കോഴിക്കോട്: കോഴിക്കോട് വിമന്‍സ് കോളേജില്‍ മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് വിലക്കേര്‍പ്പെടുത്തി. രക്ഷിതാക്കളുടെ അനുവാദമില്ലാതെ അന്യമതത്തിലുള്ളയാളെ വിവാഹം കഴിച്ച നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നീരജയ്ക്കാണ് പഠിക്കാനുള്ള അവകാശം കോളേജ് അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.
നീരജയും ഭര്‍ത്താവായ മുഹമ്മദ് റമീസും വ്യാഴാഴ്ച കോളേജില്‍ എത്തിയപ്പോഴാണ് കോളേജ് അധികൃതര്‍ കോളേജില്‍ നിന്ന് നീരജയെ പുറത്താക്കിയ വിവരം അറിയുന്നത്. മാതാപിതാക്കളെ ധിക്കരിച്ച് മിശ്രവിവാഹിതയായ പെണ്‍കുട്ടി കോളേജില്‍ പഠിക്കുന്നത് അപമാനകരമാണെന്ന് വൈസ് പ്രിന്‍സിപ്പിള്‍ നീരജയോടും ഭര്‍ത്താവിനോടും പറഞ്ഞു. കോളേജില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം.
എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ കോളേജ് പ്രിന്‍സിപ്പിളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്.