ഡോ. മായാഗോപിനാഥ്

അമ്മേ ദേ നോക്കിയേ എനിക്കിന്ന് സ്കൂളിൽ നിന്ന് കിട്ടിയതാ ഈ മാവിന്റെ തൈ.”

വലിയ സന്തോഷത്തോടെയാണ് വിനുക്കുട്ടൻ പരിസ്ഥിതി ദിനത്തോsനുബന്ധിച്ചു സ്കൂളിൽ നിന്ന് കിട്ടിയ ആ തൈ കൊണ്ടുവന്നത്.

നമ്മളിതു എവിടെ നടും അമ്മേ?

വിനുക്കുട്ടന് മരം നടാൻ ധൃതിയായി.എന്റെ മലയാളം മിസ്സ്‌ പറഞ്ഞു നമ്മുടെ ലൈഫ് ടൈമിൽ നമ്മൾ പത്തു മരമെങ്കിലും നടണമെന്ന്‌. ഒരഞ്ചു വയസുകാരന്റെ നിഷ്കളങ്കത നിറഞ്ഞ ചിരിയോടും ഉൽസാഹത്തോടും കൂടി അവൻ അത് പറഞ്ഞപ്പോൾ മാലതി ഓർത്തു.

ചെറിയ ഒരു പൂച്ചെടി ആയിരുന്നെങ്കിൽ ചെടിച്ചട്ടിയിൽ വച്ച് ബാൽക്കണിയിൽ വക്കാമായിരുന്നു. ഇതിപ്പോൾ മാവിന്റെ തൈയ്യല്ലേ?

ആദ്യം മോൻ മേലുകഴുകി വന്ന് ഭക്ഷണം കഴിക്ക്. അച്ഛൻ വരട്ടെ. നമുക്ക് വഴിയുണ്ടാക്കാം.

“നീ ഇവിടെ ഇരിക്കണെ . ഞാൻ കുളിച്ചിട്ടു വരാമേ.’അവൻ അരുമയോടെ ആ തൈ തലോടി വാഷ്ബാസിന്റെ താഴെ വച്ചു.
“കുറച്ചു വെള്ളം കൊടുക്കട്ടെ അമ്മേ “ചോദിച്ചു തീരും മുന്നെ അവൻ ടാപ്പിൽ നിന്ന് കൈകുമ്പിളിൽ വെള്ളം നിറച്ച് ചെടികവറിന്മേൽ ഒഴിച്ചു

ചെറിയ സമയത്തിനുള്ളിൽ തന്നെ ആ കുരുന്നു തൈയ്യോട് അവൻ ഒരാത്മബന്ധം സ്ഥാപിച്ചത് മാലതി തിരിച്ചറിഞ്ഞു.

ഭക്ഷണം കഴിക്കുമ്പോൾ അവൻ ചോദിച്ചു കൊണ്ടേയിരുന്നു.
“എനിക്കീ മാവിൽ നിന്ന് മാമ്പഴം എന്ന് കിട്ടുമമ്മേ?
അവന്റെ മനസ്സിൽ അവൻ ആ തളിർ മരം നട്ടു കഴിഞ്ഞിരുന്നു.

മോനെ പല പല വെറൈറ്റി മാവുകളുണ്ടിപ്പോൾ.. ചിലതു രണ്ടു വർഷത്തിലൊക്കെ കായ്ക്കും.
ഇത് ഏത് തരമാണെന്ന് അമ്മയ്ക്കറിയില്ലലോ..

അച്ഛനെ വിളിച്ചു നേരത്തേ വരാൻ പറയമ്മേ..
അവൻ തിടുക്കം കൂട്ടി.

വേഗം ഹോം വർക്കൊക്കെ ചെയ്തു തീർക്കു. മാലതി പറഞ്ഞു.

” അച്ഛൻ വരും മുന്നെ നമുക്കിതു ബാൽക്കണിയിൽ നട്ടാലോ അമ്മേ?”

അപ്പൂപ്പന്റെ വീട്ടിലെ മാവ് മോൻ കണ്ടിട്ടില്ലേ?ഒരുപാടു വലുതല്ലേ? മാവിനൊക്കെ വളരാൻ ഒരുപാടിടം വേണം വിനുക്കുട്ടാ. വലിയ വേരുകൾ മണ്ണിൽ ആഴത്തിൽ ഇറങ്ങി പോയാണ് മരം കാറ്റത്തൊക്കെ വീഴാതെ കൈകൾ മുകളിലോട്ടുയർത്തി നിൽക്കുന്നത്. അത് കൊണ്ട് നമുക്കിതു ബാൽക്കണിൽ വക്കാൻ പറ്റില്ല മോനെ
മാലതി അത് പറഞ്ഞപ്പോൾ അവന് സങ്കടമായി.

