കെനിയ എയർവേസിന്റെ വിമാനത്തിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുന്നിലേക്ക് മൃതദേഹം വന്നുവീണ സംഭവമുണ്ടായതോടെയാണ് ഇന്ത്യക്കാരനായ പ്രദീപിന്റെ നടുക്കുന്ന ഓർമകൾ വീണ്ടും വിദേശ മാധ്യമങ്ങളില്‍ വാർത്തയായത്. ലാൻഡിങ് ഗിയർ കംപാർട്മെന്റ് വഴി ഒളിച്ചുകടക്കാൻ ശ്രമിച്ചയാളാണ് ഹീത്രുവിലും തണുത്തു മരവിച്ചു മരിച്ചു വീണത്. കെനിയ എയർവേസിന്റെ വിമാനത്തിലാണു വന്നതെങ്കിലും ഇദ്ദേഹത്തിന്റെ കയ്യിൽ യാതൊരു ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നില്ല. നയ്റോബിയിലും പരിസരപ്രദേശത്തും നടത്തിയ അന്വേഷണവും ഫലം കണ്ടില്ല.

കെക്യു1000 വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങിയതായും കണ്ടെത്തി. ജോഹന്നാസ്ബർഗിൽ നിന്നാണ് വിമാനം നയ്റോബിയിലെത്തിയത്. അതിനാൽത്തന്നെ ദക്ഷിണാഫ്രിക്കക്കാരനാണോ ഇയാളെന്നും അന്വേഷണം നടക്കുന്നുണ്ട്. നയ്റോബിയിൽ വിമാനമെത്തിയ സമയത്ത് ഇയാൾ അബോധാവസ്ഥയിലാവുകയോ മരിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു. മരിച്ചയാളെ തിരിച്ചറിയാനാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്.

ഡൽഹിയിൽനിന്നു ലണ്ടനിലേക്ക് പ്രദീപ് നടത്തിയ യാത്രയിൽ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടർമാർക്കു പോലും അദ്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂർ യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയർന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും. പഞ്ചാബിൽ കാർ മെക്കാനിക്കായി ജോലി നോക്കുന്ന സമയം. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നുണ്ട്. എന്നാൽ പഞ്ചാബിൽ നിന്നുള്ളവർ വിഘടനവാദികളാണെന്ന സംശയത്തിൽ ഇംഗ്ലണ്ടിൽ കനത്ത നിരീക്ഷണത്തിലായിരുന്ന സമയമായിരുന്നു അത്. ഒട്ടേറെ പേർ അറസ്റ്റിലുമായി. അങ്ങനെയാണ് അനധികൃതമായി കടക്കാൻ തീരുമാനിക്കുന്നത്.

22 വയസ്സായിരുന്നു അന്ന് പ്രദീപിന്. വിമാനത്തിലെ ലാൻഡിങ് ഗിയർ കംപാർട്മെന്റിൽ കയറി യാത്ര ചെയ്താലുള്ള പ്രശ്നത്തെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. അതിനു മുൻപ് വിമാനത്തിൽ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളിൽ വീണുപോയത്. ഇന്ന് 44 വയസ്സ് പിന്നിട്ട പ്രദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാൻ പോലും ആഗ്രഹിക്കുന്നില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാൻഡിങ്ങിനായി കംപാർട്മെന്റ് തുറന്നപ്പോൾ 2000 അടി ഉയരത്തിൽനിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്മോണ്ടിലെ ഒരു വ്യവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വർഷം കഴിഞ്ഞപ്പോൾ മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രദീപാകട്ടെ വന്നുവീണത് റൺവേയിലായിരുന്നു. ബഗേജ് ശേഖരിക്കാൻ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് ‘ഹൈപോതെർമിയ’ അവസ്ഥയിൽ ബോധമില്ലാതെ കിടക്കുന്ന പ്രദീപിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്സിജന്റെ അഭാവത്തിൽ പ്രദീപിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു . പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ ശരീരം സ്വാഭാവികമായി ‘സസ്പെൻഡഡ് അനിമേഷൻ’ എന്ന അവസ്ഥയിലേക്കു മാറി. സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതാണിത്. തണുപ്പിനെ അതിജീവിക്കുന്നതിന് മൃഗങ്ങൾ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. ശരീരത്തിലെ ജൈവ പ്രവർത്തനങ്ങൾക്കെല്ലാം ‘വിശ്രമം’ കൊടുക്കുന്നതാണിത്.

മൃഗങ്ങൾ ചിലപ്പോൾ ജൈവ പ്രവർത്തനങ്ങളെല്ലാം പൂർണമായി നിർത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റുമാണിത്. എന്നാൽ അതികഠിനമായ മഞ്ഞിൽ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തിൽ പക്ഷേ രക്ഷയായത് ഇതാണ്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോൾ ബയോളജിക്കൽ പ്രവർത്തനങ്ങൾ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാൻ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു. എന്നാൽ താപനില പിന്നെയും താഴ്ന്നിരുന്നെങ്കിൽ പ്രശ്നമായേനെ. ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തിൽ നിർണായകമാണ്. വെള്ളമില്ലാതെ വരുമ്പോൾ ചെളിയിലേക്കു പൂണ്ട് കിടക്കുന്ന ആഫ്രിക്കൻ ലങ്ഫിഷാണ് ഇക്കാര്യത്തിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ‘സസ്പെൻഡഡ് അനിമേഷനിൽ’ മൂന്നു മുതൽ അഞ്ചു വർഷം വരെ ജീവിക്കാനാകും ഇവയ്ക്ക്.

ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ പ്രദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാൽ നിയമപോരാട്ടത്തിൽ പ്രദീപിന് ബ്രിട്ടനിൽ തന്നെ തങ്ങാൻ അനുവാദം ലഭിച്ചു, 2014 വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. അതിനു ശേഷമായിരുന്നു വിവാഹം. ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട് മക്കളായി. നോർത്ത് ലണ്ടനിലെ വെംബ്ലിയിലാണ് താമസം. ഹീത്രുവിലെ കാറ്ററിങ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്നു. പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓർമകൾ പ്രദീപിനെ വിട്ടുപോയിട്ടില്ല.

സഹോദരന്റെ മരണമോർത്ത് ആറു വർഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. ‘ഞങ്ങൾ രണ്ടു പേരും മരിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരിൽ ഒരാൾ രക്ഷപ്പെടുകയും മറ്റൊരാൾ മരിക്കുകയും ചെയ്താൽ’– പ്രദീപ് ചോദിക്കുന്നു. ബ്രിട്ടനിലെത്തിയ ശേഷം ആദ്യമായി വിമാനത്തിൽ കയറിയതിനെപ്പറ്റിയും മാധ്യമപ്രവർത്തകർ പ്രദീപിനോടു ചോദിച്ചു– ‘ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും‌ം…?’ എന്നായിരുന്നു മറുപടിച്ചോദ്യം. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രദീപിന്റെ നെഞ്ചിൽ അരിച്ചിറങ്ങുന്ന ആ മരണത്തണുപ്പ് വിട്ടുമാറിയിട്ടില്ലിനിയും