ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹമാസിനെ പിന്തുണച്ച് പ്രസംഗം നടത്തിയ വിദ്യാർത്ഥി യൂണിയൻ വനിതാ ഓഫീസർക്ക് യുകെ വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ വിചാരണ നേരിടുന്നതു വരെയാണ് വിലക്ക്. അതുവരെ 22 വയസ്സുകാരിയായ ഹനിൻ ബർഗൂത്തി എല്ലാദിവസവും അവളുടെ വിലാസത്തിൽ തന്നെയായിരിക്കണം താമസിക്കുന്നത് എന്ന കർശന നിർദേശമാണ് പോലീസിന്റെ ഭാഗത്തുനിന്നും നൽകിയിരിക്കുന്നത്.
കഴിഞ്ഞദിവസം വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിൽ ബർഗൂത്തി പോലീസിന്റെ ആരോപണങ്ങൾ നിരസിച്ചിരുന്നു . എന്നാൽ അവളുടെ വാദങ്ങളെ തള്ളിയ കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്താരാഷ്ട്ര യാത്രകൾക്കായി ശ്രമിക്കരുത് , പോലീസിൽ നൽകിയിരിക്കുന്ന മൊബൈൽ ഫോൺ അല്ലാതെ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് ജാമ്യം അനുവദിക്കുന്നതിനുള്ള പ്രധാന ഉപാധികൾ .
ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാകുന്നതു വരെയാണ് വ്യവസ്ഥകളോടെ ചീഫ് മജിസ്ട്രേറ്റ് പോൾ ഗോൾഡ്‌സ്‌പ്രിംഗ് ജാമ്യം അനുവദിച്ചത്. ഹനിൻ ബർഗൂത്തി ക്രിമിനൽ ആണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഒന്നും എടുക്കുന്നില്ലെങ്കിലും വിശദമായ വാദം കോടതി കേട്ടതിനു ശേഷം തുടർനടപടികൾ വ്യക്തമാക്കുമെന്നാണ് ജഡ്ജി അവളോട് പറഞ്ഞത്. ഇസ്രയേൽ – ഹമാസ് സംഘർഷം യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. പാലസ്തീൻ അനുകൂല റാലിയിൽ കഴിഞ്ഞ ആഴ്ച മൂന്നുലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേൽ വെടി നിർത്തണമെന്ന് ആവശ്യപ്പെടുന്ന കാര്യത്തിൽ എംപിമാരുടെ ഇടയിൽ തന്നെ രണ്ടു പക്ഷമുണ്ട്. ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ഇസ്രയേൽ അനുകൂല നിലപാടിനോട് കടുത്ത എതിർപ്പാണ് സ്വന്തം പാർട്ടിയിൽ നിന്നും ഉയർന്നുവന്നിരിക്കുന്നത്.
Leave a Reply