എന്താമ്മേ അച്ഛൻ നമുക്ക് മുറ്റമുള്ള വീട് വാങ്ങാത്തെ? എങ്കിൽ നമുക്ക് നിറയെ മരങ്ങൾ നടാരുന്നല്ലോ..

വിനുക്കുട്ടൻ തറയിലിരുന്നു തളിർ ചെടിയെ തലോടി.
രണ്ടു തളിരുകൾ പരസ്പരം സ്വകാര്യം പറഞ്ഞു..
“ടാ നിന്നേ ഞാൻ എവിടെ നടും? “അവൻ
ആ കുഞ്ഞ് ചെടിയോട് കിന്നാരം പറഞ്ഞും അതിന്റെ ഇലകളെ തലോടിയും ഇരുന്നപ്പോളാണ് കിരൺ വന്നത്.

അച്ഛാ ദേ നോക്കിയേ ഇത് കണ്ടോ?
കിരൺ ഒരു കയ്യിൽ ഫോൺ പിടിച്ചു മറുകയ്യിൽ നിന്ന് ബാഗ് താഴെ വച്ച് നെക്ക് ടൈ ലൂസാക്കി മോനെ നോക്കി ചിരിച്ചു തലകുലുക്കി..
അച്ഛാ.. അവൻ തൈകവറുമായി കിരണിന്റെ പിറകെ ചെന്നു.

വിനുക്കുട്ടാ അച്ഛൻ മൊബൈലിൽ സംസാരിക്കുകയല്ലേ..

വിസ്താരമുള്ള വീടുകളും ഭംഗിയുള്ള കോർട്ട് യാർഡും മറ്റുള്ളവർക്ക് ഡിസൈൻ ചെയ്തു നൽകുന്ന ആർക്കിട്ക്ട് ആയിരുന്നു കിരൺ. ഇടുങ്ങിയ ചെറിയ ഫ്ലാറ്റിലിറ്റുന്നു അയാൾ കാറ്റുകയറിയിറങ്ങുന്ന വിശാലമായ വീടുകൾ വരച്ച് തന്റെ സ്വപ്‌നങ്ങൾ സാക്ഷാൽകരിച്ചു കൊണ്ടേയിരുന്നു.

വിനുക്കുട്ടൻ കവറും പിടിച്ചു നിൽക്കെ അയാൾ ഷൂസ് അഴിച്ചു റാക്കിൽ വച്ചു. പിന്നേ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ വാഷ്റൂമിലേക്ക് പോയി.

മോനിതു അവിടെ വയ്ക്കു. അച്ഛൻ ഫ്രഷ് ആയിട്ടു വരട്ടെ. അവൻ വീണ്ടും ഡെയിനിങ് ടേബിളിനോട് ചേർന്നുള്ള വാഷബ്‌സിന് താഴെ അത് വച്ചു.
വീണ്ടും കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടഞ്ഞു. കുട്ടാ കൂടുതൽ വെള്ളം ഒഴിച്ചാലും അത് അഴുകി പോകും മോനെ..
അമ്മ നോക്കിയേ താഴെ ഹോൾസ് ഉണ്ട്.
ഇതിലൂടെ പൊക്കോളും അമ്മേ

കിരൺ മേലുകഴുകി വന്ന പാടെ ചായ കുടിക്കാനിരുന്നു.
വിനുക്കുട്ടൻ വീണ്ടും തൈകവറുമായി ഓടി കിരണിന്റെ അടുത്തെത്തി. അവനൊഴിച്ച വെള്ളം മണ്ണിലൂടെ ഒഴുകി
ചെളിനിറത്തിൽ കിരണിന്റെ മുണ്ടിന്മേൽ വീണു.

എന്തായിത് വിനുക്കുട്ടാ..
അച്ഛന്റെ ഡ്രസ്സ്‌ എല്ലാം കേടാക്കിയല്ലോ.. മാലു നീയിതു വാങ്ങി ആ ബാൽക്കണിലെങ്ങാനും കൊണ്ടു വയ്ക്കു.

ടീച്ചർമാർ വെറുതെ ഓരോ പൊല്ലാപ്പും കൊണ്ടിറങ്ങും. മനുഷ്യനെ മിനക്കെടുത്താൻ..

ഇനിയിപ്പോൾ മാവ് നട്ടു വേണ്ടേ മാമ്പഴം കഴിക്കാൻ..

“കിരൺ പ്ലീസ്. “മാലതി കെഞ്ചി.
അവനു വിഷമം ആവും.

