ഷാനോ എം കുമരൻ

രാത്രി മണി രണ്ടടിച്ചു , ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് കൊണ്ട് സെറീന തെല്ലൊന്നു ഞെട്ടിയെഴുന്നേറ്റു. കണ്ണുകൾ ഇറുക്കി തിരുമ്മി ഇടതു വശം ചെരിഞ്ഞു നോക്കി. കുട്ടി നല്ല ഉറക്കമാണ്. മുറിയിലെ എ സി മണാലിയെ ഓർമ്മപ്പെടുത്തുന്ന വിധം തണുപ്പുളവാക്കുന്നു.  തെന്നി മാറി കിടക്കുന്ന കുഞ്ഞു കമ്പളം നേരെയാക്കി കുഞ്ഞിന് ചൂട് പകർന്നു. അറേബ്യയിലെ കനത്ത ചൂടിന് എ സി ഇല്ലാതെ വയ്യ.  നിലച്ചു പോയ ഫോൺ ശബ്ദം വീണ്ടും അലയടിച്ചു. ഫോണിന്റെ   സ്‌ക്രീനിൽ നോക്കി ആന്റോച്ചായനാണ്

ഉറക്കച്ചടവോടെ ചോദിച്ചു ” എന്താ ആന്റോച്ചായ ഈ നേരത്തു. ”

” ഞാൻ പറഞ്ഞതല്ലേ പെണ്ണെ ഞാൻ വിളിക്കുമെന്ന് , ആട്ടെ കുഞ്ഞുറങ്ങിയോ “?

” ഓഹോ കുഞ്ഞുറങ്ങിയോ എന്ന് നോക്കാനാണോ ഈ പാതിരായ്ക്ക് വിളിച്ചേ ” തെല്ലൊരു പരിഭവത്തോടെ അങ്ങനെ ചോദിച്ചു കൊണ്ടവൾ പുതപ്പിനടിയിൽ നിന്നുമെഴുന്നേറ്റു ഒരു കയ്യാൽ വായ പൊത്തി കോട്ടുവായ് ഇട്ടു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.  ” എന്തിനാ ഈ നേരത്തു വിളിച്ചെന്നു പറ ആന്റോച്ചാ …” അവൾ കുറുകി.

” ഓഹ് അവൾക്കൊന്നും അറിയാൻ വയ്യാത്തപോലെ ”

ആന്റോ തെല്ലു പരിഭവിച്ചു.  അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിച്ചു.

” അതെ എന്നെ ഇപ്പോൾ ഓൺ ലൈനിൽ എങ്ങാനും കണ്ടു പോയാൽ ജെയിംസ് കൊന്നു കളയും ”

സെറീന അവളുടെ ഭയം കാമുകനോട് പങ്കു വച്ചു

” എടീ പെണ്ണെ ഈ ആന്റോയെ നിന്റെ കെട്ടിയവന്റെ സൂപ്പർ വൈസർ ആണ് അവനെ ചിക്കെൻ ഗ്രില്ലിങ് സെക്ഷനിൽ ഇട്ടേക്കുവാ ഫോൺ നോക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും അവനു നേരം കിട്ടില്ല ”

കാമുകൻ കാമുകിക്ക് ആത്മധൈര്യം പകർന്നു.

പേർഷ്യൻ ആതുരസേവന മേഖലയിൽ വർത്തിക്കുന്ന സെറീനയ്ക്ക്  രാത്രി കാലങ്ങളിലെ നേരംമ്പോക്കിന് വേണ്ടി തുടങ്ങിയ ബന്ധം.  ഭർത്താവ് ജെയിംസിന് നാവിന്റെ രസമുകുളങ്ങളെ വിജൃംഭിപ്പിച്ചു നിർത്തുന്ന പ്രശസ്തമായ ‘ട്യൂട്ടുവാ ഫ്രൈഡ് ചിക്കൻ ‘ ഷോപ്പിൽ ജോലി വാങ്ങി നൽകിയ ആന്റോയോടുള്ള പ്രതി ബദ്ധത  അയാൾ മുതലെടുത്തു. നാല് പെറ്റ സ്വന്തം ഭാര്യയിൽ തൃപ്തൻ ആകാൻ സാധിക്കാതെ മേച്ചിൽ പുറങ്ങൾക്കായി പരതിയ ആന്റോയുടെ വലയിൽ അല്പം മേനിതുടിപ്പുള്ള സെറീന വന്നു പെട്ടത്.   പേർഷ്യൻ മലയാളിയുടെ തലവനായ ആന്റോയെ സംബന്ധിച്ചിടത്തോളം ജെയിംസിന് ഒരു ജോലി ആക്കി കൊടുക്കുക എന്നത് വളരെ നിസ്സാരമായ ഉദ്യമമായിരുന്നു. സൂത്ര ശാലിയായ കുറുക്കനായിരുന്ന ആന്റോ ജെയിംസിനെ തന്ത്രപൂർവ്വം നൈറ്റ് ഡ്യൂട്ടിയിലേക്കു ഷിഫ്റ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മധുരിതമായി സംസാരിക്കുവാൻ മിടുക്കനായ ആന്റോയുടെ വലയത്തിൽ സെറീനയെ വീഴ്ത്തുവാൻ അധികം മെനെക്കെടേണ്ടി വന്നില്ല.  പേർഷ്യയുടെ ചൂട്  കാരയ്ക്കയുടെ ഉന്മാദം എല്ലാം കൊണ്ടും അവിഹിതം പൂത്തുലഞ്ഞു.  പക്ഷെ പണ്ടാരോ പറഞ്ഞു വച്ചതു പോലെ

