ഡോ. മായാഗോപിനാഥ്
ട്രെയിനിൽ തനിക്കഭിമുഖമായിരിക്കുന്ന ഉമയുടെ മുഖത്തെ കൗതുകം ശ്രദ്ധിച്ചിരുന്നു അയാൾ. ഓടുന്ന ട്രെയിനിന്റെ പിന്നീലേക്ക് പായുന്ന മരങ്ങളും കെട്ടിടങ്ങളുമൊക്കെ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ആസ്വദിക്കുകയാണവൾ
.മുഖത്തേക്ക് വീണ് കിടക്കുന്ന പാറിയ നരമുടികളും വലതു കവിളിൽ പടർന്ന കരിമംഗല്യവും ഒഴിച്ചാൽ പണ്ടത്തെ ആ മെല്ലിച്ച പെൺകുട്ടി തന്നെ ഇന്നും…നിറഞ്ഞ ചിരിയുള്ള സ്നേഹത്തിന്റെ നിറകുടമായ തന്റെ ഉമ.
ചുറ്റിലുമുള്ള ചെറിയ സുഖങ്ങളിൽ അലിഞ്ഞു ചേർന്നു സന്തോഷിക്കാൻ അവൾക്ക് പണ്ടേ നല്ല കഴിവാണ്. തനിക്കാകട്ടെ സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരം ഉണ്ടായാലും പിശുക്കി സന്തോഷിക്കുന്ന ശീലമാണ്.
സമ്പാദിക്കുന്നതൊക്കെ ചുരുക്കി ചിലവാക്കിയും മിച്ചം പിടിച്ചും കണക്ക് കൂട്ടി വീടുവച്ചും മക്കൾക്ക് വേണ്ടി നിക്ഷേപിച്ചും ഒക്കെയാണ് താൻ സന്തോഷിക്കുക.
ഉമയും താനും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. തന്റെ കഷ്ടപാടുകളിൽ ക്ഷമയോടെ കൂടെ നിന്നവളാണ്. സ്വകാര്യമായ ഒരാവശ്യവും കൊണ്ട് തന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്തവൾ
ഉമയെ പെണ്ണ് കാണാൻ പോയ ദിവസം ഓർത്തുപോയി.
സർക്കാർ ജോലി ഉള്ളത് കൊണ്ട് സാമാന്യം സ്ത്രീധനമൊക്കെ ഉറപ്പാക്കിയാണ് അമ്മാവൻ
തന്നെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്.
തലേന്നത്തെ മഴയിൽ അടർന്നു വീണ് കിടന്ന മാമ്പൂക്കൾ മണക്കുന്ന മാവിന് കീഴെ ചമയങ്ങളില്ലാതെ നിറം കുറഞ്ഞ സാരി ചുറ്റി ഇതാണ് ഞാൻ എന്ന തുറന്ന ചിരിയോടെ നിന്ന പെൺകുട്ടിയുടെ കണ്ണുകളിൽ വിടർന്നു നിന്ന കൗതുകം തന്നെ വല്ലാതെ ആകർഷിച്ചു. നഷ്ട പ്രണയത്തിന്റെ ഗൃഹാതുരതകളൊന്നും രണ്ട് പേർക്കും ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഊഷ്മളമായ ഒരു പെണ്ണ് കാണൽ തന്നെ ആയിരുന്നു അത്.
ഉമാ മഹേശ്വരി എന്ന പേരും ആളും അന്നേ തന്റെ മനസ്സിൽ ഇടം പിടിച്ചു.
ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്ത അന്ന് വെറും പത്തോ അമ്പതോ പേർക്ക് സദ്യ വിളമ്പിയ സാധാരണ കല്യാണമായിരുന്നു തന്റേതും.
ഉള്ള പുരയിടത്തിന്റ മുക്കാൽ പങ്കും പത്തു മുപ്പത് പവനും ഒക്കെ തന്ന് അവളുടെ അച്ഛൻ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞാണ് തന്റെ വലം കൈ അവളുടേതിനോട് ചേർത്തു വച്ചത്.
