ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്യാൻസർ രോഗം ബാധിച്ച സ്ത്രീ പണം ഇല്ലാത്തതിന്റെ പേരിൽ ഹീറ്റിങ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. വോർസെസ്റ്റർഷെയർ സ്വദേശിനി സാറയാണ് അമിതമായ നിരക്ക് ഈടാക്കുന്നതിനാൽ ഹീറ്റിങ് നിർത്തിവെക്കുന്നത്. രോഗബാധയെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന സാറ ഭർത്താവിന്റെ ചെറിയ വരുമാനത്തിലാണ് ഇപ്പോൾ കഴിയുന്നത്. ക്യാൻസർ സ്റ്റേജ് 4 ൽ എത്തിയിരിക്കുന്ന രോഗിക്ക്, ട്രീറ്റ്മെന്റിനുൾപ്പെടെ വലിയ തുക ചിലവാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
നാല് കുട്ടികളുടെ അമ്മയാണ് സാറ. ഭർത്താവിന്റെ ചെറിയ വരുമാനത്തിൽ കുടുംബം മുന്നോട്ട് നീങ്ങുമ്പോൾ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഭാര്യയോടൊപ്പം ആശുപത്രിയിൽ പോകേണ്ടതിനാൽ ഭർത്താവ് ജോലിസമയം ഇപ്പോൾ കുറച്ചിരിക്കുകയാണ്. എന്നാൽ രോഗത്തിന്റെ അടിസ്ഥാനത്തിൽ സാറയെ സർക്കാർ സഹായിക്കാൻ ബാധ്യസ്ഥരാണ്. നാലു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീയുടെ രോഗാവസ്ഥയിൽ സർക്കാർ അടിയന്തിര ചികിത്സ സഹായം അനുവദിക്കണമെന്നാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായം.
അതേസമയം തനിക്ക് കേവലം ഒരു വർഷം കൂടിമാത്രമേ ആയുസുള്ളു എന്നും, വിളർച്ച പോലുള്ള രോഗാവസ്ഥകൾ പിടിമുറുക്കിയിരിക്കുകയാണെന്നുമാണ് 54കാരിയായ സാറ പറയുന്നത്. ‘കീമോതെറാപ്പിയുടെ ഭാഗമായി മൂന്നാഴ്ചയിലധികമായി ലണ്ടനിലേക്ക് പോകണം. ഓരോ യാത്രയ്ക്കും £50 വീതം ചിലവാകും. കീമോ ചെയ്യുന്നത് കാരണം ഡ്രൈവ് ചെയ്യാനും കഴിയില്ല, അതുകൊണ്ട് ഭർത്താവ് ഒപ്പം വരണം ‘- സാറാ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ഹീറ്റിങ് അമിത ചാർജ് ഈടാക്കിയാൽ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റുമെന്നും സാറ പറയുന്നു. കുറഞ്ഞ വരുമാനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതിനാൽ വാം ഹോം ഡിസ്കൗണ്ടിന് സാറയ്ക്ക് അർഹതയുമില്ല. എന്നാൽ ഹീറ്റർ ഓൺ ചെയ്യാൻ പോലും ഇങ്ങനെയൊരു അവസ്ഥയിൽ ഭയമാണെന്നും, സമാന്തര ക്രമീകരണങ്ങൾ എന്തെങ്കിലും വേണമെന്നുമാണ് സാറയുടെ ആവശ്യം.
Leave a Reply