ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍ ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജര്‍. ‘‘പ്രവാസിയുടെ വീക്നെസ് ആണ് നൊസ്റ്റാള്‍ജിയ. നാട്ടില്‍ വന്നാല്‍ നാട്ടുഭംഗി ആസ്വദിക്കാന്‍ ഇഷ്ടം കൂടും. യാത്രകള്‍ ചെയ്യും. ഇങ്ങനെയുള്ള യാത്രകള്‍ക്കായി ബ്രാന്‍ഡഡ് ജീപ്പ് വാങ്ങി. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും ഇഷ്ടപ്പെടും. വണ്ടിയുടെ അടുത്തു വന്ന് പലരും ഫൊട്ടോയെടുക്കും. ഫൊട്ടോ എടുക്കരുതെന്ന് പറഞ്ഞാല്‍ അഹങ്കാരിയെന്ന പഴിയും. ഇങ്ങനെ ആരോ എടുത്ത ഫൊട്ടോ ജീവിതം മാറ്റിമറിച്ചു’’. ദിലീപ് നാരായണന്‍റെ വാക്കുകളാണിത്. ആ മാറ്റിമറിച്ച സംഭവം പറയാം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി
നൂറനാട് സ്റ്റേഷനില്‍ നിന്നാണ് വിളി. സംസാരിക്കുന്നത് എസ്.ഐ. ആണ്. വണ്ടിയുമായി നൂറനാട് വന്നിരുന്നോ?. എന്താണ് ജോലി? തുടങ്ങി ഒരു ഡസന്‍ ചോദ്യങ്ങളായിരുന്നു ദിലീപ് നാരായണന്‍റെ ഫോണിലേക്ക് എത്തിയത്.
എന്താണ് കാര്യമൊന്നും മനസിലായില്ല. വണ്ടിയുടെ ഉടമ ആരാണെന്ന് ചോദിച്ചു. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എസ്.ഐ. പറഞ്ഞു. പിന്നാലെ, ചാലക്കുടി പൊലീസ് വീട്ടില്‍ എത്തി. വണ്ടി നോക്കി. തിരിച്ച് നൂറനാട് പൊലീസിനോട് പറയുന്നു. ‘‘വണ്ടി ഇവിടെയുണ്ട്, ആളുമുണ്ട്’’. ദിലീപിന്‍റെ ടെന്‍ഷന്‍ വര്‍ധിച്ചു. സഹോദരിയുടെ പേരിലാണ് വണ്ടി. നമ്പറും സഹോദരിയുടേതാണ്. വില്ലേജ് ഓഫിസറാണ് സഹോദരി. ഉടനെ, സഹോദരിയെ വിളിച്ചു. മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍
നൂറനാട് എസ്.ഐയെ തിരിച്ചുവിളിച്ച ദിലീപിന്‍റെ സഹോദരിയോട് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് ഏതോ ഒരു വീട്ടില്‍ കയറി. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടി പറയുന്നതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കുട്ടി പറയുന്ന വണ്ടിയുടെ നമ്പര്‍ താങ്കളുടേതാണെന്ന് എസ്.ഐ. പറഞ്ഞു. വില്ലേജ് ഓഫിസറുടെ പേരിലുള്ള വണ്ടി. സഹോദരനാകട്ടെ പ്രവാസി മലയാളി. ഇവരുടെ പശ്ചാത്തലം കേട്ട പൊലീസിന് എന്തോ പന്തികേടു തോന്നി. കുട്ടി പറയുന്നത് അപ്പടി ശരിയാണോ?..
ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി പൊലീസും കാര്യങ്ങള്‍ പരിശോധിച്ചു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല. ദീലിപിന്‍റെ കാര്‍ നമ്പറും പറഞ്ഞു. നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. നല്ല ഭംഗിയുള്ള ജീപ്പിന്‍റെ ചിത്രം നവമാധ്യമങ്ങളിലൂടെതന്നെ കുട്ടിയ്ക്ക് കിട്ടിയതായിരിക്കാം.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറഞ്ഞ് കുട്ടി ഓടിക്കയറിയത് ഒരു വീട്ടിലേയ്ക്കായിരുന്നു. അയല്‍പക്കത്തെ ആളുകള്‍ വിവരമറിഞ്ഞ് ഓടിയെത്തി. ഇക്കൂട്ടത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവറും ഉണ്ടായിരുന്നു. കുട്ടിയുടെ വിശദീകരണം കേട്ടപ്പോള്‍ നാട്ടുകാര്‍ ഉണര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉടനെ മൊബൈല്‍ ഫോണെടുത്ത് കുട്ടി പറയുന്നത് മുഴുവന്‍ പകര്‍ത്തി. കൂടെ, അവിടെ നിന്നൊരു ‘ലൈവ് റിപ്പോര്‍ട്ടിങ്ങും’. വീഡിയോ കണ്ടവരെല്ലാം ഫോര്‍വേഡ് ചെയ്തു. വണ്ടിയുടെ നമ്പര്‍ ലോകം മുഴുവന്‍ അറിഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ കയറി ഉടമയുടെ വിലാസമെടുത്തു. പിന്നെ, ഫോണ്‍ നമ്പര്‍ തേടിപിടിച്ചു വിളിയായി. തെറി വിളിച്ചാണ് പലരും തുടങ്ങിയത്. വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പിന്‍മാറി. പക്ഷേ, തെറി മാത്രം കാതില്‍ നിറഞ്ഞു നിന്നു. യൂ ട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക് പേജുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ കുട്ടിയുടെ വിശദീകരണം പാറിപറന്നു. ഓരോ ദിവസവും ദിലീപിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതായിരുന്നു. നാലു ദിവസം ഫോണ്‍ താഴെ വച്ചിട്ടില്ല. ഫോണ്‍ ഓഫാക്കാതെ ഓരോ കോളിനും മറുപടി പറഞ്ഞു.
ജീപ്പുമായി കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വന്നതായിരുന്നു. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ ഉടനെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു. ‘‘താങ്കള്‍ എവിടേയ്ക്കാണ് പോകുന്നത്. എന്താണ് വിലാസം… തുടങ്ങി വീണ്ടും ചോദ്യംചെയ്യല്‍’’. ദിലീപ് സഹികെട്ട് പറഞ്ഞു. ‘‘വ്യാജ വാര്‍ത്തയാണ് പരക്കുന്നത്. ചാലക്കുടി ഡിവൈ.എസ്.പി:സി.ആര്‍.സന്തോഷിനെ വിളിക്കൂ. അല്ലെങ്കില്‍ നൂറനാട് പൊലീസിനെ വിളിക്കൂ’’. കാര്യം മനസിലാക്കിയ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെസേജുകള്‍ പ്രവഹിച്ചു. വണ്ടി തടയരുത്. സന്ദേശം വ്യാജമായിരുന്നു.
വണ്ടി ഒളിപ്പിച്ചു
ജീപ്പുമായി ഒരുപാട് യാത്രകള്‍ ദിലീപും കുടുംബവും ആസൂത്രണം ചെയ്തിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തട്ടിക്കൊണ്ടുപോകല്‍ സന്ദേശം എത്തിയിട്ടുണ്ട്. എവിടെ പോയാലും അടിയും ഭീഷണിയും ഉറപ്പാകും. ഇനി, അതല്ല പ്രശ്നം. ഈ വ്യാജ വാര്‍ത്ത ഇടവേളയ്ക്കു ശേഷം വീണ്ടും പരക്കും. പലരും പുതിയതാണെന്ന് ചിന്തിച്ച് വീണ്ടും ഫോര്‍വേഡ് ചെയ്യും. ജീവിതം മുഴുവന്‍ വ്യാജ വാര്‍ത്തയോട് പടപൊരുതി ജീവിക്കേണ്ട അവസ്ഥ. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത ഇപ്പോഴും പിന്‍വലിക്കാത്ത ഫെയ്സ്ബുക്, യു ട്യൂബ് പേജുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
Leave a Reply