ഡോ.ഉഷാറാണി.പി.

പ്രശാന്തമായ പകൽ. വെയിൽ, ഇനി ഉറയ്ക്കുകയേയുള്ളൂ. നിർവ്വേദത്തിൽനിന്നു സർവ്വശക്തയായ ദേവി പെട്ടെന്നുഞെട്ടിയുണർന്നു.

ശ്രീകോവിലകം! കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അഭൗമഗന്ധം.എല്ലായിടവും പൂക്കൾ. കർപ്പൂരമെരിയുന്നതു ശ്വസിക്കാൻതന്നെ എന്തുസുഖം. ഓട്ടുമണികൾ കിലുങ്ങുന്ന ആനന്ദകരമായ ശബ്ദമുണ്ട്.നിലവിളക്കുകളിലെ തിരിനാളങ്ങളുടെ ജ്വാലകൾക്കു തെല്ലും മങ്ങലില്ല.

പോറ്റിയും പരിചാരകരുമുണ്ട്. ഭക്തജനങ്ങളുമുണ്ട്. ഭൂമിയിലാണെങ്കിലും സ്വർഗീയമായ ഈ അന്തരീക്ഷത്തിൽ താൻ വല്ലാതെ ഞെട്ടിത്തെറിക്കാനുണ്ടായ കാരണം മഹാമായയുടെ മനോമുകുരത്തിലപ്പോൾ തെളിഞ്ഞു.

തൻ്റെ ഒരു ചിലമ്പ് കാലിലില്ല. മറ്റേച്ചിലമ്പ് മാത്രമേ ഇപ്പോഴുള്ളൂ!
“അമ്മേ…” എന്ന് ഉള്ളുനിറഞ്ഞ് തന്നെ വിളിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടിയവളെ ഓർമ്മവരുന്നു. അവളും ദേവിയായിരുന്നു. ഒരു ഹൃദയക്ഷേത്രത്തിലെ ദേവി.

ആ സമയം തന്നിലർപ്പിതമായ അവളുടെ മനസു വായിച്ചറിഞ്ഞു.വരദായിനിയല്ലേ താൻ. പിന്നെ ഒന്നുമോർത്തില്ല. അഭയംയാചിച്ച ആ കൈകളിലേക്ക് തൻ്റെയൊരു പൊൻചിലമ്പ് കാരുണ്യത്തോടെ വച്ചുകൊടുത്തു.

അതീവഭക്തിയോടെ അവളുടെ മനസുനിറയുന്നതു താൻ കണ്ടു. അതിലേറെ ഭക്തിയോടെ ആ ചിലമ്പ് രണ്ടു കണ്ണുകളിലും അവൾ ചേർത്തു. കണ്ണടയണിഞ്ഞവൾ. എന്നിട്ടും എത്ര പവിത്രമായാണ് ആ ചിലമ്പിനെ അവൾ കണ്ണുകളിൽ ചേർത്തത്.പാത്രമറിഞ്ഞുള്ള ദാനംതന്നെ.

പിന്നെയൊന്നും ഓർമ്മയില്ല. താൻ നിർവ്വേദത്തിലാണ്ടു. അപ്പോൾ ,അവൾ തൻ്റെ ചിലമ്പും കൊണ്ടുപോയിരിക്കും. ഭഗവതിയൊന്നു ഞെട്ടി.അവളെ പിന്തുടർന്നേപറ്റൂ.

അകക്കണ്ണു തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ജഗദംബിക വീണ്ടും ഞെട്ടി. സർവ്വചരാചരങ്ങളുടെയുംമേൽ നിയന്ത്രണാധികാരമുള്ള തന്നെ ഏതൊന്നാണു നിയന്ത്രിക്കുന്നത്?

“ഭഗവാനേ, ” അറിയാതെ ദേവി വിളിച്ചുപോയി. “എന്തൊരു പരീക്ഷണമാണിത്!പരമേശ്വരിയായ താൻ വെറുമൊരു നാരിയാൽ പരാജയമറിയുകയോ. ഉം… ” അവിടുന്ന് അമർത്തിമൂളി.

