സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.

ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.