ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യൂമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോകമെങ്ങും കടുത്ത ജാഗ്രത പാലിക്കുകയാണ്. അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്കുകൾ ഒന്നും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. രോഗബാധയെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊമെയ്ഡ് പ്ലാറ്റ്ഫോമാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കോവിഡ് വൈറസിനെ കുറിച്ചുള്ള വിവരങ്ങളും ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രൊമെയ്ഡ് ആയിരുന്നു.
എന്നാൽ കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്.
കോവിഡിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ സർക്കാർ പരാജയപ്പെട്ടതായാണ് ശാസ്ത്ര ലോകത്തിൻറെ പൊതുവേയുള്ള വിമർശനം. കോവിഡ് സമയത്ത് സ്ഥാപിച്ച പല സൗകര്യങ്ങളും നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങളാണ് ഇതിനെ ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എൻ എച്ച് എസിലെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ . ഇതിൻറെ കൂടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ജനങ്ങളുടെ ജീവന് ഭീഷണിയായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
Leave a Reply