” എല്ലാവരെയും കുറച്ചുകാലം പറ്റിക്കാം , കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല ” എന്ന സത്യം സെറീനയുടെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫുല്ല ചന്ദ്രന്റെ ഭാര്യ സുഷമയുടെ നാവിലൂടെ അനാവരണം ചെയ്യപ്പെട്ടു.  പാതിരാക്കോഴി ഉണരും മുന്നേ കാട്ടു മാക്കാനേപോലെ ഇരുട്ട് മറയാക്കി സെറീനയുടെ വിയർപ്പിന്റെ ഉപ്പു നോക്കാനെത്തിയ ആന്റോയെ സുഷമ കണ്ടെത്തി തെറ്റുകളില്ലാത്തൊരു വീഡിയോ എടുത്തു ആന്റോയുടെ ശ്രീമതിയ്ക്കു കൃത്യമായി എത്തിച്ചു കൊടുത്തു.

പൂരം പൊടി പൂരം.  ആന്റോ വീടിനു പുറത്താക്കപ്പെട്ടു. പ്രതികാരം കത്തിയെരിഞ്ഞു. ജയിംസിന്റെ കണ്ണിലും കാണുവാൻ കിട്ടി ആന്റോയുടെ കുൽസിതം

ആന്റോയുടെ കപോലങ്ങളെ ജയിംസിന്റെ കരതലങ്ങൾ തഴുകുവാൻ അധികം നേരമെടുത്തില്ല ഒപ്പം സെറീനയുടെയും

ആന്റോ വെറുമൊരു കുറുക്കനായിരുന്നില്ല  അവന്റെ പ്രതികാരം ജയിംസിന്റെ ജോലി തെറിപ്പിച്ചു. വല്ലാത്തൊരു കാലം.   അരിയും തിന്നിട്ട് ആശാരിച്ചിയേം കടിച്ചിട്ടു നായയ്ക്ക് പിന്നെയും മുറു മുറുപ്പു എന്ന ആപ്ത വാക്യവും സത്യമായി ഭവിച്ചു എന്ന് പറയാതെ തരമില്ല.

അടുത്ത വണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് പറന്ന ജയിംസിന്റെ വക വിവാഹ മോചന കത്തു കൈപറ്റുവാൻ സെറീനയ്ക്ക് അധിക കാലം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. ഡി എൻ എ ടെസ്റ്റിന് നില്കാതെ തന്നെ നാട് പരക്കെ കണ്ടു തീർത്ത ആന്റോയുടെ ഒളിച്ചു നടപ്പിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടിയുടെ പിതൃത്വം ജെയിംസ് നിഷേധിച്ചതോടെ സെറീന പെട്ടിയും കിടക്കയുമെടുത്തു ആന്റോയുടെ വീട്ടിലേക്കെത്തി.

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കുവാൻ കഴിയില്ലെന്ന പഴയ വാദം പൊളിക്കുവാൻ ജെയിംസിനെ പോലെയുള്ളവർ ധാരാളമായിരുന്നു. എന്നാൽ ആന്റോയെ പോലെയുള്ള വെടലന്മാരെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ വാക്യം സത്യമാണെന്നു സമ്മതിക്കാതെ വയ്യ.  സ്വന്തം ഭാര്യയ്ക്ക് വിവാഹ മോചനത്തിനൊപ്പം മോചനദ്രവ്യവും മാസാമാസം ജീവനാംശവും കൊടുക്കുവാൻ നാട്ടിലെ വീട് വിൽക്കേണ്ടി വന്ന ആന്റോയ്ക്ക് ഭർത്താവിനെ ചതിച്ച ഇനിയും ഒരു ചതിയുടെ ത്വര ഉള്ളിലൊളിപ്പിച്ച സെറീനയെയും കുഞ്ഞിനേയും തലയിലെടുക്കേണ്ടി വന്നതിനു എല്ലാം മേൽ പറഞ്ഞ വീഡിയോ തന്നെയായിരുന്നു ആധാരം സുഷമയുടെ കാമറ കണ്ണുകൾ തന്നെയായിരുന്നു സാക്ഷി.

പേർഷ്യൻ മലയാളിയുടെ തലപ്പത്തു നിന്നും ചെളിക്കുണ്ടിൽലേക്കു വലിച്ചെറിയപെടുവാനും ആ വീഡിയോ തന്നെ മതിയായിരുന്നു.

എല്ലാത്തിനും ഒന്നേയുള്ളു കാരണം കർമ്മഫലം അഥവാ ഉപ്പു തിന്നുന്നവൻ വെള്ള കുടിക്കുമെന്ന പഴമൊഴി. അല്ലാതെന്തു പറയാൻ

എങ്കിലും ഒന്ന് പറയാതെ വയ്യ അംഗീകരിക്കാതെ വയ്യ കാലം ഒഴുകിയൊഴുകി എവിടേക്കോ പോകുമ്പോഴും സെറീനയും ആന്റോയും ജെയിംസുമെല്ലാം ഒന്നിന് മീതെ ഒന്നായി ഒരു പരകായ പ്രവേശം പോലെ ഒരു തുടർക്കഥയായ മേനികൊഴുപ്പിന്റെ ഗാഥകൾ രചിച്ചു കൊണ്ടേയിരിയ്ക്കുന്നു മാറ്റമില്ലാത്ത നഗ്ന സത്യം

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.