വാഷിംഗ്ടണ്‍: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്തലൈസര്‍ പരിശോധനയാണല്ലോ ആദ്യം നടത്തുന്നത്. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലോകത്തെല്ലായിടത്തും പോലീസിന്റെ ആയുധവും ഇതു തന്നെ. സാധാരണ മദ്യപിച്ചവരുടെ ഉച്ഛ്വാസ വായുവിലെ ആല്‍ക്കഹോള്‍ അംശമാണ് ഇത് കണ്ടെത്താറുള്ളത്. അന്തരീക്ഷ വായുവിലെ ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ ചരിത്രം ഒരു ബ്രെത്തലൈസറിനും അവകാശപ്പെടാനുമില്ല. പക്ഷേ അമേരിക്കയിലെ മോണ്ട്‌ഗോമറിയില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മദ്യപാന പാര്‍ട്ടിയില്‍ ഈ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി നടത്തിയ വീടിനുള്ളിലെ വായുവില്‍ പോലീസിന്റെ ഒരു ബ്രെത്തലൈസര്‍ കണ്ടെത്തിയത് 0.01 ശതമാനം ആല്‍ക്കഹോള്‍ ആയിരുന്നത്രേ! 70ഓളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ഇടപെട്ട പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബ്രെത്തലൈസറിന്റെ ഈ കണ്ടുപിടിത്തം. നവംബര്‍ മധ്യത്തിലാണ് ടെക്കില ട്യൂസ്‌ഡേ എന്ന പേരില്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടി ശല്യമായിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും മോണ്ട്‌ഗോമറി കൗണ്ടി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ഒരു അമേരിക്കന്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു മദ്യപാന പാര്‍ട്ടി നടത്തിയത്. സിഗ്മ ആല്‍ഫ എപ്‌സിലോണ്‍ ഫ്രറ്റേണിറ്റി എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. സംഭവത്തില്‍ വാടക വീട്ടിലെ താമസക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിനുമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3,15,000 ഡോളര്‍ പിഴ ഇവര്‍ നല്‍കേണ്ടി വരും. വീട്ടിനുള്ളില്‍ ഒട്ടേറെ ഒഴിഞ്ഞ കുപ്പികളും ക്യാനുകളും നിരന്നു കിടക്കുന്നതാണത്രേ പോലീസ് കണ്ടത്. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഒരാള്‍ വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് ചാടിയതായും വിവരമുണ്ട്.
Leave a Reply