തിരക്കിയിറങ്ങുകതന്നെ.ചിലമ്പ് തിരികെക്കിട്ടിയേതീരൂ. ചെയ്തുപോയ ബുദ്ധിശൂന്യത തിരുത്തണം.
ദേവി, വിഗ്രഹത്തിൽ നിന്നുമിറങ്ങാൻ തുനിഞ്ഞു. അപ്പോഴാണ് കണ്ടത്, ശ്രീകോവിലിൻ്റെ വാതിലുകൾ അടച്ചിരിക്കുന്നു. ദീപാരാധനയ്ക്കായി നടയടച്ചതാണ്. താൻ ബോധത്തിലേക്കുണർന്നു ചിന്തകളിൽ മുഴുകിയപ്പോൾ പൂജാരി ശ്രീകോവിൽനട അടച്ചതാണ്. പുറത്തു ഭക്തർ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുകയാവും. ദീപാരാധനകഴിഞ്ഞാലും നടയടയ്ക്കാൻ വളരെനേരം കഴിയും. അവശേഷിക്കുന്ന ഭക്തരുടെ ഇടയിലൂടെ തനിക്കു പുറത്തിറങ്ങാൻ കഴിയില്ല. ദീപാരാധന കഴിയുമ്പോൾ സ്വസ്ഥമായി പ്രാർത്ഥനചെയ്യാൻ കാത്തുനിൽക്കുന്നവരുമുണ്ടാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ടവളാണു താൻ.

ഉടനെയൊന്നും ക്ഷേത്രനട താണ്ടാൻപറ്റില്ലെന്ന് ദേവിക്കുറപ്പായി. മനസിൽ നിരാശനിറഞ്ഞു. അതിനെക്കാളേറെ ആകാംക്ഷയായിരുന്നു, തൻ്റെ ചിലമ്പെവിടെയെന്ന്.

സമയം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആദ്യമായിത്തോന്നി. സമയചക്രത്തെ തിരിക്കുന്നവളുടെ നിസ്സഹായത !
യുഗങ്ങൾതന്നെ കഴിഞ്ഞുവെന്നു തോന്നി. ശ്രീകോവിൽനട മലർക്കെ തുറക്കപ്പെട്ടു.

പ്രധാനമണി ഉച്ചത്തിലടിക്കുന്നു. പോറ്റി തൻ്റെ കയ്യിലെ ചെറുമണികിലുക്കുന്നു. മറുകയ്യാലെ ദീപങ്ങൾകൊണ്ടു തന്നെ ഉഴിയുന്നു. ചന്ദനത്തിരികളും കർപ്പൂരവും ഉയർത്തുന്ന ഗന്ധവും ധൂമവും നിറഞ്ഞുകവിയുന്നു.എന്തൊരു പുകച്ചിലാണു തനിക്കിപ്പോളനുഭവപ്പെടുന്നത്. ശ്വാസംമുട്ടുന്നു. കണ്ണുകൾ പുകയുന്നു.പുറത്തിറങ്ങി ഓടാൻതോന്നുന്നു.

ശ്രീകോവിലിനു പുറവും മുഖരിതമാണ്. കുരവയിടൽ ശബ്ദം കാതുകളെ തുളച്ചുകയറുന്നു. ഭാഗ്യം, പ്രധാനമണി മുഴക്കിക്കൊണ്ടിരുന്നതു നിർത്തി.അത്രയും കർണങ്ങൾക്കാശ്വാസമെന്നു കരുതി. പോറ്റിയുടെ കൈമണികിലുക്കലും നിർത്തി.