വിവാഹ വിരുന്നു നാളുകളിൽ മിക്കപ്പോഴും പാടവരമ്പിലൂടെ കൈകോർത്തു പിടിച്ച് സംസാരിച്ചു നടന്നിട്ടുണ്ട് തങ്ങൾ. വയൽപ്പൂക്കൾക്കിടെ മറ്റൊരു പൂവിന്റെ കാന്തിയിൽ തുടുത്ത മുഖത്തോടെ അന്നൊരിക്കൽ ഉമ പറഞ്ഞ മോഹമാണ് വൃന്ദാവനം കാണണമെന്നും യമുനയുടെ കരയിൽ ഒന്നു നിൽക്കണമെന്നുമൊക്കെ .
അടങ്ങാത്ത കൃഷ്ണഭക്തിയാണുമയ്ക്ക്.
അതിനാൽ തന്നെ ഭഗവാന്റെ പാദം പതിഞ്ഞ മണ്ണും ആ ജീവിതത്തിന് സാക്ഷിയായ യമുനാദേവിയും അവളെ വല്ലാതെ മോഹിപ്പിച്ചു
അതിരില്ലാത്ത മോഹങ്ങൾ അവൾ ഒരിക്കലും കാത്തു വച്ചില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒപ്പം വക്കാനാവും വിധം അവൾ ഒന്നും തന്നെ ആഗ്രഹിച്ചതുമില്ല
ജീവിത പ്രാരാബ്ദങ്ങൾക്കിടെ അവളുടെ പല ചെറിയ ആഗ്രഹങ്ങളും അവൾ പോലും ഓർത്തതുമില്ല. തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോവുന്നതല്ലാതെ അവളെയും കൂട്ടി താൻ ഒരു പാർക്കിലും കടലോരത്തും പോയതുമില്ല. എങ്കിലും തങ്ങൾക്കിടയിൽ പരസ്പരമുള്ള ഇഷ്ടം ആഴത്തിൽ വേരു പടർത്തി നിന്നു.
മക്കളുണ്ടായതിൽ പിന്നെ അവൾ എപ്പോഴും അവരുടെ ലോകത്തായിരുന്നു. അവരുടെ കളികളും ചിരിയും കുറുമ്പും മാത്രമായി അവളുടെ ലോകം. ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ച് അവളും പൊട്ടിച്ചിരിക്കുമായിരുന്നു. മിക്കപ്പോഴും അമ്മയുടെ അടുത്തേക്ക് പോകാൻ കുഞ്ഞു മൃഗങ്ങളെ വഴികണ്ടു പിടിക്കുന്ന കളി മക്കൾക്ക് വേണ്ടി അവളാണ് വരയ്ക്കുമായിരുന്നത്.
പദപ്രശ്നം പൂരിപ്പിക്കാനോ ക്ലാസ്സിൽ കണക്കിന് ഉത്തരം കണ്ടുപിടിക്കാനോ ഒന്നും മക്കൾ തന്നെ ആശ്രയിച്ചില്ല.
ഉമയുടെ വിഷയം ജിയോഗ്രാഫി ആയത് കൊണ്ട് ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളെയും നദികളെയും കുറിച്ചും മറ്റും അവൾക്ക് നല്ല അറിവുമുണ്ടായിരുന്നു.
മക്കളെ പഠിപ്പിക്കുമ്പോൾ ഉത്തരെന്ത്യൻ രേഖാചിത്രം വരച്ചു യമുനോത്രി മുതൽ എങ്ങനെ ഹരിയാന വഴി ഉത്തർപ്രദേശിലൂടെ ഒഴുകി അല്ലഹബാദിൽ വച്ച് യമുന ഗംഗയിൽ ലയിക്കുന്നു എന്നൊക്കെ അവൾ പഠിപ്പിക്കുന്നത് താൻ സാകൂതം നോക്കി നിന്നിട്ടുണ്ട്.
സൂര്യ പുത്രിയായി സങ്കല്പിക്കപ്പെടുന്ന യമുനയുടെ തപസ്സിന്റെ പുണ്യത്താൽ നദിയായി മാറിയ കഥയൊക്കെ താൻ ഉമയിൽ നിന്നാണറിഞ്ഞത്.
ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു നദിയായി ജനിക്കാനാണ് അവളാഗ്രഹിക്കുന്നതെന്നു പലപ്പോഴും പറഞ്ഞതോർത്തു അയാൾ.
