ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോ സർവകലാശാലയിലെ ജിയോഗ്രഫി വിദ്യാർത്ഥിയായിരുന്ന ഈഥൻ ബ്രൗൺ (23) പഠനം പൂർത്തിയാക്കിയിട്ടും ബിരുദം ലഭിക്കില്ലെന്ന തെറ്റായ വിവരം ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024 ഡിസംബറിൽ ബിരുദദാന ചടങ്ങ് നടക്കേണ്ട ദിവസമാണ് ഈഥൻ ജീവൻ ഒടുക്കിയത്. സർവകലാശാല നൽകിയ ഗ്രേഡിങ്ങിലെ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
2024 സെപ്റ്റംബർ മാസത്തിലാണ് സർവകലാശാലയിൽ നിന്ന് ഈഥന് ഒരു വിഷയത്തിനും ഗ്രേഡ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ബിരുദത്തിന് അർഹനല്ലെന്നും അറിയിച്ചത്. പിന്നീട് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈഥൻ ഹോണേഴ്സ് ഡിഗ്രിക്ക് അർഹനാണെന്നും തെറ്റായ ഗ്രേഡ് നൽകിയതാണ് സംഭവത്തിന് കാരണം എന്നും കണ്ടെത്തി. രണ്ട് ആഭ്യന്തര പരീക്ഷാ ബോർഡുകളും ഒരു ബാഹ്യ പരീക്ഷാ ബോർഡും ഉൾപ്പെടെ ആർക്കും പിഴവ് കണ്ടെത്താനായില്ല.
യൂണിവേഴ്സിറ്റി ആണ് എൻ്റെ മകന്റെ മരണത്തിന് കാരണമെന്ന് ഈഥന്റെ അമ്മ ട്രേസി സ്കോട്ട് ആരോപിച്ചു . അക്കാദമികമായും മാനസികാരോഗ്യ പിന്തുണ നൽകുന്നതിലും സർവകലാശാല പരാജയപ്പെട്ടു എന്ന് അവർ കൂട്ടിച്ചേർത്തു. മകന്റെ മരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ വീഴ്ചയാണ് എന്നും അവർ പറഞ്ഞു. സംഭവത്തിൽ ആഴത്തിലുള്ള ഖേദം പ്രകടിപ്പിച്ച സർവകലാശാല അധികൃതർ, ഇതൊരു പ്രത്യേക സംഭവമാണെന്നും മറ്റേതെങ്കിലും വിദ്യാർത്ഥിക്ക് ഇത്തരമൊരു പിഴവ് സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സർവകലാശാലയുടെ വൈസ് ചാൻസലർ കുടുംബത്തെ നേരിൽ കണ്ടു സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
Leave a Reply