” ദേവീ അംബികേ, മഹാമായേ ,ഭഗവതീ, അമ്മേ…” എന്നൊക്കെയുള്ള വിളികൾ ഇപ്പോൾ വ്യക്തമായിക്കേൾക്കാം. അമ്മേ എന്നുള്ള വിളി വല്ലാതെ അസഹനീയമായി. കാതുകൾ ഇറുകെപ്പൊത്തി.

“ഭഗവാനേ ഇനിയും ഞാൻ എത്രനേരം കാക്കണം.” ദേവി ഞെളിപിരികൊണ്ടു. ഭക്തവത്സലയായ ഭഗവതിക്കൊടുവിൽ ആശ്വാസത്തിൻ്റെ മുഹൂർത്തമണഞ്ഞു. ദേവീപ്രതിഷ്ഠയിൽനിന്നു താൽക്കാലികമോചനം.എന്നാൽ അന്വേഷണത്തിൻ്റെ ബന്ധനവും.

ക്ഷേത്രനടയും പ്രധാനവാതിലും പിന്നിട്ടു റോഡിലിറങ്ങി .ഏതു ദിക്കിലേക്കാണവൾ പോയത്. മനസ്സിലേക്ക് ആ ചിത്രംതെളിഞ്ഞുവന്നു.പടിഞ്ഞാറേക്കുനടന്നു. പാദുകങ്ങളണിഞ്ഞിരുന്നതാണെങ്കിലും അവളുടെ കാലടികൾ തിരിച്ചറിഞ്ഞു.

റോഡിനിരുവശവുമുള്ള ഭവനങ്ങൾതാണ്ടി. ചെറിയ മുക്കവലയും അതിനെക്കാൾ ചെറിയ നാൽക്കവലയും പിന്നിട്ടു. എന്നാൽ തുടർന്ന് കാലുകൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് അതിശയത്തോടെ ദേവി മനസിലാക്കി.

ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടത്തിലേക്ക് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അവളുടെ വീട് ഇതല്ല. പക്ഷേ അവൾ ഈ വീട്ടിൽ കയറിയിരിക്കുന്നു.

വിവരങ്ങളെല്ലാം മനസിൽത്തെളിഞ്ഞു. ഇതവളുടെ സഹപാഠിയുടെ വീടാണ്. അവളവിടെ കയറാനുണ്ടായ വസ്തുതതയും ദേവിയുടെ ബോധത്തിലേക്കു കടന്നുവന്നു. അവൻ്റെ പ്രായമായ അമ്മ മരണപ്പെട്ടിട്ടിന്നു രണ്ടാം ദിവസം. മരണത്തിൽ അനുശോചനമറിയിക്കാനാണ് നാട്ടാചാരപ്രകാരം അവളവിടെക്കയറിയത്.മറ്റൊന്നുകൂടി ദേവിയുടെ ബോധത്തിൽ ആഞ്ഞടിച്ചു.അവൾ തൻ്റെ ചിലമ്പ് അവിടെ മറന്നുവച്ചിട്ടാണു തിരികെപ്പോയത്!

എന്തൊരു പരീക്ഷണമാണിത്.

താനെങ്ങനെ ആ വീട്ടിൽക്കയറും, തൻ്റെ കാലുകൾ മുന്നോട്ടു ചലിക്കാത്തതും മറ്റൊന്നും കൊണ്ടല്ല, മരണവീട്ടിലോ പരിസരത്തോ പതിനാറു ദിവസം ദേവിയായ തനിക്കു പ്രവേശനമില്ല!

മടങ്ങുകയേ നിവൃത്തിയുള്ളൂ. തൻ്റെ ചിലമ്പ്, അതൊന്നു കാണുകയെങ്കിലും ചെയ്യാൻ ജ്ഞാനദൃഷ്ടിയിലൂടെ ദേവി ഉദ്യമിച്ചു. നടക്കുന്നില്ല. പുലയുള്ള വീട്ടിലെ കാഴ്ചകൾപോലും ദേവിമാർക്ക് പ്രാപ്യമല്ലല്ലോ.

ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ തനിക്ക് വല്ലാതെ തലകറങ്ങുന്നതായി ഈശ്വരിക്കനുഭവപ്പെട്ടു. വിയർക്കുന്നുണ്ടോ? ഇല്ല. വിയർക്കില്ല. ദൈവങ്ങൾക്കു വിയർപ്പില്ല.
ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ തിരികെക്കയറിയിരുന്നു ദേവി. “ഭഗവാനേ….. ” എന്നു മാത്രം മനസു കേണു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പുലയാചാരം.മരണവീട്ടിലെ ദു:ഖം പങ്കുവയ്ക്കാനെത്തുന്ന അസംഖ്യം ബന്ധുമിത്രാദികൾ,അഞ്ചാം നാളിലെ സഞ്ചയനം. ഇതിനിടയിൽ ആ പൊൻചിലമ്പിൻ്റെ സുരക്ഷിതത്വം എങ്ങനെയായിരിക്കും?

സുദേവൻ എന്ന അവളുടെ കൂട്ടുകാരൻ സ്വന്തം ഭവനത്തിൽനടന്ന ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇടയ്ക്കിടെ അവനുമായി ഫോൺസന്ദേശങ്ങൾ കൈമാറുന്ന അവൾ ഇതുവരെ അവനെ അറിയിച്ചതുമില്ല.

അവളുടെ വീടും ചലനങ്ങളും തൻ്റെ കൺമുമ്പിലുണ്ട്.എന്തുകൊണ്ടാണവൾ തൻ്റെ മറവിയാൽ കൈമോശംവന്ന ഈ വലിയ സംഗതി അവനെ അറിയിക്കാതിരിക്കുന്നത്?

അവൾക്ക് ഇതിത്ര നിസ്സാരകാര്യമാണോ? അതോ മറ്റുവല്ല ഉദ്ദേശ്യവുമാണോ?

കാത്തിരിക്കുകതന്നെ.

കാത്തിരിപ്പിൻ്റെ പതിനാലു ദിവസങ്ങൾ കഴിഞ്ഞു ;പതിനാലു യുഗങ്ങളെപ്പോലെ. നിർണ്ണായകമായവ.
ഇന്ന് സുദേവൻ്റെ അമ്മയുടെ മരണാനന്തര പതിനാറാംദിനചടങ്ങുനടക്കുകയാണ്. അടുത്ത ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന ആചാരം. എന്നാൽ ഉറ്റകൂട്ടുകാരിയായ അവളെയും അവൻ ക്ഷണിച്ചിരിക്കുന്നു. സസന്തോഷം ആ ക്ഷണം അവൾ കൈപ്പറ്റി.

നല്ല സൗഹൃദങ്ങൾ നിലനിൽക്കട്ടെ ; അവയിലെ സഹകരണവും വിശ്വാസവും.അതുകൊണ്ടാണല്ലോ അവൻ തൻ്റെ ജീവിതത്തിലെ നിലയില്ലാക്കയങ്ങൾ അവളെ തുറന്നുകാണിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടയ്ക്കിടെ കൈമാറിയിരുന്ന തമാശകൾ നിറഞ്ഞ ഫോൺസന്ദേശങ്ങൾ സുദേവൻ്റെ അമ്മയുടെ മരണത്തോടെ അവളൊന്നുനിർത്തി. അവളുടെ ചിന്തകളിൽ താൻ അവൻ്റെ വീട്ടിൽ മറന്നുവച്ച പൊൻചിലമ്പു കടന്നുവന്നതു പിന്നെയും വൈകിയാണ്.

” പ്രായമായിത്തുടങ്ങി ” എന്ന് മാത്രമാണ് ഈയിടെ സാധാരണമായ തൻ്റെ മറവിക്കു കാരണമായി അവൾ പറയാറുള്ളത്.

