വീടിന് നൂറ് മീറ്റർ അകലെയുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നും സുബീറ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 42 ദിവസമായി വീടും നാടും കാത്തിരിക്കുകയായിരുന്നു ഫർഹത്തിന്റെ തിരിച്ചുവരവിനായി. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റ് രൂപീകരിച്ച് പ്രതിഷധേവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാണാതായി 43ാമത്തെ ദിവസം പോലീസ് അന്വേഷണസംഘം എല്ലാപ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ട് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിലാണ് ചെങ്കൽ ക്വാറിയിലാണ് കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെടുത്തിയിരിക്കുന്നത്. പ്രതി കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) പോലീസ് പിടികൂടിയിട്ടുണ്ട്.

ഇയാൽ യുവതിയുടെ അയൽവാസി കൂടിയാണ്. സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും അൻവറിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 10നാണ് വെട്ടിച്ചിറയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ഫർഹത്തിനെ കാണാതായത്. ഇന്നേദിവസം തന്നെ അയൽക്കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു എന്നാണ് മൊഴി. ജോലി സ്ഥലത്തേക്ക് പോവാനായി ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകവെ ഫർഹത്തിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടതോടെയാണ് സംശയം തോന്നിയത്. ഇക്കാര്യം പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇരുട്ടായതോടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്. മൃതദേഹം അഴുകിയനിലയിലായതിനാൽ ബുധനാഴ്ച ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്‌മോർട്ടമുൾപ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കും.