തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.
പാൽ വാങ്ങാൻ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിലായിരുന്നു അപ്രതീക്ഷിതമായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേർന്നും നായ കടിച്ചു പറിച്ചു. മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്‌സീൻ എടുത്തു. രണ്ട് വാക്‌സീൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സീൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.
ഇതിനിടെ, കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ വൈകീട്ടോടെ കുട്ടിയുടെ നില കൂടുതൽ വഷളായി. വായിൽ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
Leave a Reply