തനിക്കു ചിലമ്പിൻ്റെ രൂപത്തിൽക്കിട്ടിയ ഭഗവതീകടാക്ഷം സുദേവൻ്റെ വീട്ടിൽ കൈമോശം വന്നുവെന്നോർത്ത നിമിഷം അവൾ ഞെട്ടിത്തെറിച്ചു. അക്ഷന്തവ്യമായപാപം.

തന്നോടു പൊറുക്കാൻ വിളിച്ചപേക്ഷിച്ചു മഹാമായയോട്. താൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ ആ ചിലമ്പ് കൈപ്പറ്റിയതെന്നവൾ ശങ്കിച്ചു. ഉത്തരം നൽകാൻ ദേവിയോടു കേണു.

ഒടുവിൽ സുദേവനു തൻ്റെ വിരൽ കൊണ്ടെഴുതി, അതു സന്ദേശമാക്കി ഫോണിലൂടെ അയച്ചു. സാമ്പത്തികമായുള്ള തൻ്റെ പരാധീനതകൾ സുദേവൻ അവളോടു തുറന്നുപറയാൻ തുടങ്ങിയതായിടയ്ക്കാണ്. രാത്രികളിൽ ചിലമ്പിനെക്കുറിച്ചുമാത്രം സന്ദേശങ്ങളിലൂടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ്റെ വീട്ടിലെ പതിനാറുകഴിയാൻ അവളും കാത്തിരുന്നു.

രണ്ടു ദേവിമാർ, ഇഹത്തിലെയും പരത്തിലെയും. ഇരുവരും ഒരുമിച്ചാണന്ന് സുദേവൻ്റെ ഗേറ്റിങ്കൽച്ചെന്നത്. താൻ ഒറ്റയ്ക്കാണെന്നേ അവൾക്കറിയാവൂ.ദൃഢനിശ്ചയം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.

അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കണ്ണുകൾകൊണ്ടുമാത്രം സുദേവനും അവളും സംസാരിച്ചു.സുദേവൻ്റെ ഭാര്യ അവളെക്കണ്ട് വന്നുകൂട്ടിക്കൊണ്ടുപോയി. ഗേറ്റിനു പുറത്തുനിന്നിരുന്ന സർവ്വാഭരണവിഭൂഷിതയായ സാക്ഷാൽ ഭഗവതിയെ ആരും കണ്ടില്ല.അതിനാൽ ദേവി ക്ഷണിക്കപ്പെട്ടതുമില്ല.
ഇപ്പോഴും കാര്യങ്ങൾ തനിക്കു വ്യക്തമായിക്കാണാൻ തുടങ്ങിയില്ലെന്നു ദേവിക്കു ബോധ്യമായി.തൻ്റെ വ്യഗ്രത. ഇന്നു ഗേറ്റു വരെ എത്താൻ തനിക്കു കഴിഞ്ഞല്ലോ.

പുകപടലം ക്രമേണ നീങ്ങുന്ന അന്തരീക്ഷം; തൻ്റെ ദൃഷ്ടിപഥംപോലെ. ഇനിയും തീ കെട്ടുതീരാത്ത താൽക്കാലിക അടുപ്പിലെ കൊതുമ്പിൻ്റെ കനലുകൾ തിളങ്ങുന്നു ;തൻ്റെ ചിന്തകൾപോലെ.ഇക്കഴിഞ്ഞ പതിനാലു ദിവസവും ഉച്ചയ്ക്കു ക്ഷേത്രനടയടച്ചു കഴിയുമ്പോൾ ഈ വീടിൻ്റെ കണ്ണെത്തുംദൂരെവരെ താൻ മറ്റൊരനുഷ്ഠാനംപോലെ വരുമായിരുന്നല്ലോ.

ഇനി രാത്രിയിലെയൊരു ചടങ്ങു കൂടിയുണ്ട്.പരേതാത്മാവിന് ഇഷ്ടഭോജനങ്ങളെല്ലാമുണ്ടാക്കി വച്ചുകൊടുക്കൽ ചടങ്ങ്. ഏറ്റവുമടുത്ത ബന്ധുക്കൾമാത്രം സന്ധിക്കുന്നത്.