“എങ്കിൽ നീ നിന്റെ അച്ഛനോട് പോയി പറ കൊച്ചുമോന് മാവും തൈ വക്കാൻ കുറച്ചു സ്ഥലം വാങ്ങി തരാൻ ‘

അയാളോട് മറുപടി പറയാതെ പ്ലേറ്റ് എടുത്തു കാസെറോൾ നീക്കി വച്ച് ചപ്പാത്തി എടുത്തു കൊടുത്തു മാലതി.

പിന്നീട് ബാൽക്കണിയിലേക്കുള്ള ഗ്ലാസ്‌ ഡോർ തുറന്നു മാവിൻ തൈ പുറത്ത് വച്ചു. വിനുക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സാരല്ല മോനെ. അമ്മ നാളേ മോനെ അപ്പൂപ്പന്റെ വീട്ടിൽ കൊണ്ടുപോകാം. നമുക്ക് അവിടെ തൈ നടാം.
അവനു ഒരുമ്മ കൊടുത്തു അവന്റെ കണ്ണുനീർ തുടച്ച് മാലതി പറഞ്ഞു.

അവൻ തലകുലുക്കി സമ്മതിച്ചു.

രാത്രി മാലതി അവനെ ഉറക്കാൻ കിടത്തുമ്പോൾ അവൻ വീണ്ടും ചോദിച്ചു. “അപ്പൂപ്പന്റെ വീട്ടിൽ നമ്മളിതു എവിടെ നടും അമ്മേ?”

മാലതി അവന്റെ നിറുകയിൽ തലോടി. “അതൊക്കെ നമുക്ക് നാളേ അവിടെ എത്തിയിട്ട് ആലോചിക്കാം മോനെ.”

രാവേറെ ചെല്ലുവോളം ഏതോ സ്കെച്ചിൽ മുഴുകി ഇരുന്ന കിരൺ എന്നത്തേയും പോലെ ജോലിക്കിടെ സോഫയിൽ തന്നെ കിടന്നുറങ്ങി.

കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ മാലതി പറഞ്ഞു. വീക്കെന്റല്ലേ? ഞാനും മോനും ഒന്ന് വീട് വരെ പോകും.

“ഓ മാവ് നടാൻ ആണോ?
ഇയാൾക്ക് വേറെ പണിയില്ലേ?
അതങ്ങനിരുന്നു അങ്ങ് കരിഞ്ഞുണങ്ങിക്കോളും. കുഞ്ഞല്ലേ അവൻ അത് മറക്കുകയും ചെയ്യും.”

തികച്ചും എളുപ്പമായ പോംവഴി തന്നെ. മാലതി മനസ്സിൽ പറഞ്ഞു…

എല്ലാം കരിഞ്ഞുണങ്ങുന്നത് ഇങ്ങനെ തന്നെയാണ്.
കനിവിന്റെ നനവും കാലൂന്നി നിൽക്കാൻ ഒരിടവും മതി ഇത്തിരി പച്ചപ്പിന്..

വരണ്ട മനസ്സുകളിൽ നനവ് പടർത്താൻ വേണ്ട സ്നേഹം അതാണല്ലൊ നമുക്കിടയിൽ ഇപ്പോൾ ഇല്ലാത്തത്…

ഉച്ചക്കത്തേയ്ക്ക് കുറച്ചു വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കി മേശപ്പുറത്തു വച്ച്
മാലതി വേഗം ഒരുങ്ങിയിറങ്ങി. വിനുക്കുട്ടൻ അരുമച്ചെടിയെ താലോലിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തിയതും മുറ്റത്ത് ഒരു പെട്ടി ഓട്ടോയിൽ നിന്ന് ഇന്റർലോക്ക് ഓടുകൾ ഇറക്കുന്ന രണ്ടു പണിക്കാരെ കണ്ടു.
ഏട്ടൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“അളിയൻ വന്നില്ലേ മാലു ”
തിരക്കായിരിക്കും അല്ലേ?

വിനുക്കുട്ടൻ ആഹ്ലാദത്തോടെ മുറ്റത്തേക്ക് കയറി.
അപ്പൂപ്പനെ കണ്ടതും വിനുക്കുട്ടൻ പറഞ്ഞു. “കണ്ടോ ഞാൻ നടാൻ കൊണ്ടു വന്ന മരം.”

“ആഹാ നല്ല മാവിൻ തൈയ്യാണല്ലോ..”

അച്ഛൻ അത് വാങ്ങി നോക്കി

മുറ്റത്തേക്ക് കയറി വന്ന ഏട്ടൻ പറഞ്ഞു.” പക്ഷെ ഈ പത്തു സെന്റിൽ ഇനി ഒരു മാവിന് കൂടെ ഇടമില്ലലോ അച്ഛാ .”

മാലതിക്കു വല്ലാതെ നൊന്തു.

“വീടിനു ചുറ്റോട് ചുറ്റും ഇന്റർലോക്ക് ചെയ്യുവാ.
പിന്നേ ഉള്ള സ്ഥലത്തു രണ്ടു മാവുണ്ടല്ലോ.”