പൊതുവെ മിതഭാഷിയായ ഉമ നദികളെ കുറിച്ചു പറഞ്ഞാൽ വാചാലയാവും.
പർവതം മുതൽ സമുദ്രം വരെ ഒഴുകുന്നതിനിടെ തനിക്ക് ചുറ്റിലുമുള്ള സകല ജീവജാലങ്ങളുടെയും ജീവനാഡിയാണ് നദി.
ഓരോ നദിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നവൾ പറയുന്നത് ശരിയാണെന്നു തനിക്കും തോന്നിയിട്ടുണ്ട്.
ഒരു നദിക്കും മുന്നോട്ടോഴുകേണ്ട വഴി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
നേരിന്റെ വിശുദ്ധിയാണ് മനുഷ്യന്റെ സ്വാർത്ഥതയിലും നദികളെ വരണ്ട് പോകാതെ കാക്കുന്നതെനാണവളുടെ പക്ഷം.
നേരിന്റെ വിശുദ്ധി പകർന്നു കൊടുത്തു തന്നെയാണ് ഉമ മക്കളെ കൈപിടിച്ച് മുന്നോട്ടു നടത്തിയതും.
അവർ രണ്ട് പേരും ഉപരിപഠനവും ജോലിയും തേടി യൂ കെ യ്ക്ക് പോകും വരെ അവൾ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു.
ഒരിക്കലും വയ്യെന്ന് പറഞ്ഞു ഒതുങ്ങിയിരിക്കാൻ ഇഷ്ടപെടാത്ത ഉമ മക്കൾ പോയശേഷം ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെയായി.
ഉത്സാഹമൊക്കെ നശിച്ച് പെട്ടെന്നു വാടിപ്പോയി. പറക്കമുറ്റുമ്പോൾ പുതിയ ചില്ലകൾ തേടി പറന്നു പോകുന്ന കിളികുഞ്ഞുങ്ങളെ ആർക്കാണ് തടയാനാവുക?
ഉമയുടെ അച്ഛൻ തന്ന പറമ്പും വീടിരിക്കുന്നത് ഒഴികെയുള്ള തന്റെ മുഴുവൻ പറമ്പും വിറ്റാണ് കുട്ടികൾക്ക് വേണ്ടി പത്തു നാൽപതു ലക്ഷം ഉണ്ടാക്കിയത്..
ഓരോന്നോർത്തിരിക്കെ ഉമ പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുന്നത് കണ്ടു.
യാത്ര പല സ്റ്റേഷനുകൾ പിന്നീട്ടിരുന്നു.
ഉമയുടെ ആഗ്രഹം പോലെ യമുന കാണാൻ, ദില്ലി കാണാൻ പിന്നെ എയിംസ് ലെ ന്യൂറോസർജനെ കാണാൻ.
ഉത്സാഹം നശിച്ചതിനൊപ്പം വഴികൾ തിരിച്ചറിയാൻ അവൾക്ക് ബുദ്ധിമുട്ട് തുടങ്ങി.
പെട്ടെന്നൊരു നാൾ മാർക്കറ്റിൽ പോയി വന്ന ഉമ ഓട്ടോയിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങി വീട് കണ്ടു പിടിക്കാനാവാതെ പലവുരു നടന്നു എന്ന് പറഞ്ഞത് തന്നെ വല്ലാതെ അസ്വസ്ഥാനക്കി.
അന്ന് കനത്തു പെയ്ത മഴയിൽ അവൾ വേദന മറച്ചു പിടിച്ചു പുലരുവോളം തേങ്ങിയത് മുഖം തിരിഞ്ഞു കിടന്നാണ്.തന്റെ ഉള്ളിളും വല്ലാത്തൊരു കാളൽ ആയിരുന്നു.
മാസത്തിലെ രണ്ട് ഞായറാഴ്ച വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറച്ച് ചോറുപൊതികൾ കൊടുക്കുന്ന ഒരു ശീലം അവൾക്കുണ്ടായിരുന്നു. മറ്റെന്തു ജോലിയുണ്ടായാലും കൊല്ലങ്ങളോളം മുടങ്ങാതെ തുടർന്ന ഒരു ശീലം
എന്നാൽ പിന്നീട് വന്ന ഞായറാഴ്ച ദിവസം അവിടേക്കു പോകാൻ ഇറങ്ങി വഴി മറന്നു ഇടവഴികളിലൂടെ ചുറ്റിതിരിഞ്ഞ ഉമയ്ക്ക് കരച്ചിൽ വന്ന് തന്നെ ഫോൺ ചെയ്തു വിളിച്ചു വരുത്തി.