തൻ്റെ മുന്നിലൂടെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നവരിൽ ഒടുവിൽ അവളുമുൾപ്പെട്ടു. പടിവരെ അവളെ അനുഗമിച്ച സുദേവനെ ഗേറ്റിൽനിന്ന് അവസാനമെന്നതുപോലെ അവൾ നോക്കി.ഗേറ്റിനു പുറത്ത് റോഡിലിറങ്ങി.

അവളുടെ മനസിലെ വിങ്ങലുകൾ ഭഗവതി വായിച്ചെടുത്തു.ദേവി അനുഗ്രഹമായിത്തന്ന പൊൻചിലമ്പിൻ്റെ കൈമോശം വരുത്തിവച്ച നൊമ്പരമായിരുന്നു അവൾക്ക്. പ്രായവും പാരമ്പര്യവും തനിക്കു കനിഞ്ഞുതന്ന രണ്ടു വൈകല്യങ്ങളെ അവൾ മനസാ ശപിക്കുന്നതും കേട്ടു .

ഓർമ്മക്കേടും കേൾവിക്കുറവും.

സുദേവനധികം ഒച്ചയെടുത്തില്ലെങ്കിലും ഇപ്പോൾ തൻ്റെയടുത്തുനിന്നു പറഞ്ഞതുപോലും തനിക്കു കേൾക്കാൻപറ്റാതെപോയതവളോർമ്മിച്ചു.

ആദ്യമായാണ് പൈതൃകമായിക്കിട്ടിയ ഈ സ്വഭാവവിശേഷങ്ങളെ താൻ ശപിക്കുന്നത്. അച്ഛനും അപ്പച്ചിമാർക്കും കൊച്ചച്ഛനും ചേച്ചിക്കും ഇപ്പോൾ തനിക്കും. അനുഗ്രഹമായേ ഇതുവരെ കരുതിയിട്ടുള്ളൂ, അച്ഛനെ ഇടയ്ക്കിടയ്ക്കോർമ്മിക്കാൻ അച്ഛൻ തന്ന സൗഭാഗ്യങ്ങൾക്കിടയിൽ ഇതൊരു കുറവേയല്ലായിരുന്നുതാനും.

ഇപ്പോൾ അവൻ പറഞ്ഞ ഒരുകാര്യംമാത്രം വ്യക്തമായി. സാമ്പത്തികപരാധീനത.അതിനാൽ അവൻ്റെ വീട്ടിലെവിടെയോ താൻ മറന്നുവച്ച ചിലമ്പു കണ്ടുപിടിക്കാനായെങ്കിൽ, എന്നും.

“സുദേവാ ….” എന്ന് താൻ ഒച്ചയില്ലാതെ അലറി. “ഈശ്വരാ….” ഇപ്പോഴവൾ നെടുവീർപ്പിട്ടു.

രാത്രിയിലെ ചടങ്ങിനും പ്രിയകൂട്ടുകാരൻ വിളിച്ചിട്ടുണ്ട്. താൻ പോകില്ല. ചടങ്ങുകളെല്ലാം കഴിയുമ്പോൾ അവൻ ഫോണിൽ സന്ദേശമയയ്ക്കും.ഉറപ്പ്. കാത്തിരുന്നതുപോലെ രാത്രി ഒരുപാട് വൈകിയപ്പോൾ അവൻ്റെ സന്ദേശംവന്നു. ഒരു കടമ നിർവ്വഹിച്ചുകഴിഞ്ഞ ആശ്വാസം അവൻ പങ്കുവച്ചിരിക്കുന്നു. ഒപ്പം തൻ്റെ വീട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചിലമ്പു കണ്ടെത്തിക്കഴിഞ്ഞാലുണ്ടാവുന്ന നേട്ടവും ആവർത്തിച്ചിരിക്കുന്നു.

