ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മൂന്ന് മാസം മുൻപ് ലൂട്ടണിൽ എത്തിയ മലയാളി വിദ്യാർത്ഥിനികൾ നേരിട്ടത് സമാനതകളില്ലാത്ത തട്ടിപ്പ്. താമസസ്ഥലം ശരിയാക്കി തരാം എന്ന വ്യാജേന മലയാളിയായ ഏജന്റ് തന്നെയാണ് മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയത്. കോഴിക്കോട് സ്വദേശി അസ്മത്ത്, പാലക്കാട് സ്വദേശി അഖില, ആലപ്പുഴ സ്വദേശി സുൽഫി എന്നിവർ ചേർന്ന് 60,000 രൂപയാണ്(ഏകദേശം 600 പൗണ്ട്) ഏജന്റിന് കൈമാറിയത്. കടം മേടിച്ചും മറ്റും വലിയ തുക മുടക്കിയാണ് യുകെയിൽ പഠനത്തിനായി എത്തിയതെന്നും ദൈനംദിന ചിലവുകൾ പോലും നിറവേറ്റാൻ കഴിയുന്നില്ലെന്നും, അതിനാൽ പണം തിരികെ വേണമെന്നുമാണ് മൂവരുടെയും ആവശ്യം.
ലൂട്ടണിലെ ഹെർട്ട്‌ഫോർഡ്‌ഷെയർ സർവകലാശാലയിൽ പ്രവേശനം നേടിയ മൂന്നു വിദ്യാർത്ഥിനികൾ യുകെയിൽ എത്തുന്നതിനു മുൻപാണ് ഏജന്റിന് പണം നൽകിയത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് ചതിവ് മനസിലായതെന്നും, പണം തിരികെ ആവശ്യപ്പെട്ട് അയാളെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്നും, എടുത്താൽ തന്നെ പകുതി പണം തിരികെ തരാൻ ശ്രമിക്കാമെന്നുമാണ് ഭാഷ്യം. സാഹചര്യങ്ങൾ മോശം ആയതിനാൽ പണം തിരികെ ലഭിക്കാതെ പറ്റില്ലെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
എന്നാൽ ഏജന്റിനെ വിളിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്ന് വിദ്യാർത്ഥിനിയായ അസ്മത്ത് പറയുന്നു. ജനുവരി 6 -ന് ഏജന്റിനെ വിളിച്ചപ്പോൾ, തെറിയും അതിനോടൊപ്പം കൊല്ലുമെന്ന് ഭീഷണിവരെ ഉയർത്തി. ജീവനോടെ നാട്ടിലേക്ക് മടങ്ങില്ലെന്നും, ശവപ്പെട്ടി മേടിക്കേണ്ടി വരുമെന്നും അവർ ഭീഷണിയുയർത്തി. അയാളുടെ ആളുകൾ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും വിദ്യാർത്ഥികൾ ചൂണ്ടികാട്ടുന്നു. സംഭവത്തെ തുടർന്ന് അസ്മത്ത് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Leave a Reply