കോഴിപറമ്പിലെ കൊറോണ കോയിച്ചൻ. ..കാരൂർ സോമൻ എഴുതിയ കഥ

കോഴിപറമ്പിലെ കൊറോണ കോയിച്ചൻ. ..കാരൂർ സോമൻ എഴുതിയ കഥ
March 28 03:58 2020 Print This Article

കാരൂർ സോമൻ

ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടർന്നു നിൽക്കുമ്പോഴാണ് ലണ്ടനിൽ നിന്നെത്തിയ കോഴിപറമ്പിലെ കോയിച്ചൻ എന്ന് വിളിപ്പേരുള്ള യാക്കൂ കൊറീത് കാറുമായി റോഡിലിറങ്ങിയത്. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മടങ്ങിപ്പോകാൻ തയ്യാറല്ലാത്ത കോയിച്ചൻ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നിൽ എടുത്തു കാട്ടി. ഉടനടി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുൻപ് ആലപ്പുഴയിൽ ധാരാളം കോഴികൾ വൈറസ് മൂലം ചത്തൊടുങ്ങിയിരുന്നു. കോഴിപറമ്പിലെ കോയിച്ചെന്റെ പിതാവ് കൊറീതിനും ധാരാളം കോഴികളുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് വൈറസ് കണ്ടെത്തിയത് കോഴിപറമ്പിലെ കോഴികൾക്കാണ്. കോഴികളെയെല്ലാം കൊന്നു കുഴിച്ചുമൂടി. ഇപ്പോൾ കൊറോണ പരത്താൻ മകനും ലണ്ടനിൽ നിന്നെത്തിയിരിക്കുന്നു.

കോയിച്ചൻ നാട്ടിലെത്തിയത് രോഗക്കിടക്കയിലുള്ള പിതാവിനെ കാണാനാണ്. ആ വരവിന് മറ്റൊരു ഉദ്ദേശവുമുണ്ട്. കോഴികളെ പരിപാലിച്ചിരുന്ന കുഞ്ഞുമോൻ കോഴികൾക്കൊപ്പം കോഴിപ്പനി പിടിച്ചു് മരണപ്പെട്ടു. ആ കുടുംബത്തിന്റ എല്ലാം ഉത്തരവാദിത്വവും കുട്ടികളുടെ പഠനമെല്ലാം കോഴിപറമ്പൻ കൊറീത് ഏറ്റെടുത്തു. അതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. കൊറിതിന്റ മകൻ കോയിച്ചൻ പിതാവറിയാതെ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. മധുര സ്മരണയിൽ കഴിയുന്ന കുഞ്ഞുമോൾ കോഴി പൊരിച്ചു കാത്തിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്. ആ വാർത്ത അവളെ അഗാധ ചിന്തയിലേക്ക് വലിച്ചിഴച്ചു.

കോയിച്ചെന്റെ കാറിൽ നിന്ന് പോലീസ് ഒരു ജോണി വാക്കർ വിസ്‌കിയെടുത്തു് തിരിച്ചും മറിച്ചും നോക്കി. നാട്ടിൽ വരുമ്പോഴൊക്കെ കോയിച്ചൻ കുപ്പികൾ കൊണ്ടുവരാറുണ്ട്. കോഴിയും കുപ്പിയും കുഞ്ഞുമോളും അയാൾക്ക് വിലപ്പെട്ടതാണ്. പൊലീസിന് മറ്റൊരു വിവരംകൂടി കിട്ടി. രാജ്യത്തെ ജനതാ ഹർത്താൽ ദിവസം ഇയാളെ പോലീസ് പിടികൂടി വിട്ടയച്ചതാണ്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫേസ് ബുക്ക് പരിശോധിച്ചു. മറ്റുള്ളവരുടെ കഴുത്തിൽ കത്തിവെക്കുന്ന പലതും വായിച്ചു. ബ്രിട്ടനിൽ ഇയാൾ അറിയപ്പെടുന്നത് കൊറോണ കോഴിയെന്നാണ്. ആ പേര് വരാൻ കാരണം സോഷ്യൽ മീഡിയയിലാണ് ഇദ്ദേഹം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും അതിനെ വളർത്തി വലുതാക്കി മൊട്ട വിറ്റഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളർത്തുന്ന കോഴിപ്പനി ഇപ്പോൾ കൊറോണ വൈറസ്സായി മനുഷ്യരുടെയിടയിലും വളർത്തുന്നു. തന്റെ തെറ്റുകൾ പൊറുക്കണമെന്ന് പോലീസിനോട് കേണപേക്ഷിച്ചെങ്കിലും പോലീസുകാരൻ കണ്ണു കുർപ്പിച്ചു് വെറുപ്പോടെ നോക്കി പറഞ്ഞു. “നിന്നെപോലുള്ള വൈറസ് രോഗികൾ ജയിലിൽ കിടന്നാലെ പഠിക്കു”. കോയിച്ചൻ ദയനീയ ഭാവത്തിൽ കണ്ണു തുറന്ന് നോക്കി.

സംഭവമറിഞ്ഞ ലണ്ടനിൽ നഴ്‌സായി ജോലിചെയ്യുന്ന രണ്ട് മക്കളുള്ള ഭാര്യ അലീന പോലീസ് സ്റ്റേഷനിലുള്ള ഭർത്താവിനോട് വ്യാകുലപ്പെട്ടുകൊണ്ടറിയിച്ചു.