അവളിങ്ങോട്ട് വന്നപ്പോഴേ നീ തുടങ്ങിയോ വേണു?
അച്ഛൻ പറഞ്ഞു.

“പിന്നേ വല്ല മരവും ചെടിയും ഒക്കെ പറമ്പിൽ വയ്ക്കണമായിരുന്നെങ്കിൽ ഉണ്ടായിരുന്നല്ലോ നിന്റെ വീതത്തിൽ പത്തൻപത് സെന്റ്.
എല്ലാം വിറ്റു സിറ്റിയിൽ ഫ്ലാറ്റ് വാങ്ങുമ്പോൾ നീ ഓർക്കണമായിരുന്നു.”

ഏട്ടൻ ആവോളം കത്തി കുത്തിയിറക്കി..

“അല്ലെങ്കിലും അന്നേ ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്നു..

ആര് കേൾക്കാൻ…”
ഏട്ടൻ അകത്തേക്ക് നടന്നു കയറി.

“മോൾ അതൊന്നും കണക്കാക്കണ്ട…”
അമ്മ വന്ന് കൈയിൽ തലോടി അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ വിനുക്കുട്ടൻ അച്ഛനോട് ചോദിച്ചു.

“എവിടെയാ അപ്പൂപ്പാ നമ്മൾ മാവ് നടുക?”

മാലതി തേങ്ങി പോയി.

അവന്റെ കൈപിടിച്ച് അച്ഛൻ അകത്തേക്ക് നടന്നു.

അമ്മ പറഞ്ഞു.
“നീ വിഷമിക്കണ്ട. നമുക്ക് അത് ഇവിടെ എവിടെയെങ്കിലും നടാം.”

“വേണ്ട അമ്മേ. ഇനി നാളേ ഏട്ടന് ദേഷ്യം തോന്നി അത് പിഴുതു കളഞ്ഞാൽ അവനു വിഷമം ആവും..”

“മാലു അത് ഞാൻ നോക്കിക്കോളാം “അച്ഛനും പറഞ്ഞു.

എങ്കിലും അത് വേണ്ടെന്നു മാലു തീർച്ചയാക്കിയിരുന്നു..

മതിൽ കെട്ടി തിരിച്ച തന്റെ വിറ്റുപോയ പറമ്പിലേക്ക് നോക്കി നിന്ന് ഓരോന്ന് ആലോചിച്ചു മാലതി.

എന്ത്‌ പറഞ്ഞു വിനുക്കുട്ടനെ ആശ്വസിപ്പിക്കും?
അപ്പോഴാണ് ജലജ ചേച്ചി അവിടേക്കു വന്നത്

വലിയ പറമ്പും വീടും ഒക്കെ ഉണ്ടായിട്ടും മക്കളില്ലാതെ ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന ചേച്ചി ഇടയ്ക്കൊക്കെ അമ്മയോട് സ്നേഹാന്വേഷണത്തിന് വരും.

വിനുക്കുട്ടന്റെ മാവിൻ തൈ വിശേഷം കേട്ടു ചേച്ചി മോനോട് ചോദിച്ചു..

“വിനുക്കുട്ടാ അമ്മായിടെ വീട്ടിൽ നടുമോ ഈ തൈയ്‌.”

വിനുക്കുട്ടന് എപ്പോ വേണേലും അവിടെ വന്ന് ഇതിനെ നോക്കാല്ലോ.. അമ്മായി പൊന്നു പോലെ വളർത്തിക്കോളാം.”

എന്നും വെള്ളം കൊടുക്കുമോ. വിനുക്കുട്ടൻ ചോദിച്ചു”

“പിന്നേ എന്നും വെള്ളം കൊടുത്തു അമ്മായി നോക്കിക്കോളാം..”

വിനുക്കുട്ടൻ മാലതിയുടെ മുഖത്തേക്ക് നോക്കി
എന്നാ നമുക്ക് പോവാല്ലേ അമ്മായീടെ വീട്ടിൽ…
അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.. “ഇപ്പോൾ തന്നെ നടാമോ ”

മാലതിയുടെ കണ്ണ് നിറഞ്ഞു..

വിനുക്കുട്ടൻ പ്ലാസ്റ്റിക് കവറുമായി ഓടി വന്നു..
അവരൊരുമിച്ചു പാടത്തിനക്കരെയുള്ള അമ്മായിയുടെ പറമ്പിലേക്ക് നടന്നു.

തളിർ മരം തനിക്ക് വേര് പടർത്താൻ ഒരിടം കിട്ടിയതിൽ സന്തോഷിച്ച് കാറ്റിലാടി ചിരിച്ചു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്