ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
9000 പൗണ്ടാണ് യൂണിവേഴ്‌സിറ്റികളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്. മുന്‍കൂറായി ഈ തുക നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്‍ക്ക് തങ്ങള്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരാതികളും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
14 ദിവസത്ത ലെക്ചറുകള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്, മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ജോര്‍ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള്‍ നല്‍കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിട്ടയര്‍മെന്റിനു ശേഷം പ്രതിവര്‍ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണത്തിനെതിരെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.
Leave a Reply