംപോലുള്ള വിത്യാസം. വിശപ്പില്‍ നിന്നും വിശപ്പിലേക്ക് പോകുന്നവരുടെ തെരഞ്ഞെടുപ്പുകള്‍.

ട്രെയിനിലെ ജനാല കമ്പികളിലൂടെ മാഞ്ഞുപോകുന്ന കാഴ്ചകള്‍ കണ്ടിരുന്നു. വയല്‍പറമ്പുകളില്‍ ആടുമാടുകള്‍ പച്ചിലകള്‍ ഭക്ഷിച്ചു വിശപ്പടക്കുന്നതും വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരെയും കണ്ടു. ട്രെയിന്‍ വീണ്ടും മറ്റൊരു ട്രെയിന്‍ പോകാനായി കാത്തു കിടന്നു. അതിനടുത്തൊരു ചെറിയ തടാകത്തില്‍ ധാരാളം പോത്തും എരുമയും മുങ്ങി കുളിക്കുന്നു. അവിടേക്ക് ഏതാനം കുഞ്ഞാടുകള്‍ വന്ന് ദാഹമടക്കാന്‍ ദയനീയമായി നോക്കി നിന്നു. തെരഞ്ഞെടുപ്പ് വിരുന്നുശാലയിലേക് വിശപ്പടക്കാന്‍ വരുന്ന കുഞ്ഞാടുകളെ ഡാനി ദയനീയമായി ഓര്‍ത്തിരുന്നു.