വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ പുതിയ മാര്‍ഗവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. ആശുപത്രികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് നീക്കം. തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനയില്‍ തീരുമാനമായി.
അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ച് മറ്റ് രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനും മാനേജ്‌മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റുകളുടെ നീക്കം.
സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതോടെ രോഗികള്‍ എല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തും. ഇത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറാക്കും. സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി സര്‍ക്കാര്‍ മേഖലയ്ക്ക് ഇല്ലെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ധനവ് അംഗീകരിച്ച് നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്ന് യുഎന്‍എ അറിയിച്ചിട്ടുണ്ട്. 16ാം തീയതി വരെയാണ് വേതനം വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കും. ഇതിനെ നേരിടാനാണ് ഇപ്പോള്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ തീരുമാനം.
Leave a Reply