അവൾക്കെന്തോ സാരമായ അസുഖം ഉണ്ടെന്നു അവൾ ഉറപ്പിച്ചിരുന്നു.
അങ്ങനെയാണ് ഡോക്ടർ ബ്രെയിൻ സ്കാൻ നിർദേശിച്ചത്…
സ്ഥലങ്ങളും ദിക്കും തിരിച്ചറിയുന്ന മസ്തിഷ്ക ഭാഗത്താണ് ഒരു മുഴ രൂപപ്പെട്ടത്.
റിപ്പോർട്ട് അറിഞ്ഞ നാൾ മുതൽ ഒന്നും മക്കളെ അറിയിച്ചു വേദനിപ്പിക്കരുതെന്നു ഉമ നിർബന്ധം പിടിച്ചു.
ദില്ലി യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒത്ത് കാണാത്ത നാടുകളിൽ യാത്ര പോകുന്നതോർത്തു മക്കൾ സന്തോഷിക്കട്ടെ എന്നാണ് ഉമ പറഞ്ഞത്.
ഏത് പ്രതിസന്ധിയിലും സാരമില്ല നന്ദേട്ടാ ഞാനില്ലേ കൂടെ എന്ന് പറയുന്ന ഉമ…
ദാമ്പത്യത്തിൽ അതിനപ്പുറം എന്താണ് വേണ്ടത് എന്നോർത്തുപോയി അയാൾ..
ഒപ്പം നടന്ന് നെഞ്ചിലെ നോവറിഞ്ഞു സാരമില്ലെന്നു പറയാൻ ഒരാൾ. ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാനും ആയാസപ്പെടുമ്പോൾ തോളിലേക്കൊന്നു ചായാനും ഒരാൾ.. പരസ്പരം മടുക്കാതെ, വെറുക്കാതെ കൈപിടിച്ച് കൂടെ നടക്കാൻ ഒരാൾ…
തന്റെ അർദ്ധനാരീശ്വരി
ഉമ…
ഒരു രോഗത്തിനും വിട്ട് കൊടുക്കാനാവില്ല തന്റെ ഉമയെ.
യമുന മാത്രമല്ല അവളുടെ ആഗ്രഹം പോലെ തന്നെ കൊണ്ടാവുന്നിടത്തൊക്കെ കൊണ്ട് പോകണം..ഒരു കുഞ്ഞിനെ എന്ന വണ്ണം കൈപിടിച്ച് കൂടെ കൊണ്ട് നടക്കണം..അവൾക്ക് പ്രിയപ്പെട്ട കുപ്പിവളകളും കരിമണി മാലയും വാങ്ങി കൊടുക്കണം..
വിവാഹ നാളുകളിലേതു പോലെ കനകാംബരവും മുല്ലയും അടുക്കി കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുക്കണം…
ബെർത്തിൽ വിരിപ്പ് വിരിച്ചു അയാൾ സീറ്റിൽ ചാരി യിരുന്ന ഉമയെ വിളിച്ചു. പിന്നെ അവിടേക്കു അവരെ താങ്ങി കിടത്തി.
ഉമ മെല്ലെ മയക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ നോക്കിയിരുന്നു.
യമുന അയാളുടെ കണ്ണുകളിൽ നീലച്ചു നീലച്ചു കിടന്നു ..ഉത്തര
മഥുരാപുരിയും യമുനയുടെ പുളിനങ്ങളും സ്വപ്നം കണ്ടു ഉമ ട്രെയിനിന്റെ താളത്തിൽ ലയിച്ചുറങ്ങി.
യമുനയൊഴുകും വഴി മനസ്സിൽ ഒരു ചിത്രം പോലെ സൂക്ഷിച്ചു വച്ച ഉമ തന്റെ പുളിനങ്ങളെ തലോടാൻ വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ യമുനയുടെ നെഞ്ചു മിടിച്ചു. നേരിന്റെ ഹൃദയതാളം യമുനയോളം മറ്റാരാണറിയുക?
ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply