ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒരെണ്ണം വാങ്ങുമ്പോൾ മറ്റൊരെണ്ണം സൗജന്യം എന്ന ഓഫർ ഇനിമുതൽ ഉണ്ടാവില്ല. ഭക്ഷണ വിതരണ മേഖലയുടെ കടുത്ത എതിർപ്പിനിടയിലും രാത്രി 9:00 വരെ നൽകിവരുന്ന ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രാജ്യത്തെ ജനങ്ങളുടെ അമിതവണ്ണം ഇല്ലാതാക്കണമെന്ന നീക്കവുമായി മുന്നോട്ടുപോകുന്ന ബോറിസ് ജോൺസൻ സൂപ്പർമാർക്കറ്റുകളിൽ ഇനിമുതൽ ഫാസ്റ്റ് ഫുഡിന് ഡിസ്കൗണ്ട് നൽകാൻ പാടില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊഴുപ്പും മധുരവും കൂടുതൽ അടങ്ങിയിട്ടുള്ള മിഠായികൾ ചോക്ലേറ്റുകൾ മുതലായവക്ക് ഇനിമുതൽ ഒന്ന് എടുക്കുമ്പോൾ ഒന്ന് സൗജന്യം എന്ന് ഓഫർ ബാധകമല്ലാതാവും.
ഹോട്ടലിലെ മെനു കാർഡുകളിലും ഇനിമുതൽ, നൽകുന്ന ഭക്ഷണത്തിൽ എത്രമാത്രം കലോറി ഉൾപ്പെട്ടിട്ടുണ്ട് എന്നു കൂടി വിശദമാക്കണം എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് കൂടുതലായി ബാധിച്ചതും മരണപ്പെട്ടതും അമിത വണ്ണമുള്ളവരെയാണ് എന്ന കണ്ടെത്തലാണ് ജോൺസണെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
ഭക്ഷണസാധനങ്ങളുടെ വിപണനം പരസ്യങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ, കുട്ടികളെ ആകർഷിക്കുന്ന ഇത്തരം പരസ്യങ്ങൾ രാത്രി 9:00 വരെ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പറയുന്നു.
ഓഗസ്റ്റ് മുതൽ ‘ഈറ്റ് ഔട്ട് റ്റു ഹെൽപ് ഔട്ട് ‘എന്നപേരിൽ ചാൻസിലർ ഋഷി സുനാക് കൂടുതൽ ജനങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും, ഹോട്ടൽ മേഖലയെ ശക്തിപ്പെടുത്താനുമായി പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പിൽ വരുത്താൻ ഏതാനും ദിനങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ 50 ശതമാനം വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ചാൻസിലർ ഋഷി സുനാക് ഉദ്ദേശിച്ചിരുന്നത്.
എല്ലാ വിഷയങ്ങളിലും തുറന്ന സമീപനം സ്വീകരിച്ചിരുന്ന പ്രൈം മിനിസ്റ്റർ മുൻപ്, വ്യക്തി താല്പര്യമനുസരിച്ച് രാജ്യത്ത് ജനങ്ങൾക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധിച്ച ശേഷം അമിതവണ്ണം പ്രശ്നമാണെന്ന് കണ്ടെത്തിയ ജോൺസൺ തൻെറ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിലേക്ക് പൊതുജനങ്ങളെയും ക്ഷണിച്ച ബോറിസ് ജോൺസൺ സൂപ്പർ ഫിറ്റ് ആവുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് സ്കൂളുകളിൽ ലഭ്യമാകുന്ന ഉച്ചഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ നേരത്തെ നിർദ്ദേശം വന്നിരുന്നു.
Leave a Reply