തൻ്റെ അസ്വസ്ഥകൾക്കറുതിയില്ലെന്നവൾ തീർച്ചപ്പെടുത്തി; തുടങ്ങിയതേയുളളുവല്ലോ.ഒന്നു കൂടെ നെഞ്ചുരുകി വിളിച്ചു “ഭഗവാനേ…. ”

ഉറക്കത്തിലാണെങ്കിലും താൻ ഉണർവ്വിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ഒഴുകുകയാണ്, സാക്ഷാൽ മഹാമായയോടൊപ്പം .ദേവിയെ കണ്ണിമചിമ്മാതെ നോക്കി. ജ്വലിക്കുന്ന സൗന്ദര്യമെന്നെല്ലാം വായിച്ചിട്ടുള്ളത് നേരിൽക്കണ്ടു. എന്തൊക്കെ ആഭരണങ്ങളാണ് അവിടുന്നണിഞ്ഞിരിക്കുന്നത്.

ചുറ്റും ധൂമം പൊങ്ങുന്നു.ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ. എന്തൊരു സുഗന്ധമാണതിന്.ദേവിയെ തൊടാൻ പറ്റുന്നില്ല. രാത്രിയോ പകലോ എന്നു തിരിച്ചറിയാനും വയ്യ. പെട്ടെന്ന് യാത്ര അവസാനിച്ചു.

സുദേവൻ്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അല്പംപോലും സംശയമില്ലാതെ നിൽക്കുകയാണവൻ.

“സുദേവാ, ഇവളെക്കൂട്ടിക്കൊണ്ടുവന്ന് നേരിട്ടു ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിശ്വസിക്കില്ലിവൾ .എന്നും നീറിനീറിക്കഴിയും. ” ദേവിയുടെ ശബ്ദംകേട്ട് മുത്തുമണികൾ പൊഴിയുന്നതാണോ എന്നവൾ സംശയിച്ചു.

സുദേവൻ ചിരിച്ചു. അവളോടായി പറഞ്ഞു. ” കല ടെൻഷനടിക്കണ്ട. ചിലമ്പിൻ്റെ കാര്യം സോൾവു ചെയ്തു.”

ഭൂഗോളമൊന്നു കുലുങ്ങിയോയെന്ന് ചിന്തിച്ചതേയുള്ളൂ.സുദേവൻ്റെ ശബ്ദം ഓങ്കാരംപോലെ മുഴങ്ങുന്നതായവൾക്കു തോന്നി. “എടേയ്, ആ ചിലമ്പ് ഈ വീട്ടിലുണ്ട്. കണ്ടെത്തി ഞാൻ സ്വന്തമാവശ്യങ്ങൾക്കുപയോഗിച്ചുകൊള്ളാൻ ദേവിതന്നെ സമ്മതിച്ചു. എൻ്റെ അമ്മയുടെ അനുഗ്രഹം.” അവസാനത്തെ വാചകം പറഞ്ഞപ്പോൾ സുദേവൻ്റെ സ്വരം ഇടറിയെന്നവൾക്കു വ്യക്തമായി .

ദേവിയുടെ പുഞ്ചിരി അവിടെയെല്ലാം പ്രഭപരത്തി. അവൾ നിലവിളിച്ചു.” അമ്മേ, എൻ്റെ അമ്മേ, സർവ്വാപരാധങ്ങളും പൊറുക്കണേ. ” കുങ്കുമ വർണ്ണമുള്ള ഭഗവതിയുടെ തൃപ്പാദങ്ങളിൽ അവൾ മുഖംചേർത്തു കണ്ണടച്ചു.

ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അന്ന് പാതിരാത്രികഴിഞ്ഞനേരത്ത് കെടാവിളക്കിൻ്റെ മങ്ങിയപ്രഭയിൽ നിർവ്വേദത്തിലാണ്ടു ;കല തൻ്റെ കിടക്കയിലും.

രണ്ടു ദേവിമാർ!

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959