” ഇവിടുന്ന് നാട്ടിൽ പോയത് കൊറോണ പടർത്താനാണോ മനുഷ്യ? രോഗമുള്ള വ്യക്തിയുടെ ചുമ, തുമ്മൽ, രോഗബാധയുള്ള വ്യക്തികൾ സ്പര്ശിച്ച വസ്തുക്കളിൽ തൊട്ടാൽ പകരുന്നതൊക്കെ അറിയില്ലേ? വീട്ടിലിരിക്കാതെ വൈറസ് പരത്താൻ ഇറങ്ങിയിരിക്കുന്നു? ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ പോയത്? ഈ രാജ്യത്തിനും നാണക്കേടുണ്ടാക്കുമെല്ലോ?

ആരെ കാണാനെന്നുള്ള ചോദ്യം കേട്ടപ്പോൾ ഹ്ര്യദയം കുതിക്കുവാൻ തുടങ്ങി. തന്റെ തലക്ക് മുകളിൽ നാട്ടിലെ കാമുകിയുടെ വാൾ തൂങ്ങികിടക്കുന്നത് അലിനക്കറിയില്ല. മാതാപിതാക്കളെ കാണാൻ വളരെ ഉത്സാഹത്തോടെ പോകുമ്പോൾ ഭർത്താവ് കാമുകിയുമായി പ്രേമസുഖത്തിൽ പുളച്ചൊഴുകാനെന്ന് ഒരു ഭാര്യയും ചിന്തിക്കില്ല. പേരിനും പെരുമക്കും വേണ്ടി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കത്തിച്ചുവിടുമെങ്കിലും ദാമ്പത്യ ജീവിതത്തിൽ മറ്റൊരു പരിഷ്ക്കാരം വരുത്തുമെന്ന് അലീന വിശ്വസിക്കില്ല. നല്ല ഭർത്താക്കന്മാർക്ക് അങ്ങനെ മൂടുപടമിട്ട് നടക്കാൻ സാധിക്കുമോ?

പള്ളിയിൽ പോകുമ്പോഴൊക്കെ ഭർത്താവ് ബാഹ്യഡംബരങ്ങളിൽ മിഴിവ് കാണിക്കാറുണ്ട്. ആ മുഖം വടിച്ചു മിനുക്കി, പള പളുപ്പൻ കറുത്ത കോട്ടും സ്യൂട്ടും അതിൽ സുഗന്ധം പരത്തുന്ന പെർഫ്യൂമടിച്ചു് തിളങ്ങുന്ന ഷൂസു൦ കറുത്ത കണ്ണടയും സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കാൻ മാത്രമെന്ന് അലീനയുടെ കൂട്ടുകാരി ആനി പറഞ്ഞപ്പോഴാണ് അതിന്റ ദൂഷ്യവശം മനസ്സിലാക്കി അലീന ഒപ്പം പോകാൻ തുടങ്ങിയത്. ആദ്യ കുടിക്കാഴ്ചയിൽ തന്നെ ഇയാളൊരു കോഴിയെന്ന് ആനി മനസ്സിലാക്കി അകൽച്ച പാലിച്ചു. ഇപ്പോൾ ആ കോഴിപ്പനി സോഷ്യൽ മീഡിയയിലാണ് കാണുന്നത്. ഭർത്താവിനെ ഓർത്തിരുന്ന അലീനയുടെ മനസ്സ് പള്ളിക്കുള്ളിലെ ഭിത്തികളിൽ ചിറകുവിരിച്ചു പറക്കുന്ന സുന്ദരിമാരായ മാലാഖമാരിലെത്തി. ഏതൊരു പുരുഷനും അതിന് മുകളിൽ ചിറക് വിടർത്തി പറക്കാൻ ശ്രമിക്കും. ആ മാലാഖമാരെ കണ്ട് തന്റെ കണ്ണ് കുളുർത്തിരിന്നു. ഭക്തി പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്ന ഈശ്വരന്റ കൂടാരങ്ങൾ ആഡംബരത്തിൽ ഉല്ലസിക്കുന്നു. സുന്ദരിമാർ മണ്ണിലെ പക്ഷികളായി പലരുടെയും ഹൃദയത്തിൽ നിർബാധം വന്നിരിക്കുന്നു. ചിലർക്ക് പദവികളാണ് പ്രധാനം. ഈ കൊറോണ കൊവിഡിനെ മനുഷ്യരിലൂടെ ഈശ്വരൻ അയച്ചതാണോ? ഈശ്വരൻ തന്ന പ്രപഞ്ചത്തെ മനുഷ്യർ മാലിന്യകൂമ്പാരമാക്കിയത് മാത്രമല്ല അവന്റെ മനസ്സും പാപ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു. മനുഷ്യർ കിളിക്കൂടുകളിൽ അഭയം പ്രാപിച്ചു. ശത്രു മുന്നിൽ പത്തിവിരിച്ചാടുന്നു. എങ്ങും ഭയം, മൗനം, നിശ്ശബ്‌ദം. ഈശ്വരന്റെ കാലൊച്ചകൾ കാതുള്ളവൻ കേൾക്കട്ടെ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles